“മ്മ് ഇങ്ങു കേറിവാ രണ്ടു പേരും.. ഇത് നിങ്ങടെ അമ്മമാരുടെ മഹി അച്ഛന്റെ വക ഗിഫ്റ്റാ.. ഒരു തവണ ഇവിടെ വന്നപ്പോ അവനറിഞ്ഞു ഇവർക്കു രണ്ടു ആൺകുട്ടികളാണെന്ന്. അതു കഴിഞ്ഞു വന്നപ്പോ അവനിവിടെ ഏല്പിച്ചിട്ടു പോയതാ ഇത്. നിങ്ങള് വരുമ്പോ കൊടുക്കാൻ പറഞ്ഞ്…” വസുകി ഒരു തടിപ്പെട്ടി തുറന്നു അതിൽ നിന്നു രണ്ടു മാല എടുത്തു.
സിംഹത്തിന്റെ തലയുള്ളൊരു ലോക്കറ്റ് അതിന്റെ തലയുടെ താഴേക്കു രണ്ടു പുലിനഖം. സ്വർണത്തിലാണ് സിംഹത്തിന്റെ തലയും മാലയും എല്ലാം കാണാൻ നല്ല എടുപ്പുള്ളൊരു മാല അച്ചൂനും കിച്ചൂനും മാല ശരിക്കങ്ങിഷ്ടപ്പെട്ടു.
“ഇത് പുലിനഖം ആണോ ദേവച്ചാ?”
“അല്ലെടാ മക്കളെ… പുലിക്കുട്ടികൾക്കല്ലേ പുലിനഖം. ഇത് ഞങ്ങടെ സിംഹകുട്ടികൾക്ക് സിംഹത്തിന്റെ നഖം. അവനെതോ കാട്ടിലോ മേട്ടിലോ ഒക്കെ നടന്നു ഒപ്പിച്ചോണ്ട് വന്നതാ ആ മാലയും ലോക്കറ്റുമൊക്കെ അവൻ തന്നെ പണിയിപ്പിച്ചതാ…”
“കോളടിച്ചല്ലോ… എന്തായാലും അടിപൊളി ആയിടുണ്ട് അല്ലേടി സരു….”
” മ്മ് പൊളിച്ചിട്ടുണ്ട്… പക്ഷെ മഹി അച്ഛനിങ്ങു വരട്ടെ അവന്മാർക്ക് മാത്രം ഇത് കൊണ്ടിവിടെ ഏല്പിച്ചതിന്റെ കാര്യമൊന്നു ചോദിക്കണമല്ലോ… ഹും ഞങ്ങളെന്താ രണ്ടാം കെട്ടിലെയാ…. ”
“ഹോ നിങ്ങള് നടക്കു പിള്ളേരെ അങ്ങിട്ടു ഇതിങ്ങനെ കുശുമ്പ് പിടിച്ച സാധനങ്ങള്…” വസുകി അച്ചൂനേം കിച്ചൂനേം തള്ളി കൊണ്ട് വെളിലൊട്ടിറങ്ങി… അവന്മാര് മാലേടെ ഭംഗിയൊക്കെ നോക്കി ആണ് നടക്കുന്നെ…
“വന്നു കേറിങ്ങോട്ടു കുശുമ്പികോതകളെ..”വസുകി വണ്ടിയിൽ കേറിയിരുന്നു വിളിച്ചു. സമ്മും സരും ചുണ്ടും കൂർപ്പിച്ചു കവിളും വീർപ്പിച്ചു വന്നു വണ്ടിയിൽ കേറി. അച്ചും കിച്ചും ഫ്രണ്ടിലും ബാക്കി നാലുപേരും പുറകിലുമായിട്ടാണ് കേറിയത്… ആ ലാൻഡ്റോവർ ഡിഫെൻഡർ അവരെയും വഹിച്ചു കൊണ്ട് പാലോട്ട്മംഗലത്തു നിന്നു ക്ഷേത്രത്തിലേക്കു യാത്ര തിരിച്ചു.