ഇപ്പൊ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം അതായിരുന്നതിനാൽ ഞാൻ അപ്പൊ തന്നെ സമ്മതിച്ചു. ഞാനും ഗിരിയും കാറിനകത്തു, ഗിരിയുടെ ഫ്രണ്ട് വരുന്നതും കാത്തിരുന്നു. ഇടയ്ക്കു എന്തെങ്കിലും ഒക്കെ സംസാരിക്കും. രക്ഷപ്പെടാൻ വഴി തെളിഞ്ഞപ്പോൾ എന്റെ പേടിയും, സങ്കടവും എല്ലാം പതിയെ മാറി.
” അർജുൻ…. ഓഹ് നാശം ” അപ്പോഴാണ് അർജുന്റെ കാര്യം എനിക്ക് ഓർമ വന്നത്.
ഈ സംഭവ വികസങ്ങൾ അർജുനെ അറിയിച്ചിട്ടില്ല. അവനോട് പറഞ്ഞാൽ അവൻ ചൂടാകും.. പക്ഷെ പറയാതിരിക്കാനും പറ്റില്ല.
ഞാൻ കാറിൽ നിന്നുമിറങ്ങി കുറച്ച് മാറി നിന്നു, കുറച്ച് പേടിയോടെ അർജുനെ വിളിച്ചു. ഫോൺ റിങ് ചെയ്തെങ്കിലും അവൻ എടുത്തില്ല. ഞാൻ ഒന്നുകൂടി വിളിച്ചു. അപ്പോഴും അവൻ എടുത്തില്ല. മ്മ്.. ചിലപ്പോൾ മീറ്റിംഗ് കഴിഞ്ഞിട്ടുണ്ടാകില്ല.
ഞാൻ വീണ്ടും കാറിനകത്തു പോയി ഇരുന്നു. ഞാനും ഗിരിയും എന്തൊക്കെയോ സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഗിരി പുറത്തിറങ്ങി ഒരു സിഗരറ്റിനു തീ കൊടുത്തു.ചുറ്റും ഇരുട്ട് പരന്നിരുന്നു . പപ്പുവിനെ കാത്തിരുന്ന് എനിക്ക് മടുപ്പു തോന്നി തുടങ്ങി.
” എന്ത് പേരാണിത്…” പപ്പു”??? കൊച്ചു കുട്ടികളുടെ പേരുപോലെ. എനിക്ക് ചിരി വന്നു , ഒരു കൊച്ചു കുട്ടിയാണോ ഞങ്ങളെ ഇവിടെ നിന്നും രക്ഷിക്കാൻ പോകുന്നത്???
പപ്പുവിനെ കാണാൻ എങ്ങനെ ആയിരിക്കും എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ ഗിരി എന്നോട് പറഞ്ഞു.. ” ആാാ അവൻ വരുന്നുണ്ട് ”
ഒരു വലിയ പിക്കപ്പ് വാൻ റോഡിന്റെ സൈഡിൽ സ്ലോ ആക്കി, പിന്നെ അത് പതുക്കെ ഞങളുടെ അടുത്തേക്ക് നീങ്ങി. അതിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കാരണം എനിക്ക് ഒന്നും കാണാൻ പറ്റാത്ത സ്ഥിതിയായി. ഞാൻ എന്റെ കൈകൾ കൊണ്ട് ലൈറ്റ് കണ്ണിൽ വീഴുന്നത് തടഞ്ഞു.
ആ വാൻ ഞങളുടെ അടുത്ത് വന്ന് നിന്നു, അതിൽ നിന്നും ഒരാൾ ഇറങ്ങി ഞങളുടെ അടുത്തേക്ക് വന്നു.