പക്ഷെ ചോദിച്ചില്ല.
മൃദുല ഏട്ടനെ നോക്കുമ്പോൾ എല്ലാം കാര്യമായി എന്തോ ആലോചിക്കുന്നത് കണ്ട അവളും മിണ്ടിയില്ല.
പാത്രം കഴുകി ഒരു ദിവസത്തോട് വിട ചൊല്ലി മൃദുലയും ശ്രീവിദ്യയും ഉറങ്ങാനായി മുറിയിലേക്കും അഭി നടുമുറിയിലെ കയറു കട്ടിലിലേക്കും ചാഞ്ഞു.
എല്ലാവരും ഉറക്കത്തിനായി കാത്തിരുന്നെങ്കിലും ആരെയും ഉറക്കം തൊട്ടില്ല, ഓടിനു മുകളിൽ കല്ലു വാരിയെറിയും പോലെ മഴ വീഴാൻ തുടങ്ങി.
മണിക്കൂറൊന്നു കഴിഞ്ഞു, അടുക്കളയിലെ പാത്രത്തിൽ വെള്ളം തൊട്ടു പോകുന്ന സ്വരം വീട്ടിലെ മൂന്നു പേരുടെയും കാതിൽ വീണു, ചോർച്ചയുള്ള കാര്യം അറിയാവുന്ന ശ്രീവിദ്യ എഴുന്നേറ്റു, ഉറങ്ങാതെ കിടന്ന മൃദുല അമ്മയെഴുന്നേറ്റത് അറിഞ്ഞെങ്കിലും അറിയാത്ത കണക്ക് വെറുതെ കണ്ണു മൂടി കിടന്നു.
തന്റെ വശത്തു നിന്നു അമ്മയെഴുന്നേറ്റു പോകുന്നത് അവളറിയുന്നുണ്ടായിരുന്നു, രാത്രി നീണ്ടിട്ടും അമ്മയെ കാണാതായപ്പോൾ മൃദുല എഴുന്നേറ്റു,
വാതിൽ അല്പം തുറന്നു നടുമുറിയിലേക്ക് നോട്ടം നീട്ടിയപ്പോൾ ഏട്ടന്റെ കട്ടിൽ കാലി…
ആകാംഷയോടൊപ്പം ഹൃദയവും തുടികൊട്ടി, അകാരണമായ ഭയം അവളിൽ നിറഞ്ഞു, മനസ്സിന് ശെരിയോ തെറ്റോ എന്നു ചിന്തിക്കാൻ കഴിയാത്ത പ്രശ്നം മുന്നിൽ നിൽക്കുന്ന പോലെ തോന്നിച്ചു.
അടുക്കളയിൽ നിന്നു ചിതറി കേട്ട വാക്കുകൾ അവളുടെ ചെവി കൂർപ്പിച്ചു.
“എന്റെ മോളെ ഞാൻ തല്ലും കൊല്ലും അതിന് നിനക്കെന്താടാ….”
“നിങ്ങൾക്കിതെന്തിന്റെ കേടാ…ആ പെണ്ണിന്റെ മേല് മുഴുവൻ ചുവന്നു കിടപ്പാ….എന്ത് സുഖാ നിങ്ങൾക്ക് കിട്ടുന്നെ…”
“എനിക്ക് എന്തിന്റെ കേടാന്നു അറിഞ്ഞാ നീ തീർക്കുവോട….വെറുതെ എന്റേം മോളുടേം കാര്യത്തിൽ ഇടപെടേണ്ട…കേട്ടല്ലോ…”