എന്റെ തലച്ചോർ ധ്രുത ഗതിയിൽ പ്രവർത്തിച്ചു. സ്റ്റിയറിങ് വലത്തേക്കു തിരിഞ്ഞു, കാലുകൾ ബ്രേക്കിൽ അമർന്നു. വണ്ടിയുടെ വേഗത കുറയാൻ സമയമെടുത്തു. പൊടിപടലം അന്തരീക്ഷത്തിൽ നിറഞ്ഞു. ഞാൻ കണ്ണുകളടച്ചു, അറിയാതെ ഒരു നിലവിളി ഉയർന്നു. കൃത്യ സമയത്തു വലത്തേക്ക് തിരിച്ച കാരണം കാറിന്റെ ഇടത്തെ സൈഡ് മാത്രമേ ആല്മരത്തിൽ തട്ടിയുള്ളൂ. വലിയ ശബ്ദത്തോടെ വണ്ടി നിന്നു.
ഞാൻ എപ്പോഴും സീറ്റ് ബെൽറ്റ് ഇടുമായിരുന്നു. അല്ലെങ്കിൽ ഇടിയുടെ ആഘാതത്തിൽ ഞാൻ തെറിച്ച് പോയി ആൽമരത്തിൽ ഇടിച്ചേനെ.. വണ്ടി നിന്നു എന്ന തിരിച്ചറിവ് ഉണ്ടാകാൻ ഏകദേശം ഒരു മിനുട്ട് എടുത്തു. ഞാൻ പതിയെ കണ്ണുതുറന്നു, ചുറ്റും നോക്കി. ഞാൻ ജീവനോടെ ഉണ്ടെന്നകാര്യം എനിക്ക് ആശ്വാസം നൽകി. വണ്ടി ഇടിച്ച ഷോക്കിൽ ഞാൻ കരയാൻ പോലും മറന്നു.
എന്റെ ശരീരം കിടുകിടാ വിറക്കുന്നുണ്ടായിരുന്നു. ഞാൻ എങ്ങനെയൊക്കെയോ ഡോർ തുറന്നു പുറത്തിറങ്ങി. വിറക്കുന്ന കാലുകളോടെ ഞാൻ വണ്ടിയുടെ മുന്നിലേക്ക് നടന്നു.
“” ഓഒഹ്ഹ് ഷിറ്റ്… തകർന്നു തരിപ്പണമായി..”
ഇടത്തെ സൈഡിലെ ഹെഡ് ലൈറ്റ് മുഴുവനായും തകർന്നു. ബോണറ്റ് തരിപ്പണമായി, വിൻഡ്ഷീൽഡ് ഞെളങ്ങി…. ആകെ പാടെ നാശമായി..
ഞാൻ ബൊണറ്റിൽ കയറിയിരുന്നു.
” ആകെ കുഴപ്പമായല്ലോ!!!” എന്റെ കണ്ണുകൾ നിറഞ്ഞ്, കണ്ണീർ ധാര ധാരയായി ഒഴുകാൻ തുടങ്ങി. ഇ സ്ഥലത്തു പെട്ടുപോയല്ലോ എന്ന പേടിയും, എനിക്ക് വേറെ ഒന്നും പറ്റിയില്ലല്ലോ എന്ന സന്തോഷവും…
” അർജുൻ എന്നെ കൊല്ലും ” ഞാൻ ആലോചിച്ചു. അവന് നല്ല ദേഷ്യം വരും, കഴിഞ്ഞ ദിവസമാണ് പുതിയ കാർ വാങ്ങാം എന്ന് അർജുൻ പറഞ്ഞത്. ഇതെങ്ങാനും അർജുൻ അറിഞ്ഞാൽ പിന്നെ പുതിയ കാർ വാങ്ങില്ലെന്നു മാത്രമല്ല, കാർ ഡ്രൈവ് ചെയ്യാൻ പോലും സമ്മതിക്കില്ല.