ചുറ്റും വിശാലമായ പാടങ്ങൾ ഉണ്ടായിരുന്ന കാരണംകൊണ്ടും, നല്ല കാറ്റും , തണുത്ത കാലാവസ്ഥയും കാരണം എനിക്ക് നല്ലതുപോലെ തണുക്കാൻ തുടങ്ങി. ഇങ്ങനെയൊരു സാഹചര്യത്തിൽ എത്തിപ്പെടും എന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാതിരുന്ന കാരണം സ്വെറ്ററോ, പുതപ്പോ ഒന്നും തന്നെ ഞാൻ എടുത്തിരുന്നില്ല. ബെഡിൽ കിടന്നിരുന്ന കട്ടിയുള്ള പുതപ്പ് എടുത്ത് ഞാൻ പുതച്ചു. ഉറങ്ങാനായി ശ്രമിച്ചെങ്കിലും, കണ്ണടച്ചാൽ ഉടനെ ഇന്ന് നടന്ന കാര്യങ്ങൾ എന്റെ മുന്നിൽ തെളിഞ്ഞു വന്നു.
കാർ ആല്മരത്തിൽ ഇടിക്കാനായതും ഞാൻ കണ്ണുതുറന്നു. ഗിരിയും പപ്പുവും സംസാരിക്കുന്നതും, തട്ടുന്നതിന്റെയും മുട്ടുന്നതിന്റെയും ശബ്ദം എനിക്ക് കേൾക്കാം. മുകളിൽ കറങ്ങുന്ന തുരുമ്പു പിടിച്ച ഫാൻ നോക്കി ഞാൻ അവിടെ കിടന്നു.
എന്തായാലും വലിയ അപകടം ഒന്നും പറ്റിയില്ലല്ലോ,, ഗിരി വന്നില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ആ റോഡ് സൈഡിൽ നിൽക്കുന്നുണ്ടായേനെ..ചിലപ്പോൾ കള്ളന്മാർ എന്നെ പിടിച്ചേനെ… ഹോ അങ്ങനെ ഒന്നും ഉണ്ടായില്ല ഭാഗ്യം!!!
അത്രയ്ക്ക് നല്ല സാഹചര്യം അല്ലെങ്കിലും ഒരു ആശ്വാസം ഉണ്ട്. എന്റെ സഹായത്തിനു രണ്ടു ആണുങ്ങളുണ്ട്. ഗിരിയെ എനിക്ക് നല്ലതുപോലെ അറിയാം, അവന്റെ കൂട്ടുകാരനും.ഇപ്പോൾ കിടക്കാൻ ഒരു മുറിയും, പുതക്കാൻ പുതപ്പും.അവർ എന്റെ കാർ നന്നാക്കി തരും. നാളെ രാവിലെ വീട്ടിൽ പോകാം.മൊത്തത്തിൽ ഞാൻ ഓക്കേ ആണ്.. അങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ ഉറങ്ങി പോയി.
പട്ടികളുടെ ഓളിയിടലും, നല്ല തണുത്ത കാറ്റുമാണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. ഞാൻ എണീക്കാൻ ഉണ്ടായ മറ്റൊരു കാരണം വിശപ്പായിരുന്നു. ഉച്ചക്ക് എന്തെങ്കിലും കഴിച്ചതാണ്, അതിനുശേഷം ഒന്നും കഴിച്ചിട്ടില്ല.പേടിയും ടെൻഷനും എന്റെ വിശപ്പു അറിയാതിരിക്കാനുള്ള ഒരു കാരണമായി, പക്ഷെ ഇപ്പോൾ എനിക്ക് വിശന്നിട്ട് ഒരു രക്ഷയും ഇല്ലായിരുന്നു.