അദ്ദേഹം യാത്ര പറഞ്ഞ് പോയി.
നാസർ സാർ കോഴിക്കോട്ട് കാരനാണ്.. ഭാര്യയും മക്കളുമൊക്കെ നാട്ടിലാണ്. അദേഹം ഇവിടെ ക്വോർട്ടേഴ്സിലും.. നല്ല വെള്ളമടിക്കാരനാണ്.. നാട്ടിലൊന്നും അധികം പോകാറില്ല.. ഇപ്പോൾ മണിമല തന്നെയാണ് അയാളുടേയും നാട്. ഭാര്യക്ക് ആവശ്യത്തിനുള്ള പൈസ അയച്ച് കൊടുക്കും.. ഇവിടെ ഒന്ന് രണ്ട് കുറ്റിയൊക്കെ അയാൾക്കുണ്ട്.
എങ്കിലും ആള് നല്ലവനാണ്.. സഹൃദയനും, നല്ലൊരു സഹായിയുമാണയാൾ.. മണിമലക്കാർക്ക് എന്ത് സഹായത്തിനും അയാൾ ഓടിയെത്തും…
ഷംസു, ആരേയുംശ്രദ്ധിക്കുന്നില്ല, ഒന്നും ശ്രദ്ധിക്കുന്നില്ല. കഠിനമായജോലിയിലാണവൻ.
കൈകോട്ട് നിർത്താതെ ഉയർന്ന് താഴുകയാണ്.. എന്തോ പിടിച്ചടക്കിയ ആവേശത്തോടെയാണവൻ പണിയെടുക്കുന്നത്.. ഒരു ക്ഷീണമോ,തളർച്ചയോ അവനില്ല.
ടോണിയത് പ്രത്യേകംശ്രദ്ധിക്കുന്നുണ്ട്..
ചിലനേരത്ത് ടോണിയുടെ മുഖത്തേക്ക് നോക്കിയാണവൻ ആഞ്ഞ് വെട്ടുന്നത്.. ഇവന് കാര്യമായെന്തോ പ്രശ്നമുണ്ടെന്ന് തന്നെ ടോണി ഉറപ്പിച്ചു.
എല്ലാം ടോണി ഉദ്ദേശിച്ച പോലെത്തന്നെ വൃത്തിയാക്കി. ഇനി രാവിലെ സുരേഷേട്ടൻ വന്ന് പണി തുടങ്ങിയാൽ മതി.
ഇരുട്ടും, മഞ്ഞും സാവധാനം വന്ന് പൊതിഞ്ഞു കൊണ്ടിരുന്നു.
ടോണി എല്ലാവർക്കും ചായയെടുക്കാൻ കറിയാച്ചനോട് പറഞ്ഞു.
ചായ കുടി കഴിഞ്ഞ് ടോണി അകത്ത് ചെന്ന് ഒരു ഷർട്ടെടുത്തിട്ട് വന്ന് മാത്തുക്കുട്ടിയോട് കണ്ണ് കാട്ടി.
അവൻ സുനിക്കുട്ടനേയും, ഷംസുവിനേയും വിളിച്ച് ജീപ്പിൽ കയറി.
ജീപ്പ് താഴോട്ട് ഓടിച്ചു പോയി.
കറിയാച്ചനോട് ഇപ്പ വരാം എന്ന് പറഞ്ഞ് ടോണിയും ബുള്ളറ്റിൽ കയറി താഴേക്ക് പോയി.
ജനലിലൂടെ അത് നോക്കി നിന്ന നാൻസി, അവനെ കെട്ടിപ്പിടിച്ച്,ആ ബുള്ളറ്റിന്റെ പിന്നിലിരുന്ന് പോകുന്നത് പുളച്ചിലോടെ ഒന്നോർത്തു നോക്കി.