“ ഇങ്ങനെ ജയിച്ച് നിൽക്കുന്നതായി ഭാവിച്ചിട്ടെന്തിനാ? ഉള്ളില്‍ സന്തോഷമില്ലെങ്കിൽ…? വേറെ നല്ല ജീവിതം തേടിവരില്ലേ?”
“ ഹ്മം.. പറഞ്ഞില്ലേ കണ്ണാ… ഒരുപാട് ദുഃഖങ്ങൾക്കിടയിലും അപ്രതീക്ഷിതമായ ചില സന്തോഷങ്ങൾ തേടിവരും. അതിലൊന്നാണ്… ഈ നാടും ശിവേട്ടനും… പിന്നെ ആഗ്രഹിക്കാത്ത വഴിയിലൂടെ ഉണ്ടായ എന്റെ കുഞ്ഞുമൊക്കെ… എന്നിട്ടും സ്നേഹിച്ച് തുടങ്ങിയതായിരുന്നു. പക്ഷേ ഒരു വയസ്സ് തികയും മുമ്പേ…” കണ്ണിൽ നനവ് പടർന്ന് അവളുടെ സ്വരം ഇടറി. കണ്ണനും ഉള്ളിലാകെ നോവ് പടരുമ്പോലെ.
“ ഞാനിപ്പഴും വിശ്വസിക്കുന്നത് അത് നിന്റെ കണ്ണീരിന്റെ ശാപമാണെന്നാ. അന്നത്തെ സംഭവത്തിന് ഒരാഴ്ച തികയുന്നത് മുന്നേയല്ലേ അവന് പനി കൂടിയത്…”
“ ചേച്ചി… അരുത്.. അങ്ങനെയൊന്നും പറയരുത്… സതീശനെ ഞാൻ ശപിച്ചിട്ടുണ്ടെന്നത് നേരാ. മരണം പോലും ആഗ്രഹിച്ചിരുന്നു. പക്ഷേ ചേച്ചിയെയോ മോനെയോ മനസ്സ് കൊണ്ടുപോലും വെറുത്തിട്ടില്ല. ഒക്കെ എന്റെ വിധിയാണെന്നേ കരുതിയിട്ടുള്ളൂ. മരിച്ചുപോയ അച്ഛനാണേ സത്യം.”
“ ങ്ഹും.. നിനക്കെന്നെ ശപിക്കാനാവില്ലെന്ന് അറിയാം. അച്ഛന്റെ മോനല്ലേ. ആ നന്മ എന്നുമുണ്ടാവും. പക്ഷേ അതല്ല കണ്ണാ… എന്റെ നിർബന്ധത്തിനാ ശിവേട്ടൻ നിന്നെ എന്റെയടുത്തേക്ക് ട്യൂഷന് വിട്ടത്. അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ… നിനക്കുമതറിയാം, ഇല്ലേ… കള്ളിന്റെ പൊറത്താണേലും നീയും ഇന്നലേം കൂടി പറഞ്ഞതല്ലേ… നിന്റെയുള്ളിൽ ഇപ്പഴും അങ്ങനെയൊരു കരട് കിടപ്പുണ്ട് ചേച്ചിയോട്… ഇല്ലേ?”
അവളുടെ ശബ്ദം ചിലമ്പിച്ച് തുടങ്ങി.