“നന്ദു നീ ഒന്നിങ്ങോട്ട് വന്നേ…”അമ്മ അടുക്കളയിൽ നിന്ന് വിളിക്കുന്ന ശബ്ദം ആണ് അത്.
“എന്താ..അമ്മേ..”
“ഇത് ഒരു മുറി ചക്കയാണ് നീ ഇത് കൊണ്ടുപോയി അനുവിന് കൊടുത്തിട്ട് വാ…”
“അമ്മേ ഞാൻ ഇപ്പോഴല്ലേ വന്ന് കിടന്നത്, എനിക്ക് വയ്യ അമ്മ തന്നെ പോയി കൊടുത്തോ…”
അതും പറഞ്ഞു തിരിഞ്ഞു നടന്നപ്പോഴാണ് എനിക്ക് അതിന്റെ ഒരു റിസ്ക് മനസ്സിലായത്. ഇനി ഈ സമയത്ത് അമ്മ അനുവേച്ചിയുടെ അടുത്ത് പോയാൽ ചേച്ചി എന്തെങ്കിലും പറഞ്ഞാലോ, അതിലും നല്ലത് ഞാൻ തന്നെ പോകുന്നതായിരിക്കും എന്ന് എനിക്ക് തോന്നി. മാത്രമല്ല ഒരു ചാൻസ് കിട്ടിയാൽ ചേച്ചിയോട് സോറി പറയാമല്ലോ. അങ്ങനെ ഞാൻ ചക്കയും വാങ്ങി ചേച്ചിയുടെ വീട്ടിലേക്ക് നടന്നു.
ഞാൻ പോകുമ്പോൾ ചേച്ചിയും അല്ലിയൂം ഉമ്മറക്കോലായിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കിയപ്പോൾ മുൻപൊന്നും കാണാറുണ്ടായിരുന്ന ഒരു ചിരിയോ സന്തോഷമോ എന്നെ കണ്ടപ്പോൾ ഇല്ലായിരുന്നു.
“ചേച്ചി ഇതിവിടെ തരാൻ അമ്മ തന്നതാ…”
ഞാൻ ചക്ക താഴെ വെച്ചു ചേച്ചിയോട് പറഞ്ഞു. ചേച്ചി എന്നെ ഒന്ന് നോക്കി അതു എടുത്ത് അകത്തേക്ക് പോയി.
ഞാനവിടെ അല്ലുവിൻ്റെ അടുത്തിരുന്നു. അവളോട് ഓരോന്ന് ചോദിച്ചു.
“അല്ലി, നീ പോയി കുറച്ചു ടിവി കാണ്, എനിക്ക് നന്ദു മാമനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്..”
കേട്ടപാതി കേൾക്കാത്ത പാതി അല്ലി അകത്തേക്ക് പോയി ടിവി കാണാൻ തുടങ്ങി. ചേച്ചിയുടെ ചീത്തവിളി കേൾക്കാനായി ഞാൻ കാത്തിരുന്നു. അത് അല്ലാതെ വേറൊന്നും ഈ സമയത്ത് പറയാനില്ലല്ലോ.