ഡോക്ടർ പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ അമ്പരന്നിരിക്കുകയാണ് അമ്മ .”ആരുടെ കാര്യമാണ് ഡോക്ടർ പറയുന്നത്?എന്നെ കാണുമ്പോൾ നഷ്ടപ്പെട്ട ആരെയാണ് ഓർമ്മ വരുന്നത്” ? . അമ്മ ചോദിച്ചു.
അതിനു മറുപടി പറയാതെ മേശവലിപ്പു തുറന്ന് ഒരു ഫോട്ടോയെടുത്ത് അമ്മയുടെ മുന്നിലേക്ക് നീക്കി വെച്ചു ഡോക്ടർ.അമ്മ അതെടുത്ത് നോക്കി. ഡോക്ടറുടെകല്യാണ ഫോട്ടോ ! വധൂവരൻമാരുടെ വേഷത്തിൽ ഡോക്ടറും ഭാര്യയും . അതിശയകരമാംവണ്ണം തൻ്റെ മുഖച്ഛായയും ഏറെക്കുറെ ശരീര പ്രകൃതിയുമാണ് ഡോക്ടറുടെ ഭാര്യക്ക്. അവർ ക്യാമറയിൽ നോക്കി ചിരിച്ചു നിൽക്കുന്നു.” ഗംഗ ! എൻ്റെ ഭാര്യ. ഡോക്ടർ പറഞ്ഞു.” കണ്ടാൽ എന്നെപ്പോലുണ്ട്.
മാഡം എന്ത് ചെയുന്നു? എവിടെയാ ? നാട്ടിലാണോ? അമ്മ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.” ഗംഗയും ഡോക്ടറാണ്.പീഡിയാട്രീഷ്യൻ . ഇപ്പോൾ എവിടെയാണെന്നറിയില്ല. “അമ്മ അമ്പരന്ന് ഡോക്ടറെ നോക്കി.” ഈ ഫോട്ടോ എടുത്തശേഷം കഷ്ടിച്ച് ഏഴ് ദിവസമാണ് ഗംഗ എൻ്റെ കൂടെ ഉണ്ടായത്. ആ ഏഴ് നാളും മണിയറയിൽ ഞങ്ങളുറങ്ങിയത് വെറും സുഹൃത്തുക്കൾ മാത്രമായിട്ടായിരുന്നു..ശരീരം കൊണ്ടും മനസ്സുകൊണ്ടും എന്നിൽ നിന്ന് വലിയൊരകലം അവൾ പാലിച്ചിരുന്നു.
എട്ടാം നാൾ ഞാനുണർന്ന് നോക്കുമ്പോൾ ഗംഗക്ക് പകരം അവളെഴുതിയ കത്ത് കട്ടിലിൽ കിടപ്പുണ്ടായിരുന്നു . ഗംഗ സ്നേഹിച്ചിരുന്ന ആളുടെ കൂടെ അവൾ പോകുന്നുവെന്നായിരുന്നു അതിൽ എഴുതിയിരുന്നത് . ഭർത്താവിൻ്റെ അവകാശം എടുത്ത് അവളുടെ ശരീരം കളങ്കമാക്കാത്തതിനുള്ള നന്ദിയും.
കൂടെ ഞാൻ കെട്ടിയ താലിമാലയും .”അമ്മ ഞെട്ടലോടെ കേട്ടിരിക്കുകയാണ്.”വിവാഹം കഴിച്ച സ്ത്രീ എട്ടാം നാൾ കാമുകൻ്റെ കൂടെ പോയതിൻ്റെ നാണക്കേട് ,മറ്റുള്ളവരുടെ പരിഹാസം, സഹതാപം, ആശ്വസിപ്പിക്കൽ. എൻ്റെ ഫ്രൊഫഷനെ തന്നെ ബാധിക്കുമെന്നായപ്പോൾ ഞാൻ ലോങ് ലീവെടുത്ത് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു . ഒടുവിൽ മനസ്സൊന്ന് ആറി തണുത്തപ്പഴാ വിണ്ടും ഞാൻ ജോലിയിൽ കയറിയത്.പക്ഷേ ഗംഗയും അവളുടെ ശരീരവും രൂപവും എൻറെ മനസ്സിൽ ഇപ്പോഴും തെളിഞ്ഞ് നിൽക്കുന്നുണ്ട് . ഇവിടെ വെച്ച് നിന്നെ ആദ്യമായി കണ്ടത് മുതൽ അത് വീണ്ടും അഗ്നിയായി ജ്വലിച്ചു തുടങ്ങി. നിന്നെ ഞാൻ ഇപ്പോൾ കാണുന്നത് എൻ്റെ ഗംഗയായിട്ടാണ് .