ഇത് കേട്ടാൽ നിങ്ങളിൽ പലർക്കും ചിരി വരുന്നുണ്ടാവും .
പക്ഷേ അനുഭവിച്ചവനെ അതിൻ്റെ സംഗതി മനസിലാവത്തുള്ളൂ .
ചുരുക്കി പറഞ്ഞാൽ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് രണ്ടും കൽപിച്ച് ക്ലച്ച് വിട്ടതും അത് പോയി തൊട്ടടുത്തുള്ള തോട്ടത്തിൻ്റെ കയ്യാലയിൽ ഇടിച്ച് മറിഞ്ഞു .
എൻ്റെ കൈ മുട്ട് കാൽ മുട്ട് രണ്ടിടത്തേയും തോല് പോയി എന്ന് മാത്രമല്ല കറക്ട് ചോറ് തിന്നണ വലത് കൈ തന്നെ ഒടിയുകയും ചെയ്തു.
പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയാൽ ക്യാശ് ഒത്തിരി പോകും എന്ന് കണ്ട് എന്നേയും കൂട്ടി അമ്മ വേറൊരു ഹോസ്പിറ്റലിൽ പോയി .
[ പേര് പറയുന്നില്ല ]
അവിടെ ചെന്നപ്പോൾ നല്ല തിരക്കായിരുന്നു .
അത്രക്ക് വലിയ സ്ഥാപനമായിരുന്നു അത് .
ക്യാഷും തുച്ചം ഗുണമോ മെച്ചം എന്ന രീതി .
ഞങ്ങൾ ആദ്യമായിട്ടാണ് അവിടെ പോകുന്നത് .
ഇതിന് മുന്നെ പോകേണ്ട ക്രിട്ടിക്കൽ സീൻ വന്നിട്ടുമില്ല .
അച്ചന് എറണാകുളത്ത് മീനിൻ്റെ ജോലി ആയത് കൊണ്ട് അമ്മയെ കൂട്ടിയാണ് ഞാൻ ഹോസ്പിറ്റലിൽ പോയത് –
ഒരു പ്രകാരം ആ സ്ഥാപനത്തിൽ ബസിൽ യാത്ര ചെയ്ത് ഞങ്ങൾ എത്തി .
എവിടെ എങ്ങനെ എന്ത് എന്നൊന്നും അറിയാതെ നിന്ന ഞങ്ങൾ ഒന്ന് രണ്ട് പേരോട് ചീട്ടിൻ്റെ കാര്യങ്ങളൊക്കെ തിരക്കി .
പലരും പറഞ്ഞത് അനുസരിച്ച് ഞങ്ങൾ നടന്നതും രമേ എന്ന് എൻ്റെ അമ്മ രമയെ ആരോ വിളിക്കുന്നത് പോലെ തോന്നി .
ഞങ്ങൾ തിരിഞ്ഞ് നോക്കിയപ്പോൾ കറുത്ത ആക്ടീവയിൽ ആകാശ നീല നിറത്തിലുള്ള ചുരിദാറും അതിൻ്റെ മുകളിൽ കരിനീല നിറത്തിലുള്ള ഹാഫ് കോട്ടും ധരിച്ച് അൻപത്തി രണ്ടിനടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ മങ്ങിയ പിങ്ക് ഹെൽമെറ്റും ധരിച്ച് ഞങ്ങളുടെ മുന്നിലേക്ക് മെല്ലെ വന്ന് വണ്ടി നാർത്തി .
” അല്ല ആരാ ഇത് ? റോസമ്മ ചേച്ചിയാണല്ലോ ദൈവമെ ”
എന്ന് ഭയങ്കര സന്തോഷത്തിൽ കുറച്ച് ഉറക്കെ തന്നെ ചിരിച്ച് കൊണ്ട് എൻ്റെ അമ്മ രമ ആ സ്ത്രീയോട് വർഷങ്ങൾക്ക് ശേഷം കണ്ട ഭാവത്തിൽ സംസാരിച്ചു .
” എന്താടി രമെ ? നീ നമ്മളെയൊക്കെ മറന്നോ ? ഒന്ന് വിളിക്കത്ത് പോലും ചെയ്യാറില്ലലോ ? ”
” എൻ്റെ പൊന്ന് ചേച്ചി . മനപൂർവ്വമല്ല . എൻ്റെ പഴയ ഫോൺ കിണറ്റിൻ കരയിൽ വെച്ച് വെള്ളം കോരുന്നിതിനിടയിൽ കിണറ്റിലേക്ക് പോയി . മോട്ടർ നന്നാക്കുന്ന ആളെ വിളിച്ചിട്ട് കിണറിൻ്റെ സൈഡിലാ ഫോൺ വെച്ചത് . കഷ്ടകാലത്തിന് അത് പോയി. പല നമ്പറും ആ ഫോണിലായിരുന്നു ഉണ്ടായിരുന്നത് . ”
“ചുമ്മാതല്ല ഞാൻ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്ന് പറഞ്ഞത് ”
“കിണറിന് നല്ല ആഴമുണ്ട് ചേച്ചി . ഇറങ്ങി എടുക്കൽ അതിലും വലിയ തലവേദന ആണ് . അതങ്ങ് പോട്ടെന്ന് വെച്ചു. ”
” നീ ഇപ്പോൾ കമ്പനിയിൽ പോകുന്നുണ്ടോ ? “