ഒരു നിമിഷം ആലോചിച്ച ശേഷം അവൻ നിഷേധാർത്ഥത്തിൽ തല ആട്ടുന്നത് കണ്ടു. അവൾ സംശയത്തോടെ നെറ്റി ഒന്ന് ചുളിച്ചു.
“ ഇനി എന്തിനാ? ഞാൻ പഠിക്കണമെന്നും ഉയരണമെന്നും ഒക്കെ ആഗ്രഹമുണ്ടായിരുന്ന രണ്ട് പേരിന്നില്ല… മുന്നോട്ടുള്ള വെളിച്ചം നഷ്ടപ്പെട്ടു.”
“ അങ്ങനെ പറയരുത് കണ്ണാ… ഇരുട്ടാണെങ്കിലും മുന്നോട്ട് നടന്നോണ്ടേയിരിക്കണം. ജീവിച്ചിരിക്കുകയെന്നതാ പ്രധാനം. ഓരോ ദിവസങ്ങളായി തള്ളി നീക്കാൻ പഠിക്കണം. അപ്പോഴാകും പ്രതീക്ഷിക്കാത്ത ചില സന്തോഷങ്ങൾ വീണ് കിട്ടുക… ജീവിതത്തിന് അപ്പൊ പുതിയൊരു വെളിച്ചമൊക്കെ കിട്ടും. ”
“ എന്തേ.. ചേച്ചിക്ക് അങ്ങനെ എന്തേലും വെളിച്ചം കിട്ടിയിട്ടുണ്ടോ? കൊല്ലം കൊറേയായില്ലേ രാത്രി സതീശന്റെ കുടിച്ചിട്ട് വന്നിട്ടുള്ള പുളിച്ച തെറിയും തല്ലുമൊക്കെ കൊള്ളുന്നു. വേദന സഹിക്കാതുള്ള കരച്ചിൽ ഇങ്ങ് വരെ കേൾക്കാം. എന്ത് വെളിച്ചമാ അതീന്ന് കിട്ടിയിട്ടുള്ളത്…?”
അവൾ ഒന്നും മിണ്ടിയില്ല. പിന്നെ കൈവെള്ളയിലേക്ക് നോക്കി മന്ത്രിച്ചു.
“ ഞാൻ… ഞാനൊരു കുഞ്ഞിന്റെ അമ്മ ആയില്ലേടാ… കുറച്ച് കാലത്തേക്കെങ്കിലും.” ഓർമ്മകൾ ആ കണ്ണുകളെ ഈറനണിയിച്ചത് പോലെ.
“ ഓ, കുഞ്ഞ്…! അയാളുമായിട്ട് ആകെയുണ്ടായ ആ ബാധ്യത അവന് പെടുമരണം വന്നത്തോടെ തീർന്നില്ലേ? പിന്നീട് ഇറങ്ങിപ്പോകാമായിരുന്നില്ലേ? എന്തിനാ ഇങ്ങനെ ഇന്നും പട്ടിയെപ്പോലെ തല്ല് കൊണ്ട് ജീവിക്കുന്നത്…?” അവൻ ഒട്ടും ദയയില്ലാതെയാണത് ചോദിച്ചത്.
അവളുടെ തല താണു.
“ ഇനി വീണ്ടുമൊരു അമ്മയാകാൻ വേണ്ടിയാണോ?”
“ ഇല്ല കണ്ണാ… ഇനി അയാളിൽ നിന്നൊരു വിത്തിനെ എനിക്ക് വേണ്ട.. അത്ര വെറുത്തുപോയി ഞാനാ മനുഷ്യനെ… പക്ഷേ, ധൈര്യമില്ലെടാ… എനിക്ക്… എനിക്ക് ആരുമില്ലല്ലോ. എല്ലാവരെയും വെറുപ്പിച്ചല്ലേ ഞാനിറങ്ങിപ്പോന്നത്… ആരെങ്കിലുമൊക്കെ ഇപ്പഴും അന്വേഷിക്കുന്നുണ്ടെങ്കിൽ ജയിച്ച് നിൽക്കണമെന്ന് ഒരു തോന്നല്.”