കൂടെ നടന്ന റസിയയും ചിരിച്ചു.
“നീ എന്താടി ഒരു സന്തോഷമില്ലാത്ത പോലെ…എത്ര നാള് കൊതിച്ചിട്ടാടി ഒരൂസം കിട്ടിയേ…”
അനില മൗനിയായി നടന്ന മൃദുലയെ നോക്കി ചോദിച്ചു.
“എനിക്ക് വീട്ടിൽ പോവണ്ടടി…ക്ലാസ്സിൽ ആണേൽ കുറച്ചു സമാധാനം എങ്കിലും കിട്ടിയേനെ ഇതിപ്പോ വീട്ടിൽ ചെന്നാൽ അപ്പൊ തുടങ്ങും അമ്മ ഓരോ ജോലി ചെയ്യിക്കാൻ,…എന്നിട്ട് എന്തേലും കുഴപ്പം കണ്ടുപിടിച്ചു തുട പൊട്ടിച്ചു തല്ലും തരും, വീട് കാണുമ്പോഴേ എനിക്കിപ്പോൾ പേടിയ…”
“നിന്റെ അമ്മയ്ക്ക് എന്താ ഇത്ര ദേഷ്യം….ഒന്നു നേരാം വണ്ണം ചിരിക്കുന്നതുപോലും ഞങ്ങളാരും കണ്ടിട്ടില്ല, ഞങ്ങളെയൊന്നു നേരെ മര്യാദയ്ക്ക് നോക്ക പോലും ഇല്ല…”
അനില മൃദുലയോട് പരാതി പറഞ്ഞു.
“സ്വന്തം മോളെ പോലും ഇഷ്ടല്ല…പിന്നാ അയലോക്കത്തു എന്നും അടി നടത്തുന്ന ബിന്ദൂന്റെ മോളായാ നിന്നെ…”
മൃദുല പുച്ഛിച്ചു പറഞ്ഞു നടക്കുമ്പോഴും, എന്നും ക്ലാസ് കഴിഞ്ഞു വൈകിട്ട് കിട്ടാറുള്ള തല്ല് ഇന്ന് ഉച്ച മുതലേ വാങ്ങി കൂട്ടാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്നു ആലോചിക്കുകയായിരുന്നു.
“നിഷയ്ക്കാണ് ഇന്ന് കോളടിച്ചത്, ഇന്നവൾ ക്ലാസ്സിൽ വന്നേ ഇല്ല…രാവിലെ മുതൽ ഫ്രീ ആയി….അവൾക്കെന്തു പറ്റിയാവോ..”
റസിയ പറഞ്ഞതുകേട്ട മൃദുലയുടെ മനസ്സിൽ ഒരു വെട്ടം മിന്നി.
“ഇന്നലെ പോകും വരെ ഇന്ന് വരില്ലെന്നൊന്നും അവള് പറഞ്ഞില്ല…”
അനില പറയുന്നത് കേട്ട മൃദുല തലയിൽ മറ്റൊരു പ്ലാൻ ഉണ്ടാക്കുകയായിരുന്നു.
നടന്നു ആദ്യം റസിയയും പിന്നീട് അനിലയും പോയതോടെ തങ്ങളുടെ പറമ്പ് തൊടാതെ അവൾ ഇടവഴി കേറി സാവിത്രിയുടെ പറമ്പിന്റെ അതിരിലെത്തി. നിഷയുടെ അമ്മയാണ് സാവിത്രി.