ദേവൻ പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയതും അനുവിന്റെ മുഖം പൂത്തുലഞ്ഞു. പക്ഷെ അധിക സമയം അതുണ്ടായില്ല മുഖം ഇരുണ്ടു മൂടി കണ്ണുകൾ നിറഞ്ഞു ഒഴുകി.അവൾ എങ്ങലടിക്കാൻ തുടങ്ങി. ദേവൻ അവളുടെ തടി പിടിച്ചുയർത്തി കണ്ണ് കൊണ്ട് എന്തെ എന്ന് ചോദിച്ചു.
അത് കാവിലേക്കു പോയ കൊണ്ട് ഞാൻ ഒന്നും ഉണ്ടാക്കിയില്ല വന്നിട്ട് ഉണ്ടാക്കാം എന്ന കരുതിയെ. പക്ഷെ ഞാൻ… ഞാൻ ഇപ്പോള ആ കാര്യം ഓർത്തത്….
അനു കണ്ണീരു ഒഴുക്കികൊണ്ട് പറഞ്ഞു നിർത്തി
അയ്യേ.. ഈ നിസ്സാര കാര്യത്തിനാണോ കരയുന്നത് ശ്ശേ.. ഇതിപ്പോ താൻ മാത്രമല്ലല്ലോ ഞാനും കൂടി കാരണവല്ലേ. സരവില്ല ഇന്നിനി ഒന്നും വേണമെന്നില്ല. നാളെ മതി. താൻ ചോദിച്ചപ്പോ വേണ്ട എന്ന് പറയാതിരുന്നത് തനിക്കു വിഷമം ആവണ്ട എന്ന് കരുതിയ അല്ലാതെ എനിക്ക് വലിയ വിശപ്പുണ്ടായിട്ടൊന്നുവല്ല….അല്ല തനിക്കു വിശക്കുന്നുണ്ടോ. ഞാൻ പുറത്തു പോയി എന്തേലും വാങ്ങാം.,
പുറത്തു നിന്ന് വാങ്ങാം എന്ന് പറഞ്ഞത് അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടിയതേ ഉള്ളു.
പെട്ടന്ന് തന്നെ ദേവന്റെ കയ്യിൽ പിടിച്ചു അവൾ വലിച്ചു
ദേവേട്ടൻ വന്നേ….
എങ്ങോട്ടാ…..
വാ എന്റെ കൂടെ……
റൂമിന്റെ വാതിൽ തുറന്ന് അവൾ ദേവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് തന്നെ കോണിപ്പടികൾ ചാടിയിറങ്ങി. പടികൾ തീർന്നു താഴെ എത്തിയതും ഫുൾ ബ്രേക്കിട്ടു അവൾ നിന്നു.വളരെ വലിയ ഒരു അകത്തളം. ഒരു പാട് മുറികളും വാതിലുകളും ഇടനാഴികളും. പിന്നെ എട്ടുകെട്ടിന്റെ വലിയ ഒരു കാൽത്തളവും. എങ്ങോട്ട് പോകണം എന്നോ അടുക്കള എവിടെ ആണെന്നോ അറിയില്ല.അടുക്കള അതിനോട് ചേർന്നുള്ള സ്റ്റോർ റൂം,വർക്ക് റൂം പുറത്തെ ബാത്ത് റൂം, കാവ് പിന്നെ മുൻവശത്തെ വിശാലമായ പൂമുഖം.ഒന്നര വർഷത്തോട് അടുക്കുന്നു ദേവർമഠത്തിൽ.ഈ പറഞ്ഞതിന് അപ്പുറത്തേക്ക് അനു മറ്റൊന്നും ദേവർമഠത്തിൽ അറിഞ്ഞിട്ടും കണ്ടിട്ടും ഇല്ല.