മേശയുടെ വലിപ്പിൽ നിന്ന് ഒരു ബ്രൗൺ പാക്കറ്റ് എടുത്ത് അമ്മയ്ക്ക് നേരെ നീട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു ” ഇത് വാങ്ങൂ. ഇത് നിനക്കുള്ളതാണ്. പക്ഷേ ഇവിടെ വച്ച് തുറക്കരുത്”. അമ്മയത് ഒരു യന്ത്രം പോലെ കൈനീട്ടി വാങ്ങി . അമ്മയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഡോക്ടർ പറഞ്ഞു. “ഇനി നമ്മൾ കാണില്ല. കാണാതിരിക്കട്ടെ .
പൊക്കോളൂ”. അമ്മ ഡോക്ടർ കൊടുത്ത പാക്കറ്റുമായി പോകാനായി എഴുന്നേറ്റു . സാവധാനം ഡോക്ടർ മാധവനെ നോക്കി പറഞ്ഞു . ” ഒരാളെ പ്രാണൻ പോലെ സ്നേഹിച്ചു തുടങ്ങാൻ ഒരു നിമിഷം മതി എന്നല്ലേ ഡോക്ടർ പറഞ്ഞത്, നമുക്കിടയിൽ ഒരു രാവിൻ്റേയും പകലിൻ്റെയും സമയമുണ്ട്.” . മറുപടിക്ക് കാത്ത് നിൽക്കാതെ അമ്മ വാതിൽ ചാരി പുറത്തിറങ്ങി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼രാത്രിയെ വെള്ളി വെളിച്ചത്തിലാഴ്ത്തി കിഴക്കൻ മാനത്ത് ഒരു കൊള്ളിയാൻ മിന്നി. അടുത്ത നിമിഷം ഭൂമിയുടെ അടിത്തറയിളക്കുന്ന ഇടിയും ..
ആ പ്രദേശം മുഴുവൻ ഇരുട്ടിൽ ആയിരുന്നു. പേമാരിയുടെ തുടക്കത്തിലേ കറൻ്റ് പോയിരുന്നു. മുറിയിലെ കത്തിനിൽക്കുന്ന മെഴുകുതിരിയുടെ മഞ്ഞ വെളിച്ചത്തിൽ അമ്മ സ്വന്തം രൂപം കണ്ണാടിയിൽ നോക്കി.ചുവന്ന പട്ട് സാരിയും ബ്ലൗസും. നെറ്റിയിൽ ചുവന്ന കുങ്കുമ കുറി കഴുത്തിൽ സ്വർണ്ണ മാലയിൽ കോർത്ത താലി . കണ്ണാടിയിൽ സ്വന്തം പ്രതിരൂപം കണ്ടപ്പോൾ താൻ ഇപ്പോൾ പ്രമീളയല്ല ഗംഗയാണെന്ന് അമ്മയ്ക്ക് തോന്നി. ഡോക്ടർ മാധവൻ താലികെട്ടിയ പെണ്ണ്! ഗംഗ !.
അമ്മ വീണ്ടും Dr.മാധവൻ പാക്കറ്റിൽ എഴുതി വെച്ചിരുന്ന കുറിപ്പ് എടുത്ത് വായിച്ചു.’പ്രിയമുള്ള പ്രമീള. ഇത് ഗംഗക്കായ് ഞാൻ വാങ്ങിയ കല്യാണസാരിയും അവളുടെ കഴുത്തിൽ ഞാൻ ചാർത്തിയ താലിമാലയുമാണ് .ഇതിനി നിനക്കുള്ളതാണ് ‘ . വീണ്ടും ഒരു വെള്ളിടി വെട്ടി. പുറത്തു കാറ്റും മഴയും ആർത്തലയ്ക്കുന്നു. ക്ലോക്കിൽ സമയം പതിനൊന്ന് .അമ്മ വാതിൽ തുറന്നു .ശക്തമായ കാറ്റും ഒപ്പം മഴയും അകത്തേക്ക് അടിച്ച് കയറി. മെഴുകുതിരി കാറ്റിലണഞ്ഞു.