രണ്ടാം വളവിൽ ജീപ്പ് നിർത്തിയിട്ടിരിക്കുന്നത് ടോണി കണ്ടു.
അവൻ അടുത്തെത്തിയപ്പോൾ മാത്തുക്കുട്ടി ജീപ്പ് ഉള്ളിലേക്കുള്ള കാട്ടുപാതയിലേക്ക് കയറ്റി. പിന്നാലെ ടോണിയും.
കുറച്ച് ദൂരം കാട്ടിലൂടെ മുന്നോട്ട് പോയി മാത്തുക്കുട്ടി ജീപ്പ് നിർത്തി.
നല്ല മൂടൽമഞ്ഞിലൂടെ നിലാവ് പാൽ പോലെ പ്രകാശം പരത്തുണ്ടായിരുന്നു. എല്ലാവരും വണ്ടിയിൽ നിന്നിറങ്ങി.
അവിടുത്തെ സെറ്റപ്പ് കണ്ട് ടോണിയൊന്നമ്പരന്നു.
മുകൾ ഭാഗം പരന്ന്, ഒരു മേശ പോലെ ഒരു പാറ.. അതിന് ചുറ്റും സ്റ്റൂളിന്റെ ഉയരത്തിൽ നാലഞ്ച് പാറക്കല്ലുകൾ.. ഷംസു എല്ലാമെടുത്ത് പാറയിൽ നിരത്തി. എല്ലാവരും ഇരുന്നു.
“”ടോണിച്ചാ.. ഞങ്ങളങ്ങിനെ സ്ഥിരം അടിയൊന്നുമില്ല..ആർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ ഒരു ചെറുത് വാങ്ങി ഇങ്ങോട്ട് വരും.. ഈ സെറ്റപ്പൊ ഞങ്ങളുണ്ടാക്കിയതാ… “
മാത്തുക്കുട്ടി, കുപ്പിപൊട്ടിച്ച് കൊണ്ട് പറഞ്ഞു.
ഷംസു, ധൃതി കൂട്ടി നാല് ഗ്ലാസിലേക്ക് സാധനമൊഴിച്ച്, വെള്ളവുമൊഴിച്ചു.
നാലാളും ഗ്ലാസെടുത്ത് ചിയേഴ്സ് പറഞ്ഞ് ഓരോ സിപ്പെടുത്തു.
ഗ്ലാസ് മേശപ്പുറത്ത് വെച്ച് കുറച്ച് മിച്ചറ് വാരി വായിലിട്ടു.
ഷംസുവിന്റെ ഗ്ലാസ് വെച്ചപ്പോൾ അതിലൊരു തുള്ളിയും ഉണ്ടായിരുന്നില്ല. ഒറ്റവലിക്ക് തന്നെ അതവൻ കാലിയാക്കി..
രാവിലെ മുതലുള്ള മനസിന്റെ പിടപ്പ് അവൻ കടിച്ച്പിടിച്ചിരിക്കുകയായിരുന്നു.
ടോണി, ഒരു സിഗററ്റ് കൊളുത്തി ഷംസുവിനെ നോക്കി.
“ ഒന്ന് വലിക്കണോടാ… ?’”
വലിയില്ലാത്ത ഷംസു, ടോണി കൊടുത്ത പാക്കറ്റിൽ നിന്നുംഒന്നെടുത്ത് കത്തിച്ചു.