“എന്താടി ഒരിളക്കം..”
“ഒ.. ഒന്നുല്ല..”
“പറയ്… അവന്റെ കേബിനിൽ നിന്ന് വന്നതിൽ പിന്നെ ചിരി നിർത്തിയിട്ടില്ലല്ലോ..”
“അതെനിക്ക് ചമ്മൽ വന്നിറ്റാ..”
“എന്താ കാര്യം..?”
“റിതി ട്രീറ്റ് വേണമെന്ന് പറഞ്ഞു.”
“ആഹ.. എന്നിട്ട്…?”
“ലഞ്ച് എന്റെ വകയാക്കാമെന്ന് ഞാൻ പറഞ്ഞു.”
“അപ്പൊ അതാണ് കാര്യം..”
അവൾ തലകുലുക്കി.
“അപ്പോ നിങ്ങടെ പ്രോജക്റ്റ് ടീമിലെ ബാക്കിയുള്ളവർക്ക് വേണ്ടേ..?”
“അവരൊന്നും ചോദിച്ചില്ലല്ലോ..”
“അപ്പോ കരയുന്ന കുഞ്ഞിന് പാല് കൊടുക്കണമെന്ന പോലെ.. അല്ലേ..?”
“ആഹ..! നല്ല ഉപമ..”
അവൾ ചിരിച്ചു. അവനും ചിരിച്ചെങ്കിലും ഉള്ളിൽ ഒരു പ്രയാസം തോന്നി.
“ഞാൻ പൊയ്ക്കോട്ടെ..?”
ചോദ്യത്തോടൊപ്പം അമിത പ്രതീക്ഷയയുടെ ഭാരം അവളുടെ കണ്ണുകളിൽ തിളങ്ങുന്നുണ്ട്. എങ്ങനെ വിടാതിരിക്കാനാവും. കുറച്ച് നേരം ആലോചിക്കുന്നത് പോലെ നടിച്ച് ശ്രീ അവന്റെ വല്ലായ്മയെ മുഖത്തു നിന്നും മറച്ചു. റിതിന്റെ കൂടെ പോകാൻ ആമി നന്നായി ആഗ്രഹിക്കുന്നുണ്ടെന്ന് മുഖത്ത് വ്യക്തമാണ്. ശ്രമിച്ചാലും തനിക്ക് തടയാനാവാത്ത വിധം പോലെ. തടഞ്ഞാൽ തന്നെ പല വൈരുദ്ധ്യങ്ങൾക്കും കാരണമായേക്കാം. ചിന്തയിൽ നിന്നുണർന്ന ശേഷം അവൻ ശേഷം തുടർന്നു.
“ഒരു കണ്ടീഷൻ..”
“എന്താ..?”
“ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ..അവനോട് നമ്മുടെ കാര്യങ്ങൾ ഒന്നും വിട്ടു പറയരുത്. അപ്പപ്പോൾ എനിക്ക് മെസ്സേജ് അയക്കണം.”
“അയക്കാം..”
“എങ്കി പോയി വാ..”
കേൾക്കേണ്ട താമസം ആമി നാണത്തോടെ നടന്നകന്നു. അവൾ ഓഫീസിനു പുറത്തേക്ക് ഡോർ തുറന്ന് പുറത്തിറങ്ങിയപ്പോൾ ആ വിടവിലൂടെ തന്റെ ഭാര്യയെ കാത്തു നിൽക്കുന്ന റിതിനെയും ശ്രീ കണ്ടു. മുൻപ് അവന്റെ കൂടെ കറങ്ങാൻ പറഞ്ഞയച്ചപ്പോൾ ഉണ്ടായ അതേ വികാരം. കാറിൽ നിന്ന് ആമി കൈവീശി ടാറ്റ കാണിച്ച സമയത്ത് ഉണ്ടായ നെഞ്ചിടിപ്പിനെക്കാൾ ഉയർന്ന ശബ്ദം തന്നെ ശ്രീയുടെ ഉള്ളിൽ മുഴങ്ങി.