ടും.. ടും… ഡാ… അരുണേ… ഡാ….
അന്തരീക്ഷത്തിൽ നിന്നും അശരീരി പോലെ ഒരു ശബ്ദം അവന്റെ കർണപടങ്ങളെ തുളച്ച് കടന്നു പോയി.. അല്ല അശരീരിയല്ല വീണ്ടും ആ ശബ്ദം അവന്റെ മൂറിയിൽ മുഴങ്ങി.
ഡും ഡും…
വാതിലിൽ ആരോ ആഞ്ഞ് മുട്ടുന്നുണ്ട് അരുൺ മെല്ലെ കണ്ണ് തിരുമ്മി എഴുന്നേറ്റു ഉടുത്തിരുന്ന കാവി മുണ്ട് തപ്പാൻ തുടങ്ങി. വളരെ ഭദ്രമായി കട്ടിലിനടിയിൽ ഒളിച്ചിരുന്ന മുണ്ടും എടുത്തുട് വാതിൽ തുറന്നു. ഭദ്രകാളിയെ പോലെ ഉറഞ്ഞ് തുള്ളി നിൽക്കുകയാണ് അരുണിന്റെ അമ്മ.
സമയമെത്രയായെടാ ..
“എട്ടര” അവൻ ഭിത്തിയിലെ ക്ലോക്കിലേക്ക് ഒന്നു പാളിനോക്കികൊണ്ട് പറഞ്ഞു
എട്ടെര പോലും അതിനൊരു ബാറ്ററി വാങ്ങിയിടാൻ അച്ഛനോടും മോനോടും പറഞ്ഞിട്ട് ആഴ്ച ഒന്നായി. ആരോട് പറയാൻ ആര് കേൾക്കാൻ അമ്മ പിറുപിറുത്തു..
ദാ നോക്ക് അരുണിന്റെ ഫോണെടുത്ത് അവന്റെ നേരെ നീട്ടി പത്ത് കഴിഞ്ഞു, എന്നിട്ടും അവന് തല പൊന്തിയില്ല. അതെങ്ങനാ ഇന്നലെ നാല് കാലിലല്ലെ കേറി വന്നത് .
താൻ എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നറിയാവുന്നത് കൊണ്ട് അരുൺ ഒരു പാവത്താനെ പൊലെ അമ്മ പറയുന്ന വഴക്കും കേട്ടിരുന്നു.
നീ വേഗം കുളിച്ച് റെഡിയായേ എനിക്ക് വീട് വരെ ഒന്ന് പോണം.
അമ്മ ബസ്സിനാറ്റം പോയ്ക്കോ എനക്ക് കയ്യേല ആകെ ഒരു ഞാറാഴ്ചയാ ഇള്ളേ..
പിന്നേ ബസ്സിന് പോകാൻ ആണല്ലോ നിന്നെ പെറ്റ് പോറ്റി ഇത്രേം ഒക്കെ ആക്കിയത്. നിനക്ക് അരമണിക്കൂർ സമയമുണ്ട് വേഗം റെഡിയായി താഴേക്ക് വാ… ആ ശബ്ദത്തിന് നേരത്തെതിനെക്കാൾ ഒരല്പം ഗാംഭീര്യമുണ്ടായിരുന്നു. പ്രപഞ്ചത്തിലെ പോരാളിയുടെ ആ ശബ്ദത്തെ അനുസരിക്കുക എന്നത് മാത്രമായിരുന്നു അരുണിന്റെ മുന്നിലുള്ള ഏക വഴി ..