“ പറ കറിയാച്ചാ.. നേരം വെളുത്ത് ഇത്ര സമയമായപ്പോഴേക്കും എന്താണിവിടെ സംഭവിച്ചത്… ? ഏതോ ഒരുത്തൻ വന്ന് ഇവിടെ കട നടത്തുമെന്നോ, മല മറിക്കുമെന്നോ ഒക്കെ കേട്ടല്ലോ… ഈ മാത്തുക്കുട്ടിയുടെ കൊക്കിന് ജീവനുണ്ടെങ്കിൽ ഇതിവിടെ നടക്കില്ല. നടത്തില്ല ഈ മാത്തുക്കുട്ടി…”
മുഖം ചുവപ്പിച്ച് മാത്തുക്കുട്ടി വിറഞ്ഞ് തുള്ളുകയാണ്. പിന്നെയും അവന് എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ ദേഷ്യം കൊണ്ടവന് വാക്കുകൾ കിട്ടുന്നില്ല.
കറിയാച്ചൻ അവന്റെ മുഖത്തേക്ക് തന്നെ കുറച്ച് സമയം നോക്കി നിന്നു. പിന്നെ അവനെ പിടിച്ച് ബെഞ്ചിലേക്കിരുത്തി.
“” മാത്തുക്കുട്ടീ.. ആദ്യം നീയൊന്നടങ്ങ്.. ഞാനൊന്ന് പറയട്ടെ…”
“ കറിയാച്ചനെന്ത് പറയാനാ.. ഒന്നും പറയണ്ട… ആരാണവൻ… ?
എനിക്കവനെയൊന്ന് കാണണം… “
മാത്തുക്കുട്ടി വീണ്ടും എഴുന്നേറ്റ് വെളിച്ചപ്പാട് തുള്ളി.
കറിയാച്ചൻ വീണ്ടും അവനെ ബെഞ്ചിലേക്ക് പിടിച്ചിരുത്തി.
“ പൊന്നു മാത്തുക്കുട്ടീ… ഞാൻ പറയുന്നത് കേട്ടിട്ട് നീ തുള്ള്…””
തുടർന്ന് കറിയാച്ചൻ ഇന്നുണ്ടായ സംഭങ്ങളെല്ലാം മാത്തുക്കുട്ടിയോട് വിശദമായി പറഞ്ഞു.അവസാനം, അവ നേയും, ജീപ്പും കൂടി ടോണി ഏറ്റെടുക്കും എന്ന് കൂടി കേട്ടപ്പോൾ മാത്തുക്കുട്ടിയുടെ പിടിവിട്ടു.
“ അവന്റപ്പൻ വിചാരിച്ചാൽ നടക്കില്ല..
മാത്തുക്കുട്ടിക്ക് വില പറയാൻ ഒരുത്തനും ഈ മണിമലയിലേക്ക് വരേണ്ട… വന്നാൽ അവൻ തിരിച്ച് പോവുകയുമില്ല…”
ഒരു നിലക്കും മാത്തുക്കുട്ടി അടുക്കുന്നില്ലെന്ന് കണ്ട കറിയാച്ചൻ ഒടുവിൽ പറഞ്ഞു.
“” മാത്തുക്കുട്ടീ… ഈ വന്നവൻ നമ്മുടെ സേവ്യറച്ചന്റെ ഒരു ബന്ധുവാ… അച്ചൻ പറഞ്ഞിട്ടാ അവൻ ഇവിടെയൊരു കട തുടങ്ങാൻ തീരുമാനിച്ചത്… ജീപ്പിന്റെ കാര്യമൊക്കെ മത്തായിച്ചനോട് പറഞ്ഞ് തീരുമാനമാക്കിയിട്ടുണ്ട്…”