‘നീ പോയി കഴിഞ്ഞാൽ ഉടനെ വല്ലോം തിരിച്ചു വരുമോ..?
അവൾ എന്നോട് ചോദിച്ചു
‘ഉടനെ ഒന്നും എന്തായാലും കാണില്ല..’
ഞാൻ മറുപടി പറഞ്ഞു
‘അപ്പോൾ നമ്മളെ ഒക്കെ മറക്കും അല്ലേ തിരിച്ചു വരുമ്പോൾ..?
അവൾ പിന്നെയും ചോദിച്ചു
‘നിന്നെയോ…..!
ഞാൻ ഇല്ല എന്ന മട്ടിൽ തലയാട്ടി
‘ഉവ്വ.. ഇപ്പോൾ ഇങ്ങനെ ഒക്കെ പറയും..’
അവൾ പരിഭവം കാണിച്ചു പറഞ്ഞു
‘ വിശ്വസിക്കെന്നെ.. നിന്നെ ഞാൻ എങ്ങനെ മറക്കാനാണ്… ആരെങ്കിലും ഷോർട് ഹെയർ വച്ചാൽ തന്നെ നിന്നെ ആയിരിക്കും ഞാൻ ആദ്യം ഓർക്കുന്നത്…’
ഞാൻ പറഞ്ഞു
‘അത് കാണുമ്പോ മാത്രമേ ഓർക്കുള്ളു…?
‘അല്ല. ഹൂഡി ഇടുന്ന ഗേൾസിനെ കാണുമ്പോൾ ഓർക്കും…’
‘വേറെ എന്തൊക്കെ കാണുമ്പോൾ ഓർക്കും…?. അവൾ താല്പര്യത്തോടെ ചോദിച്ചു
‘നോർത്ത് ഇന്ത്യൻസിനെ കാണുമ്പോൾ ഓർക്കും എന്തായാലും…’
ഞാൻ പെട്ടന്ന് ഓർക്കാതെ പറഞ്ഞു പോയതാണ്. അവളെ അങ്ങനെ കുറച്ചായി ഞാൻ കളിയാക്കാറില്ലായിരുന്നു. പക്ഷെ അവൾ അത് സീരിയസ് ആയി ഒന്നും എടുത്തില്ല. എന്നാലും എന്റെ കൈക്കിട്ട് ഒരു തട്ട് വച്ചു തന്നു
‘പോടാ പട്ടി..’
ഒരു ചീത്ത കൂടി എന്നെ വിളിച്ചു
‘ആ പിന്നെ ഈ പേരയ്ക്ക ഇല്ലേ. അത് കാണുമ്പോ നിന്നെ ഓർക്കും.. പേരയ്ക്ക പേരയ്ക്ക..’
ഞാൻ അവളെ കളിയാക്കാനായി കൈ കൊണ്ട് പേരയ്ക്ക എന്ന് ആംഗ്യം കാണിച്ചു. അവൾ കൈ നീട്ടി കുറച്ചു കൂടി കനത്തിൽ എന്റെ കൈയിൽ ഒരു അടി വച്ചു തന്നു..
‘അപ്പോൾ ഇതൊക്കെ കാണുമ്പോ അല്ലേ എന്നെ ഓർക്കൂ.. ഡെയിലി ഓർക്കില്ലല്ലോ..?
ഇഷാനി കൊച്ചു കുട്ടികളെ പോലെ പിണങ്ങി പറഞ്ഞു
‘അങ്ങനെ ഞാൻ പറഞ്ഞില്ല. ഡൈയിലി ഓർക്കുമെന്ന് പറഞ്ഞാലും നീ വിശ്വസിക്കില്ല. അത് കൊണ്ടാണ് ഇതൊക്കെ കണ്ടാൽ നിന്നെ ഓർക്കുമെന്ന് പറഞ്ഞത്..’
‘ ഞാൻ നിനക്കൊരു ഗിഫ്റ്റ് തന്നാൽ നീ വാങ്ങിക്കുമോ..?
അവൾ പെട്ടന്ന് എന്തോ ഓർമയിൽ വന്ന പോലെ എന്നോട് ചോദിച്ചു
‘എന്ത് ഗിഫ്റ്റ്…?
ഞാൻ തിരിച്ചു ചോദിച്ചു
‘ദേ ഇത്..’
അവൾ സ്വന്തം കയ്യിൽ കിടന്ന രുദ്രാക്ഷം ഊരാൻ ശ്രമിച്ചു
‘ഇത് പൂജിച്ചത് അല്ലേ.. ഊരണ്ട. നിന്റെ കയ്യിൽ കിടക്കട്ടെ..’
ഞാൻ അവളെ പിന്തിരിപ്പിച്ചു
‘അത് കുഴപ്പമില്ല. എന്റെ നല്ലതിന് വേണ്ടി പൂജിച്ചത് ആണ്. നീ കെട്ടിയാൽ നിനക്ക് നല്ലതിന്..’
‘അത് വേണ്ട.. ഇത് നിന്റെ കയ്യിൽ കിടക്കുന്നത് ആണ് എനിക്ക് ഇഷ്ടം..’
ഞാൻ അവളുടെ രുദ്രാക്ഷത്തിലും അവളുടെ കയ്യിലും തലോടി കൊണ്ട് പറഞ്ഞു. അവൾ കയ്യിലെ മറ്റേ ചെയിനിൽ നോക്കി. ഞാൻ അവൾക്ക് ഗിഫ്റ്റ് കൊടുത്തത് ആണ് അത്. അത് തന്നെ എനിക്ക് തന്നെ ഗിഫ്റ്റ് ആയി തരാൻ അവൾക്ക് തോന്നിയില്ല