രാഘവൻ ചേട്ടൻ മദീന ഹോട്ടലിലെ മട്ടൻ ബിരിയാണിയുടെ രുചി മനസ്സിൽ ആസ്വദിച്ചുകൊണ്ട് പുറത്തേക്ക് പോയി.അമ്മ എഴുന്നേറ്റ് യൂണിഫോം ശരിയാക്കി ഡോക്ടർ മാധവന്റെ കൺസൾട്ടിംഗ് റൂമിലേക്കും. ഓ.പി.യിൽ രോഗികൾ ഇന്ന് തീരെ കുറവാണ്. ഡോക്ടറുടെ മുറിക്കു മുന്നിലെത്തി അമ്മ പതിയെ വാതിലിൽ മുട്ടി.” മേ ഐ കം ഇൻ സർ ? “‘ പ്ലീസ് “. അകത്ത് നിന്ന് ഡോക്ടറുടെ ശബ്ദം കേട്ടു.അമ്മ പതുക്കെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി വാതിൽ ചാരി. ഡോക്ടറുടെ മേശ മുഴുവൻ പുസ്തകങ്ങൾ!.മെഡിക്കൽ ബുക്കുകൾ അതിൽ വളരെ കുറവാണ്. എല്ലാം നോവലുകളും ചെറുകഥകളുമൊക്കെയാണ് .
ഇംഗ്ലീഷും മലയാളവും എല്ലാമുണ്ട്. ഇത്രയധികം പുസ്തകങ്ങൾ ഈ മുറിയിലുണ്ടായിരുന്നോ?. ഇതെല്ലാം ഇവിടെ എവിടെയായിരുന്നാവോ? .അമ്മ മാധവൻ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.അവിടെ ദേഷ്യമില്ല.അറ്റൻഡ് രാഘവൻ ചേട്ടൻ പറഞ്ഞത് ചൂടിലാണെന്നാണല്ലോ.ഒരുപക്ഷേ രാഘവൻചേട്ടൻ തന്നെ കളിപ്പിക്കാൻ പറഞ്ഞതാവും. “എനിക്ക് ട്രാൻസ്ഫർ ആയ കാര്യം പ്രമീള അറിഞ്ഞല്ലോ അല്ലേ “”അറിഞ്ഞു.ശാരദ സിസ്റ്റർപറഞ്ഞു. ഡോക്ടറ് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയതാണെന്നും പറഞ്ഞു. ഞങ്ങളെയൊക്കെ മടുത്തു കാണും അല്ലേ “?അങ്ങനെയല്ലെടോ മനുഷ്യർ?. എല്ലാം കുറെ കഴിയുമ്പോൾ മടുക്കും.
ആളുകളും സ്ഥലവും വീടും ബന്ധങ്ങളും എല്ലാം.” പകുതി കളിയായും പകുതി കാര്യമായും ഡോക്ടർ പറഞ്ഞു.”ഇവിടെ ഏറ്റവും അധികം പേഷ്യൻസ് ഉള്ളത് ഡോക്ടർക്കാണ്. ഡോക്ടറുടെ നഷ്ടം കൂടുതൽ ബാധിക്കുക അവരെയാവും ” .” വെറും തോന്നലാണ് ! ‘എന്നേക്കാൾ നല്ല ഒരു ഡോക്ടറെ കിട്ടുമ്പോൾ അവർ എന്നെ മറക്കും ! .മറ്റുള്ളവർക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ് നമ്മളെന്ന് കരുതുന്നതാണ് നമ്മുടെ ആനമണ്ടത്തരം. ശരിയല്ലേ!”. അമ്മക്കതിന് ഉത്തരമില്ലായിരുന്നു. വിഷയം മാറ്റാനായി അമ്മ ചോദിച്ചു”ഡോക്ടർ ഒരുപാട് വായിക്കും ല്ലേ?’മേശപ്പുറത്ത് കിടക്കുന്ന പുസ്തകങ്ങൾ നോക്കി അമ്മ ഡോക്ടറോട് ചോദിച്ചു.”