പൊടുന്നനെ ബെല്ലടിച്ചു.. ഷൈനിയുടെ മനസ്സിൽ അസാധാരണമായ ഒരു ഭയം നിറഞ്ഞുകൂടി. ക്ലാസിലെ പെൺകുട്ടികൾ എല്ലാവരും അവരുടെ ഇരുത്തം ശരിയാക്കി ക്ലാസ്സിലെ പോഡിയത്തിലേക്ക് ശ്രദ്ധ തിരിച്ചു. നിമിഷങ്ങൾക്കകം റീന മിസ്സ് ക്ളാസിലേക്ക് പ്രവേശിച്ചു. എല്ലാവരും എഴുന്നേറ്റ് നിന്നുകൊണ്ട് മിസ്സിന് ഗുഡ് മോർണിംഗ് പറഞ്ഞു.
അവരുടെ ക്ലാസ് ടീച്ചറും കെമിസ്ട്രി ടീച്ചറുമായിരുന്നു റീന മിസ്. അവരൊരു പച്ച കരയുള്ള സിൽക്ക് സാരിയായിരുന്നു അന്നേ ദിവസം ഉടുത്തിരുന്നത്. എല്ലാവരും സീറ്റിൽ ഇരുന്ന ശേഷം മിസ് അറ്റൻഡൻസ് വിളിക്കാൻ തുടങ്ങി.
“ഷൈനി, കുട്ടിയിന്നലെ ആബ്സന്റ് ആയിരുന്നോ..??”
മിസ് അറ്റൻഡൻസ് രജിസ്റ്ററിൽ നിന്നും മുഖം ഉയർത്തി ചോദിച്ചു.
“അതെ മിസ് ”
“എന്നിട്ട് ലീവ് ലെറ്റർ കൊണ്ടുവന്നിട്ടുണ്ടോ..”
റീന മിസ്സിന്റെ അധികാര ഭാവത്തിലുള്ള ശബ്ദം ഇന്ന് ഷൈനിയെ പതിവിലേറെ അലട്ടുന്നുണ്ടോ?? അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.. അവൾ ബാഗ് തപ്പി ആ ലെറ്റർ പുറത്തെടുക്കും വരെയും അവളുടെ വിരലുകൾ വിറയ്ക്കുകയായിരുന്നു.
അവൾ അതെടുത്ത് റീന മിസ്സിനടുത്തേക്ക് നടന്നു. ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഇപ്പോൾ തന്നെ തന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന ബോധ്യം അവളെ വല്ലാതാക്കി..
ഷൈനി എന്നും റീന മിസ്സിന് ഒരു തലവേദനയായിരുന്നു. ക്ലാസിൽ ഏറ്റവും താഴ്ന്ന മാർക്ക് വാങ്ങുന്നു എന്നതിലുപരി ആ കുട്ടിയെ അവളുടെ ബോയ്ഫ്രണ്ടുമൊന്നിച്ചു പല സ്ഥലങ്ങളിലും അവർ മുഖാമുഖം കണ്ടിട്ടുമുണ്ട്.. എന്തൊക്കെ വേഷങ്ങളാണ് ഈ കുട്ടി ധരിക്കുന്നത്.. മുട്ടുപോലും മറയാത്ത സ്കർട്ടുകൾ, പൊക്കിൾ മറയാത്ത ടോപ്പുകൾ.. ക്ളാസിലാണെങ്കിൽ പലവട്ടം ഉറങ്ങിയതിനു പിടിച്ചിട്ടുണ്ട്. ഓരോ തവണ പിടിക്കുമ്പോഴും അവളെ ക്ലാസിനു വെളിയിൽ നിർത്തും.. പാരന്റ്സിനെ വിവരമറിയിക്കുകയും ചെയ്യും.. എന്നിട്ടും ഒരു മാറ്റവുമുണ്ടായില്ല.. പിന്നെയും അതെ തെറ്റുകൾ അവൾ ആവർത്തിക്കും.
ഇനോര്ഗാനിക്ക് കെമിസ്ട്രി ടെസ്റ്റിന് അവൾക്ക് ആനമുട്ടയാണ് മാർക്ക്. അന്ന് തന്നെ പാരന്റ്സിനെ അറിയിച്ചതാ.. എന്നിട്ടും രക്ഷയില്ല..