“ അതെന്തിനാ ചേച്ചീ രാത്രി വരെ കാക്കുന്നത്…? താക്കോലിങ്ങ് തന്നാ മതി. ഞാൻ പോയി എടുത്തോളാം.”
“ അതുവേണ്ട… എന്നിട്ട് വേണം നീ കക്കാനോ പ്രതികാരത്തിനോ കേറിയതാണെന്നോ ആൾക്കാര് പറഞ്ഞുണ്ടാക്കാൻ…”
“ ഓ… അത്രേം ചിന്തിച്ചില്ല. എന്നാൽ രാത്രിയാകട്ടെ… അപ്പൊ ഞാൻ പോയി എടുക്കാം. എന്തൊക്കെയാ വേണ്ടതെന്ന് പറഞ്ഞാൽ മതി.”
“ വേണ്ട വേണ്ട… നിന്നെ വിശ്വസിച്ചേല്പിക്കുന്നത് നിർത്തി… ആനാന്ന് പറഞ്ഞാൽ ചേന എടുത്തോണ്ടുവരും. ഞാനൂടി വന്ന് എനിക്ക് വേണ്ടത് എടുത്തോളാം. സാറിനൊന്ന് കൂടെ വരാൻ പറ്റുമോ?”
“ ഓ… നമുക്കെന്ത് പാട്…!” അവൻ തലയാട്ടി.
രാത്രി പത്ത് മണി കഴിഞ്ഞാണ് അവർ ഇറങ്ങാൻ തീരുമാനിക്കുന്നത്. അവനാദ്യം പിന്നാമ്പുറത്തേക്ക് ഇറങ്ങി. പരിസരമൊക്കെ മൊബൈല്‍ ടോർച്ചടിച്ച് നിരീക്ഷിച്ചു. ആരുമില്ല. രണ്ടു വീടുകളും തമ്മിൽ വേലി കെട്ടി തിരിച്ച പിൻവളപ്പിനകത്തേക്ക് ആ സമയത്ത് ആരും കടന്നു വരാനും സാധ്യതയുണ്ടായിരുന്നില്ല. ആളുകളുടെ കൊട്ടും ശല്യവും മായ അവിടെ ഒറ്റയ്ക്കാണെന്ന് അറിഞ്ഞപ്പോഴായിരുന്നല്ലോ. അന്നാട്ടുകാരുടെ കണ്ണിൽ അവളിപ്പോൾ ദൂരെയുള്ള കൂട്ടുകാരിയുടെ വീട്ടിലാണ്.
ആരുമില്ലെന്ന് ഉറപ്പായപ്പോൾ അവൻ മായയെ കൈ കാട്ടി വിളിച്ചു. മൊബൈൽ വെട്ടം തെളിച്ച് പറമ്പിലൂടെ അവൻ മുന്നിലായും അവൾ പിന്നിലായും നടന്നു. സതീശന്റെ വീടിന്റെ പിൻഭാഗത്തെ വാതിൽ താക്കോലിട്ട് തുറന്നുടൻ കണ്ണൻ അകത്ത് കേറി ലൈറ്റിടാനൊരുങ്ങി.
“ ലൈറ്റിടല്ലേ.. വെട്ടം കണ്ടാൽ ആരെങ്കിലും സംശയിക്കും.”
അതും പറഞ്ഞ് അവൾ മൊബൈൽ ഡിസ്പ്ലേയുടെ നേരിയ വെട്ടം മാത്രം തെളിച്ചു. എന്നിട്ട് അവരുടെ കിടപ്പുമുറിയിൽ കേറി അത്യാവശ്യത്തിനുള്ള തുണികളൊക്കെ എടുത്ത് കൊണ്ടിരുന്നു. കണ്ണന് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. അവനാ വീട് കണ്ണോടിച്ച് വിലയിരുത്തി. മുഴുക്കുടിയനായൊരു മരപ്പണിക്കാരന്റെ വീട്ടിൽ പ്രതീക്ഷിക്കാവുന്ന ദാരിദ്ര്യം വിളിച്ചോതുന്നുണ്ട്. സിഗരറ്റ് കുറ്റികളും ഒഴിഞ്ഞ മദ്യക്കുപ്പികളും തറയിൽ പലയിടത്തും അലസമായി ഇട്ടിരിക്കുന്നത് അരണ്ട വെളിച്ചത്തില്‍ കാണാം. ഈ പോക്ക് കണ്ടിട്ട് സതീശനും അച്ഛനെപ്പോലെ കുടിച്ച് തന്നെ തീരുമെന്ന് തോന്നുന്നു. ചെറിയ സന്തോഷം തോന്നാതിരുന്നില്ല.