“ എന്റെ പേര് അബൂബക്കർ.. ദാ..ആ വളവ് കഴിഞ്ഞാൽ എന്റെ വീടായി..നമുക്ക് വീട്ടിൽ പോയി ഓരോ ചായ കുടിച്ച് വന്നാലോ… ? “
വളരെ സൗഹാർദത്തോടെ അയാൾ ചോദിച്ചു. ടോണിക്ക് പെട്ടെന്ന് തന്നെ ആളെ മനസിലായി. രാവിലെ കഴിച്ച പത്തിരിയുടേയും, കോഴിക്കറിയുടേയും രുചി ഇനിയും നാവിൽ നിന്ന് പോയിട്ടില്ല.
“ ഇന്ന് രാവിലെ ഞാൻ ഇക്കാടെ വീട്ടിലെ ഭക്ഷണം കഴിച്ചതാണല്ലോ…”
ടോണി ചിരിയോടെ പറഞ്ഞു.
“ എന്റെ വീട്ടീന്നോ.. എപ്പഴാ ടോണി അവിടെ വന്നത്..?””
കാര്യം മനസിലാകാതെ ഇക്ക ചോദിച്ചു.
“” എന്റെ ഇക്കാ,രാവിലെ സേവ്യറച്ചന്ഇക്കാ ഭക്ഷണം കൊടുത്തയച്ചിരുന്നില്ലേ… അത് ഞങ്ങൾ രണ്ട് പേരുമാണ് കഴിച്ചത്… “
“” അത് ടോണിച്ചനും കഴിച്ചോ..?നന്നായി.. ഈനാട്ടിൽ വന്നിട്ട് ആദ്യത്തെ ഭക്ഷണം തരാൻ എനിക്ക് പറ്റിയല്ലോ..അൽഹംദുലില്ലാഹ്…”
ഇക്ക മുകളിലേക്ക് നോക്കി പടച്ചവനെ സ്തുതിച്ചു.
നേരം പന്ത്രണ്ട് മണിയായെങ്കിലും ഇനിയും സൂര്യപ്രകാശം വീണിട്ടില്ല.ഇക്കയുമായി കുറച്ച് നേരം കൂടി സംസാരിച്ച് നിന്ന്,ആ നാടിനെ പറ്റിയും,അവിടുത്തെ ആളുകളെ പറ്റിയും ഏകദേശ ധാരണയുണ്ടായി.
=========================
ചുരം കയറി കിതച്ചു കൊണ്ട് മാത്തുക്കുട്ടിയുടെ ജീപ്പ് കറിയാച്ചന്റെ കടയുടെ മുമ്പിൽ വന്ന് നിന്നു. മാത്തുക്കുട്ടി നീട്ടി രണ്ട് ഹോണടിച്ചു. അത് കേട്ടാൽ അവിടെ ചുറ്റുവട്ടത്തൊക്കെയുള്ളവർ ജീപ്പിനടുത്തേക്ക് വരും. അവർക്കുള്ള സാധനങ്ങളെല്ലം വാങ്ങിപ്പോകും. ബാക്കിയുള്ളവർക്ക് മാത്തുക്കുട്ടി കൊണ്ട് പോയി കൊടുക്കും.
പക്ഷേ, ഇന്ന് മാത്തുക്കുട്ടി ജീപ്പിൽനിന്ന് സാധനങ്ങളൊന്നുമിറക്കിയില്ല. നേരെ കറിയാച്ചന്റെ കടയിലേക്ക് ഓടിക്കയറി. കൗണ്ടറിലിരുന്ന കറിയാച്ചനെ പിടിച്ച് വലിച്ച് കടയുടെ ഉള്ളിലേക്ക് കൊണ്ടുപോയി. പകച്ചു പോയ കറിയാച്ചന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.