അവൾ ഒരു നിമിഷം തിരുമ്മൽ നിർത്തി. ഹാഫ്സാരി വിടർത്തി മാറ് മറച്ചുകൊണ്ട് പറഞ്ഞു.
“ വിശക്കുന്നുണ്ടാവും ല്ലേ കണ്ണാ… രാത്രീലും ഒന്നും കഴിച്ചിട്ടുണ്ടാവില്ല. കുളിച്ചിട്ട് വാ.. അപ്പോഴേക്കും ചമ്മന്തിയാവും.”
“ ചമ്മന്തി ഞാനുണ്ടാക്കിക്കോളാം ചേച്ചി..”
“ ഏയ്യ്… ഇതിപ്പോ കഴിഞ്ഞു… ഞാനിതൊക്കെ വീട്ടിലും ചെയ്യുന്നതല്ലേടോ…” അവന്റെ എതിർപ്പിനെ കാര്യമാക്കാതെ ഒരു ചിരിയോടെ പറഞ്ഞു അവൾ.
കുളി കഴിഞ്ഞ് വന്നിരുന്ന അവന് ആഹാരം പ്ലേറ്റിലേക്ക് വിളമ്പി തരുന്ന മായയെ അവൻ നോക്കി. അച്ഛനും ടീച്ചറമ്മയും അല്ലാതെ ആദ്യമായിട്ടാണ് ഒരാളിങ്ങനെ സ്നേഹത്തോടെ വിളമ്പിത്തരുന്നത്.
എന്നാലും വേണ്ട… ഇനിയാരോടും അടുപ്പം വേണ്ട. നിറഞ്ഞു വന്ന കണ്ണുകൾ അവളെ കാണിക്കാതെ മറച്ചുപിടിച്ചു.
കഴിച്ച ശേഷം മായ പാത്രങ്ങൾ ഒക്കെ കഴുകി വെച്ച് തിരിഞ്ഞപ്പോഴാണ് തൊട്ട് പിന്നിലായി കണ്ണനെ കാണുന്നത്. പുരികം ഒന്ന് പൊക്കി എന്തെന്ന ഭാവത്തിൽ നോക്കി.
“ അത്, ചേച്ചി… ഒന്നും പറഞ്ഞില്ല”
“ എന്താ കണ്ണാ…?”
“ ഇവിടിങ്ങനെ നിൽക്കാനാണോ? ഇവിടെ നിൽക്കുന്നത് ആരെങ്കിലുമറിഞ്ഞാൽ… ആളുകള്‍..”
“ അതിന് സതീശേട്ടൻ വരുന്നതുവരെ ഞാൻ പുറത്തേക്ക് ഇറങ്ങുന്നില്ലല്ലോ. അടച്ചുപൂട്ടി ഇരുന്നോളാം. പന്ത്രണ്ട് ദിവസത്തെ കാര്യമല്ലേ…”
“ വീട്ടിലില്ലെങ്കിൽ എവിടെപ്പോയെന്ന് പരിസരത്തുള്ളവർ തിരക്കില്ലേ?”
“ അങ്ങനെ തിരക്കുന്നവരോട് കൂട്ടുകാരിയുടെ വീട്ടിലാണെന്ന് പറയാന്‍ മിനിയെ പറഞ്ഞേല്പിച്ചിട്ടുണ്ട്. അവളും അങ്ങനെയാ ധരിച്ച് വച്ചിരിക്കുന്നത്…”