മായ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുമ്പോഴേക്കും അവൻ പിന്നെയും ഓക്കാനിക്കുകയാണ്. പെട്ടെന്നവൾ അവനെ പിടിച്ച് ഉമ്മറത്തേക്ക് കൊണ്ടുപോയി. മുറ്റത്തേക്ക് മുഖം കുനിപ്പിച്ച് പുറം മെല്ലെ തടവിക്കൊടുത്തു. ആരെങ്കിലും അവിടെ തന്നെ കാണുമോന്നായിരുന്നു അവളുടെ പേടി. കണ്ണൻ ഒന്നടങ്ങിയതും പെട്ടെന്ന് തന്നെ അവളവനെ താങ്ങിപ്പിടിച്ച് അകത്ത് കയറി. പിന്നെ അവന്റെ മുറിയിലെ ബാത്റൂമിലേക്ക് കൊണ്ടുപോയി. ഛർദ്ദി വീണ ഷർട്ട് ഊരിയെടുത്ത്, തോർത്ത് നനച്ച് ദേഹം തുടച്ചുകൊടുത്തു. എന്നിട്ട്, താങ്ങി ബെഡ്ഡിൽ കൊണ്ടുപോയി കിടത്തി. അവളും ഡ്രസ്സ് മാറി മേല് കഴുകി വന്നപ്പോഴേക്കും അവൻ നല്ല ഉറക്കം പിടിച്ചിരുന്നു.
ഒരു കൊച്ചു കുട്ടിയെപ്പോലെ ഉറങ്ങുന്ന അവന്റെ മുഖം കണ്ടപ്പോൾ അവളുടെ അതുവരെയുള്ള അപരിചിത്വം എങ്ങോ പോയൊളിച്ചു. പണ്ട് തന്നോടൊപ്പം തോട്ടുവരമ്പിലും പറമ്പിലും ഓടിക്കളിച്ചിരുന്ന പത്ത് വയസ്സുകാരനെയാണ് അവൾക്കോർമ്മ വന്നത്. സതീശനുമായുള്ള കല്യാണം ദുരിതക്കയമാണെന്ന തിരിച്ചറിവിൽ മരവിച്ചുപോയ മനസ്സിന് ആകെയുണ്ടായിരുന്ന ആശ്വാസം ശിവൻകുട്ടിയോടും കണ്ണനോടുള്ള സൗഹൃദമായിരുന്നു. ആദ്യമായി തന്റെ വീട്ടില്‍ ട്യൂഷൻ പഠിക്കാൻ വന്നപ്പോള്‍ പകച്ചുനിന്നിരുന്ന, ആ നാണം കുണുങ്ങിയ പയ്യന്റെ മുഖത്തെ കുട്ടിത്തം ഇപ്പോഴും അവനുള്ളതായി തോന്നി. കണ്ണൻ പഴയ കണ്ണൻ തന്നെയാണ്. പുറമേ അവനെ മാറ്റിയത് സാഹചര്യങ്ങളാണെന്ന് മാത്രം.
എന്നാലും തന്നിലൂടെ അപമാനിക്കപ്പെട്ടവന്റെ അരികിൽ അങ്ങനെ നിൽക്കുമ്പോഴുള്ള കുറ്റബോധം അവൾക്ക് ഏറിവന്നു, അധികനേരം അവിടെ നിൽക്കാതെ അവൾ പിൻവലിഞ്ഞു. എന്നിട്ട് ചൂലും ബക്കറ്റുമെടുത്ത് ഹാളില്‍ വീണ ഛർദ്ദിലൊക്കെ കഴുകി കളഞ്ഞു. എല്ലാം കഴിഞ്ഞ് അവിടുത്തെ സോഫയിൽ കിടന്നപ്പോഴാണ് രണ്ടുദിവസമായി എള്ളിയിൽ തിരുകി വെച്ചിരുന്ന വെട്ടുകത്തിയുടെ സഹായമില്ലാതെ അവൾക്ക് ശരിക്കൊന്ന് ഉറങ്ങാനായത്.