മായ എന്ത് പറയണമെന്നറിയാതെ, അവിശ്വസനീയമായ എന്തോ കേട്ട പോലെ, അവന്റെ കരച്ചിൽ കേട്ട് കുറച്ച് നേരം മൗനം പൂണ്ട് കിടന്നു.
“ ഡാ… ഇങ്ങനെ കരയല്ലേ. ഞാനെങ്ങനെ ശിക്ഷിക്കാനാ നിന്നെ? നീയെന്നെ എന്നെ തൊട്ടിട്ടില്ല. ഒന്നും ചെയ്തിട്ടില്ല. മനുഷ്യന്റെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും പരിധിയില്ല. അതിനൊക്കെ ശിക്ഷിക്കാൻ തുനിഞ്ഞിറങ്ങിയാൽ ഈ ലോകത്ത് ആരും തന്നെ ബാക്കി കാണില്ലല്ലോ.”
അവൻ കണ്ണീരൊപ്പി. കുറേ ദിവസമായി അവളെപ്പറ്റിയോർക്കുമ്പോൾ അറിയാതെ കടന്നുവരുന്ന കാമചിന്തകളും അതിന് പിന്നാലെ അവനെ പൊള്ളിക്കുന്ന കുറ്റബോധവും അത്രമേൽ വലച്ചിരുന്നു. അവന്റെ മനസ്സിലെ കാർമേഘം ഒഴിഞ്ഞുപോകുന്നത് ഉൾക്കണ്ണാൽ കണ്ട് മായ പുഞ്ചിരിച്ചു.
“ പിന്നെ കാമം ഒരു മോശം വികാരമാണെന്ന് നിന്നോടാരാ പറഞ്ഞത്? കാമമില്ലെങ്കിൽ ഈ ലോകത്ത് ജീവനുണ്ടോ? പക്ഷേ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മാത്രം. ഏത് രീതിയിലും ഉപയോഗിക്കാനാവുന്ന ഇരുതലവാളാണത്.”
അവൾ പറഞ്ഞുനിർത്തി. അവന്റെ ഉള്ള് തണുത്തു.
“ മതി… ബാക്കി നാളെ… ഉറങ്ങാൻ നോക്ക് കണ്ണാ.”
“ ഉറക്കം വരുന്നില്ല, ചേച്ചി…”
“ ഹമ്… കണ്ണടച്ച് കിടന്നോളൂ. അപ്പൊ ഉറങ്ങിക്കോളും.”
ഓരോന്ന് ചിന്തിച്ച് കിടക്കുമ്പോഴും അധികം പഠിപ്പും വിവരവും ഒന്നുമില്ലാത്തൊരു നാട്ടിൻപുറത്തുകാരിയുടെ വാക്കുകൾക്ക് ഇത്രമാത്രം തീവ്രതയോ എന്നവൻ അത്ഭുതപ്പെടുകയായിരുന്നു. ഒരുപക്ഷേ ചെറുപ്രായത്തിൽ തന്നെ നേരിടേണ്ടി വന്ന ജീവിതാനുഭവങ്ങളാകും അവരെ പക്വമായ ഉൾക്കാഴ്ചയിലേക്ക് എത്തിച്ചത്.