” എന്താ “. അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു.
” അല്ല . കൊട ഉണ്ടാവോ കയ്യില് ?”
” സാരമില്ല ചാറ്റൽ മഴയല്ലേ ഉള്ളു. ” അമ്മ പുറത്തിറങ്ങി ഡോർ അടച്ചു.
ഞാൻ പുറത്തിറങ്ങി . അയാൾ എന്നേയും അമ്മയേയും മാറി മാറി നോക്കുന്നുണ്ട്.
ഞങ്ങൾ കടക്കകത്തേക്ക് നടന്നു . വീടിൻ്റെ മുറ്റത്ത് തന്നെയാണ് ഹോട്ടൽ . പരിസരത്ത് നിന്ന് ചീവിടുകളുടേയും പേരറിയാത്ത പക്ഷികളുടേയുമൊക്കെ ശബ്ദം മുഴങ്ങുന്നുണ്ട്.
ഹോട്ടലിൻ്റെ ഉള്ളിൽ ലൈറ്റുണ്ട്. ഇൻവെർട്ടറാണ്.
അകത്ത് യൂണിഫോമിൽ രണ്ട് ഫോറസ്റ്റ് ജീവനക്കാർ ഇരുന്നു ഭക്ഷണം കഴിക്കുന്നു മദ്ധ്യ വയസ്സ് പിന്നിട്ടവരാണ്..കഞ്ഞിയും കപ്പയും മീനും .പിന്നെ മാങ്ങാ അച്ചാറും മുളക് പപ്പടം ചുട്ടതും,. അവർ ഞങ്ങളെ കണ്ട് ഒന്ന് അമ്പരന്നു . ആ നേരത്ത് അത് പോലൊരു സ്ഥലത്ത് അവർ പ്രതീക്ഷിച്ചിരുന്നില്ല. ഫോറസ്റ്റുകാർ ഭക്ഷണം കഴിച്ച് തീരാറായിരുന്നു രാമൻ അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി.
” ഇവിടുത്തെ ഫോറസ്റ്റ് ഗാർഡുമാരാ .ജോൺ സാറും ബഷീർ സാറും .” രണ്ട് പേരും ഞങ്ങളെ നോക്കി ചിരിച്ചു .
” ഞാൻ റോയ്. ഇതെൻ്റെ അമ്മ ‘”‘അമ്മ അവരെ നോക്കി ചരിച്ചു കൊണ്ട് സ്വയം പരിചയപ്പെടുത്തി.
“പ്രമീള ”
“ഈ സമയത്ത് ഈ വഴി കുറച്ച് റിസ്ക്ക് ആണ് ട്ടോ. . ആനത്താരയാണ് . രാത്രി ഏഴ് കഴിഞ്ഞാൽ അവരുടെ സമയാ ” ബഷിർ ഭക്ഷണം കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
“വേഗം ഭക്ഷണം കഴിച്ച് തിരിച്ച് പോകുന്നതാ നല്ലത്. ” ജോൺ മുന്നറിയിപ്പ് തന്നു.
ഫോറസ്റ്റ് കാരുടെ വായിൽ നിന്ന് അത് കേട്ടപ്പോൾ എനിക്ക് കാലിൽ നിന്ന് ഭയം ഉച്ചന്തല വരെ അരിച്ചുകയറി .ഞാൻ അമ്മയെ നോക്കി. അവിടെ ഒരു കൂസലും ഇല്ല. അവർ രണ്ടുപേരും ഭക്ഷണം കഴിഞ്ഞ് . വലിയ ടോർച്ചുകളും തോക്കുകളും വാക്കിടോക്കിയുമെടുത്ത് യാത്ര പറഞ്ഞ് ഇറങ്ങിപ്പോയി.
ഞങ്ങൾ ഇരുന്നു. രാമേട്ടൻ കഴുകിയ രണ്ടു പുതിയ വാഴയിലകൾ ഞങ്ങളുടെ മുന്നിൽ വെച്ചു. എന്നിട്ട് അകത്തേത് നോക്കി വിളിച്ചു പറഞ്ഞു.
” ലീലേ . ഒക്കെ ഇങ്ങട് എടുത്താളു “.
” ഫോറസ്റ്റുകാര് പറഞ്ഞത് നേരാന്നോ “? അമ്മ വാഴയിലയിലെ വെള്ളം തുടച്ചു കളഞ്ഞു കൊണ്ട് ചോദിച്ചു.
” ആനയിറങ്ങണ കാര്യല്ലേ? അത് ഒന്നും ഒറപ്പ് പറയാൻ പറ്റില്ല. കഴിഞ്ഞ ദിവസം നിങ്ങടെ കാറ് ഇട്ടിരിക്കണ സ്ഥലത്ത് നിക്കണു ഒരുത്തൻ ! ”
ഞാനും അമ്മയും ഞങ്ങടെ ചെക്കൻ നിക്കുന്ന ഭാഗത്തേക്ക് ഒരേസമയം നോക്കിപ്പോയി .
” MT 5 .ഒറ്റയാനാ ” .
പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് ഞാനും അമ്മയും വാതിൽക്കലേക്ക് നോക്കി. രണ്ട് കൈകളിലും പാത്രങ്ങളുമായി മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു യുവതി.
” ഭാര്യയാണ്. ലീല. ഗുരുവായൂരാണ് വീട്. ” . അമ്മ ലീലയെ നോക്കി ചിരിച്ചു ലീലയും . നല്ല ഭംഗിയുണ്ട് ലീലക്കും ലീലയുടെ ചിരിക്കും പിന്നെ മൊത്തത്തിലും . ഒരിക്കലും തമ്മിൽ ചേരാൻ പാടിലാത്തത്ര വൈരുദ്ധ്യങ്ങളുണ്ട് ലീലയും രാമനും തമ്മിൽ . പ്രായം തന്നെയാണ് അതിൽ പ്രധാനം.