എല്ലാവരും കയ്യടിച്ചു.. അതിൽ സർപ്രൈസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.. അവൾ തന്നെയായിരുന്നു ക്ലാസിൽ മിക്കവാറും ടോപ്പ് സ്‌കോറർ.. ഇത്രയും സ്‌കോർ ഒന്നും കിട്ടാറില്ലായിരുന്നു എന്നു മാത്രം..
“ക്ലാസിന്റെ ആവറേജ് മാർക്കും ഇത്തവണ കൂടുതലാണ് 74.5″”
ഷൈനിക്ക് തന്റെ അടിവയറ്റിൽ ഏന്തോ ഉരുണ്ടുകൂടുന്നത് അറിയാനായി.. താൻ എന്തായാലും ക്ലാസ് ആവറെജിന് താഴെയാണെന്നു മനസ്സിലായി… പക്ഷെ താൻ തന്നെയാവുമോ ഏറ്റവും കുറഞ്ഞ മാർക്ക് വാങ്ങിയ ആ വിദ്യാർത്ഥി.. ഷൈനിയുടെ ഹൃദയം പടപട മിടിച്ചു.
“ക്ലാസിലെ ഏറ്റവും കുറഞ്ഞ മാർക്ക്…” റീന മിസ് അതു പറഞ്ഞ ശേഷം മുഖമൊന്നുയർത്തി ചുറ്റും നോക്കി..
“അൻപത്തി…”
“ഒന്പതെന്ന് പറയരുതെ…” ഷൈനി സ്വന്തം മനസ്സിൽ മുട്ടിപ്പായി പറഞ്ഞു. പക്ഷെ ഷൈനിയുടെ പ്രതീക്ഷ അസ്ഥാനത്താക്കികൊണ്ട് മിസ് പറഞ്ഞു..
“ഒൻപത്..”
മിസ് പറഞ്ഞു നിർത്തി….ലോകം ഒരു വേള നിശ്ചലമായതായി ഷൈനിക്ക് തോന്നി.. ചുറ്റുമുള്ളതെല്ലാം തിരിച്ചറിയാൻ കഴിയാത്ത ഒരു തരം തരിപ്പ് അവളുടെ ശരീരത്തെ ആവേശിച്ചു.. അവൾ റീന മിസ്സിന്റെ മുഖത്തോട്ട് നോക്കി.. എന്താണ് ആ മുഖത്തെന്നു വായിക്കാനാവുന്നില്ല.. ചില പെണ്കുട്ടികൾ അവളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. അൽപ നേരം കഴിഞ്ഞപ്പോൾ മുഴുവൻ ക്ലാസും അവളെ തുറിച്ചു നോക്കാൻ തുടങ്ങി.. താൻ അറിയാതെ വിറയ്ക്കുന്നത് പോലെ ഷൈനിക്ക് തോന്നി.. ക്ലാസ് നിശ്ശബ്ദമായതാണോ അതോ തനിക്കൊന്നും കേൾക്കാൻ കഴിയാത്തതാണോ എന്ന സംശയം അവളുടെ മനസ്സിൽ ഉയർന്നു.. അവൾ അറിയാതെ തന്നെ തന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു.. റീന മിസ്സിന്റെ നോട്ടം തന്നിലേക്ക് തുളച്ചു കയറുന്നത് അവൾക്ക് തിരിച്ചറിയാമായിരുന്നു..