അവനവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു. കവിളിലും കണ്ണിലും മാറി മാറി ചുണ്ടമർത്തി.
“ഏട്ടനെ വിട്ടു ഞാൻ എങ്ങോട്ടും പോവില്ലായിരുന്നു. ഞാൻ ജനിച്ചപ്പോൾ മുതൽ ഏട്ടനെന്റെ കൂടെയുണ്ട്. മരിക്കും വരെ അങ്ങനെ തന്നെ വേണം.”
“നിനക്ക് മുന്നേ ഞാൻ കാഞ്ഞു പോവും.” പറഞ്ഞു നിർത്തിയതേ ഓർമയുണ്ടായിരുന്നുള്ളൂ.. ചുണ്ടിൽ നല്ലൊരു വേദനയും നീറ്റലും ഒന്നിച്ചറിഞ്ഞു വിഷ്ണു.
“ഊഫ്.. എന്തുവാടി.” നെറ്റി ചുളിച്ച് ചുണ്ട് പൊതിഞ്ഞു പിടിച്ചു വിഷ്ണു.
അവൾ ഞൊട്ടിയതാണ്. തനിക്ക് വേദനിച്ചിട്ടും ദേഷ്യത്തോടെ തന്നെയാണ് നോക്കുന്നത്.
“മേലാൽ ഇങ്ങനെ സംസാരിക്കരുത്.”
അവളുടെ ശാസന കേട്ടിട്ടും വിഷ്ണു അങ്ങോട്ട് നോക്കിയില്ല. കീഴ്ച്ചുണ്ട് പല്ലിൽ തട്ടിയ ഭാഗം നോവുന്നുണ്ട്. അവൻ എഴുന്നേറ്റിരുന്ന് ചുണ്ട് വലിച്ച് നീട്ടി മുറിഞ്ഞിട്ടുണ്ടോ എന്ന് കണ്ണു താഴ്ത്തി നോക്കി.
അത് കണ്ടപ്പോൾ പൂജയ്ക്കും പാവം തോന്നി.
“നോക്കട്ടെ” അവൾ ഒപ്പമെഴുന്നേറ്റ് അവന്റെ തല പിടിച്ചു തിരിക്കാനൊരു ശ്രമം നടത്തി.
“വേണ്ട.”
“നോക്കട്ടെ ഏട്ടാ.. വേണ്ടാതീനം പറഞ്ഞിട്ടല്ലേ..”
“ഞാനാണ് നിനക്ക് മൂത്തതെന്ന് നീ മറന്നു പോവുന്നുണ്ട്. എന്തെങ്കിലും പറഞ്ഞാ അവളുടനെ എന്റെ അപ്പനാവാൻ നടക്കുവാ..”
“അപ്പനല്ല, ഭാര്യയാ.. ഭാര്യയ്ക്ക് ഇതൊക്കെ ആവാം. മറന്നു പോയോ?” അവന്റെ പിന്നിലൂടെ പുണർന്നു കൊണ്ട് കാതരുകിൽ ചോദിച്ചപ്പോൾ വിഷ്ണു തണുത്തു.
“എന്റെ പൊന്ന് വാ..” അവളാ ഇരിപ്പിൽ കൈ നീട്ടി.