ഓടിപ്പോയി അടുക്കളയിൽ നോക്കിയപ്പോൾ അവിടെ ശ്രീവിദ്യയെ കണ്ട മൃദുലയുടെ കിതപ്പ് നേരെയായി.
‘അമ്മ ഇവിടെയൊന്നും അല്ലെന്ന് അവൾക്ക് തോന്നി, ജനലിലൂടെ നോക്കി ആലോചിച്ചു കൊണ്ടു നിൽപ്പാണ്, അടുപ്പിൽ അരി തിളച്ചു തൂവുന്നതൊന്നും അറിയാതെ ഈ ലോകത്തില്ലാതെ നിൽക്കുന്ന അമ്മയെ അവൾ ഒന്നു നോക്കി, നയ്റ്റി മാറി മറ്റൊന്ന് ഉടുത്തിട്ടുണ്ട്, കുളിച്ചിട്ടും ഉണ്ട്.
“’അമ്മ ഇതെവിടെയ….കഞ്ഞി തിളച്ചു ദേ പോണ്….”
പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിയ മൃദുലയുടെ സ്വരം കേട്ടു അവൾ ഞെട്ടി,
തുണിപിടിച്ചു കലം മാറ്റി മൃദുല ഓരോന്ന് പറയുമ്പോഴും ശ്രീവിദ്യ മനസ്സ് വേറെങ്ങോ ഉള്ള പോലെ നിൽക്കുന്നത് കണ്ട മൃദുല അമ്മയുടെ തോളിൽ പിടിച്ചൊന്നു കുലുക്കി.
“’അമ്മേ….ഞാൻ പറയുന്നത് എന്തേലും കേൾക്കുന്നുണ്ടോ…”
“ങേ…എന്താ….”
പെട്ടെന്ന് ഞെട്ടിയ പോലെ ശ്രീവിദ്യ മൃദുലയെ നോക്കി.
“ഓ…എന്നെ എന്താ ഇന്ന് വിളിക്കാന്നെ…”
“ങേ…അത്,…ഇന്ന് ക്ലാസ്സില്ലല്ലോ, ഉറങ്ങിക്കോട്ടെ ന്നു കരുതി…”
അത്രയും പറഞ്ഞു വേറൊന്നും കേൾക്കാൻ നിൽക്കാതെ ശ്രീവിദ്യ ഇറങ്ങിപോയപ്പോൾ ഈവട്ടം ഞെട്ടിയത് മൃദുലയായിരുന്നു.
അഞ്ചു മിനിറ്റു വൈകിയാൽ ചൂരലിന് തല്ലുന്ന അമ്മ തന്നെ ഉറങ്ങാൻ വിട്ടു എന്നത് തലക്കടി കിട്ടിയ പോലെ മൃദുലയെ അടുക്കളയിൽ നിർത്തി, ബോധം വന്നപ്പോൾ അമ്മയെ നോക്കിയെങ്കിലും അവിടെ കണ്ടില്ല,…
ഏട്ടനെ തിരക്കി ചെന്നപ്പോൾ ആളും ഇല്ല.
ഏട്ടന്റെ കൈകോട്ടും തൂമ്പയും കാണാത്തത് കൊണ്ട് ആള് പോയെന്ന് മൃദുവിന് മനസിലായി.
ഇന്നലെ ഏട്ടൻ ചെയ്ത കാര്യം കൊണ്ടാണോ അമ്മയ്ക്ക് ഈ മാറ്റം എന്നാലോചിച്ചു മൃദുലയ്ക്ക് അമ്പരപ്പായിരുന്നു, സാവിത്രി പറഞ്ഞെതെല്ലാം സത്യം തന്നെയാണെന്നു തോന്നി.