” ഇതൊക്കെ ശ്രദ്ധിച്ചോണ്ടിരുന്നാണോ ഡ്രൈവ് ചെയ്യുന്നേ”.
” റോയി പറ ” അമ്മ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും ചോദിച്ചു.
” ഡ്രിങ്ക് ‘! …..അമ്മയുള്ളതോണ്ട് വേണ്ടല്ലോ എന്ന് . ഒരു ഫുള്ള് റം ഉണ്ട് പോലും. എതോ വില കുറഞ്ഞ സാധനം! . അതാ വേണ്ടാന്ന് പറഞ്ഞേ. പുറകില് ജിന്നും ടോണിക്കും കിടപ്പുണ്ട്. വേണേൽ “. ഞാൻ പറഞ്ഞു.
” അയാളെ നിരാശപ്പെടുത്തണ്ടായിരുന്നു റോയ്. ഒന്നുമില്ലേലും ഈ രാത്രിയിലും മഴയിലും അയാൾ നമുക്ക് വേണ്ടി എന്തെല്ലാം വെച്ചുണ്ടാക്കി. കൂടെ ഇതും കരുതി. നമ്മള് വാങ്ങുമെന്ന പ്രതിക്ഷയിലാവും ചോദിച്ചത് ” .
ഞാനൊന്നും മിണ്ടിയില്ല. ചില ദിവസങ്ങളിൽ അമ്മ വളരെ ഫിലോസഫിക്കലാവും. ആ ദിവസം ഓവർ ഇമോഷണലുമാവും . ഇന്നും ഞാൻ എൻ്റെ അമ്മയുടെ മനസ്സെന്താണെന്ന് പൂർണ്ണമായി മനസ്റ്റിലാക്കിയിട്ടില്ല. അതിന് കഴിയുമെന്നും തോന്നുന്നില്ല. പൂന്തോട്ടത്തിൽ പാറി നടക്കുന്ന ചിത്രശലഭത്തെ പോലെയാണ് അമ്മയുടെ മനസ്സ് എന്ന് തോന്നിയിട്ടുണ്ട്. അതങ്ങിനെ അങ്ങുമിങ്ങും എങ്ങോട്ടെന്നില്ലാതെ പാറി നടക്കും . കുറെ പാറികഴിഞ്ഞ് ഏതെങ്കിലും ഒരു പൂവിലിരിക്കും. പിടിക്കാനായി നമ്മൾ അടുത്ത് എത്തുമ്പോഴേക്കും പിടിതരാതെ വീണ്ടും പറക്കും. മഴശലഭങ്ങൾ വിൻഡ്ഷീൽഡിൽ വന്ന് ഇടിച്ചു. ചിലത് തെറിച്ച് പ്പോയി. ഗ്ലാസ്സിൽ പറ്റിയിരുന്നതിനെ വൈപ്പർ ബ്ലേഡുകൾ തുടച്ച് കളഞ്ഞു.
–YOU HAVE REACHED YOUR DESTINATION – പെട്ടെന്ന്
ഗൂഗിൾ മാപ്പിൽ നിന്ന് അറിയിപ്പ് വന്നു.
അമ്മ വണ്ടി നിർത്തി. ഹെഡ് ലൈറ്റ് ഓഫ് ചെയ്തില്ല. മഴ വീണ്ടും ശക്തമായി പെയ്യാൻ തുടങ്ങി. മുന്നിൽ ഇരുവശത്തേക്കും പോകുന്ന റോഡ്’ . വലത് വശത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ പച്ചയും ചുവപ്പും കലർന്ന ബോർഡ് . വണ്ടിയുടെ വെട്ടത്തിൽ കണ്ടു.
KERALA FOREST AND WILDLIFE DEPARTMENT
ENTRY OF VEHICLES PROHIBITED
AFTER 4 PM
Divisional Forest Office, Malayattoor.
“റോയ് അയാളെ ഒന്ന് വിളിക്ക് . എങ്ങോട്ടാ തിരിയണ്ടേ എന്ന് ചോദിക്ക് ” . അമ്മ ഹെഡ് ലൈറ്റ് ഡിമ്മാക്കി കൊണ്ട് പറഞ്ഞു. ഞാൻ ഫോൺ എടുത്തു .സിഗ്നൽ തീരെ കുറവാണ്. പെട്ടെന്ന് രാമൻകുട്ടിയുടെ കോൾ വന്നു ഞാൻ ഫോൺ എടുത്തു ” സാറേ എനിക്ക് വണ്ടി കാണാം . അവിടുന്ന് ഇടത്തോട്ട് തിരിഞ്ഞാലുടനെ വലതു കാണുന്ന ആദ്യത്തെ വീടാ.ഞാൻ പുറത്ത് നിപ്പൊണ്ട് ” .
“ഓക്കേ ” ഞാൻ ഫോൺ കട്ട് ചെയ്തു അമ്മയോട് ഇടത്തേക്ക് എന്ന് ആംഗ്യം കാണിച്ചു. അമ്മ വണ്ടി ഇടത് റോഡിലേക്ക് തിരിച്ചു . ഗിയർ മാറ്റുന്നതിനു മുമ്പേ കാലൻ കുടയും ചൂടി കയ്യിലൊരു വലിയ ടോർച്ചുമായി വഴിയിലിറങ്ങി നിൽക്കുന്ന അയാളെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കണ്ടു .എൻ്റെ മനസ്സിലുണ്ടായിരുന്ന രൂപത്തിന് നേർവിപരീതമായിരുന്നു രാമൻ കുട്ടി. വെളുത്ത് മെലിഞ്ഞ ഒരു അമ്പത്കാരൻ . ഏതോ അമ്പലത്തിലെ പൂജാരിയെ ഓർമ്മിപ്പിക്കുന്ന ശരീരഭാഷയും മുഖഭാവവും . അയാൾ കാറ് ഒതുക്കിയിടാൻ റോഡിൻ്റെ ഇടത് വശത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൈവീശി കാണിച്ചു. അമ്മ അങ്ങോട്ട് വണ്ടി നീക്കിയിട്ട് എഞ്ചിൻ ഓഫ് ചെയ്തു. അമ്മയിരുന്ന ഭാഗത്തെ വിൻഡോ ഗ്ലാസ്സിൽ അയാൾ ഒന്ന് തട്ടി .അമ്മ ഗ്ലാസ്സ് താഴ്ത്തി. ഡ്രൈവിംഗ് സീറ്റിൽ എന്നെ പ്രതീക്ഷിച്ച അയാൾ അമ്മയെ കണ്ടപ്പോൾ പരുങ്ങി . പറയാൻ വന്നത് മറന്നു.