“ ങുംം… എന്ത് വേണം?”
“ എട്ടനെ അവർ ഇതുവരെ വിട്ടില്ല… ജാമ്യം കിട്ടില്ലത്രേ. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തേക്കുവാ…”
“ ഓ… സന്തോഷം..” അവൻ കൈ കൂപ്പി.
“ അതിന് ശുപാര്‍ശയുമായി വന്നതാ?”
“ അല്ല..” അവളൊന്ന് പരുങ്ങി. “ മൂ… മൂന്ന് ദിവസമായി ഞാനവിടെ ഒറ്റയ്ക്കാ… ഈ മൂന്ന് ദിവസവും രാത്രി ഞങ്ങടെ പിൻവശത്ത് ആളനക്കവും മറ്റും. ഇന്നാണേൽ കതകിൽ ചെറിയ തട്ടും കൂടി കേട്ടു. നോക്കിയപ്പൊ മുകളിലത്തെ അഴിയിലൂടെ കയ്യിട്ട് ആരോ കതകിന്റെ കുറ്റിയെടുക്കാൻ നോക്കുന്നു. ഞാൻ നിലവിളിച്ചപ്പൊ ഓടിക്കളഞ്ഞു. ഇനിയവിടെ നിക്കാൻ വയ്യ.” അവൾ വിറച്ചുവിറച്ച് പറഞ്ഞുനിർത്തി.
കണ്ണന്റെ മനസ്സൊന്ന് ഉലഞ്ഞു. എന്നാലും ചോദിച്ചത് ഇങ്ങനെയാണ്.
“ അതിന് ഞാനെന്ത് വേണം? “
“ തെക്കലേ മിനിയാണ് പറഞ്ഞത് സതീശേട്ടൻ ജയിലീന്ന് ഇറങ്ങുന്നത് വരെ എങ്ങോട്ടെങ്കിലും മാറി നിൽക്കാൻ. അല്ലെങ്കിൽ അങ്ങേര് വരുമ്പോഴേക്കും ആരേലുമെന്നെ…” അവള്‍ മുഴുമിപ്പിക്കാതെ മുഖം കുനിച്ചു. കണ്ണുനീർ കവിളിലൂടെ ഒഴുകുന്നത് അവൻ കണ്ടു. പക്ഷേ ഉലയാതെ തന്നെ നിന്നു.
“ അത് കൊള്ളാം… അതിന് സഹായം തേടിയാണോ ഇങ്ങോട്ട് കെട്ടിയെടുത്തത്? അതും നാട്ടിലെ വഷളന്റെ വീട്ടിലേക്ക്. അറിയാല്ലോ… കഴിഞ്ഞ എട്ട് വർഷമായി നിങ്ങടെ കെട്ട്യോൻ എനിക്ക് വച്ചുകെട്ടി തന്നൊരു പേരുണ്ട്. രണ്ട് ദിവസം മുമ്പും എന്നെ നാട്ടുകാർ അനാവശ്യത്തിന് പിടിച്ചതാ… എന്നിട്ടാണ്…”
“ അതിലൊന്നും ഒരു സത്യവുമില്ലെന്ന് അറിയാവുന്നത് കൊണ്ടാ വന്നതെന്നും വച്ചോളൂ.”
അവൾ തല താഴ്ത്തി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.