‘ആക്‌സിഡന്റ് ആയിരുന്നു.. മൂന്ന് പേരും ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ… എനിക്കറിയില്ല പിന്നെ ഒന്നും. മൊത്തം ഒരു മരവിപ്പ് ആയിരുന്നു.. ആ സത്യം ഉൾക്കൊള്ളാൻ തന്നെ എനിക്ക് ഒരുപാട് സമയം എടുത്തു..’
സംസാരത്തിന് ഇടയിൽ അവളെ നോക്കിയപ്പോൾ ആണ് അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകാൻ തുടങ്ങുന്നത് ഞാൻ കണ്ടത്. ഇപ്പോൾ പൊട്ടുമെന്ന അവസ്‌ഥയിൽ ആയിരുന്നു അവൾ
‘കൊള്ളാം.. നിന്നോട് കരയല്ലേ എന്ന് പറഞ്ഞിട്ടല്ലേ ഞാൻ തുടങ്ങിയത്.. ഇങ്ങനെ ആണേൽ ഞാൻ പറയില്ല..’
‘സോറി.. എനിക്ക് അത് കേട്ടപ്പോൾ സങ്കടം വരുന്നു.. നീ എങ്ങനെ സഹിച്ചു അതൊക്കെ. എനിക്ക് ഓർക്കാൻ കൂടി വയ്യ..’
അവൾ കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു
‘ അതൊക്കെ സഹിച്ചല്ലേ പറ്റൂ. എന്തായാലും അതിന് ശേഷം ഞാൻ ഓക്കേ ആയില്ല. ഒരുമാതിരി ഭ്രാന്തമാരെ പോലെ ഒക്കെ ആയി ഞാൻ. എന്റെ റൂമിൽ പിന്നെ കയറാൻ എനിക്ക് പറ്റിയില്ല. അതിൽ അവളുടെ കുത്തി വര എല്ലാം ഉണ്ട്. എനിക്കത് താങ്ങാൻ പറ്റില്ല. വീട്ടിൽ പോലും നിൽക്കാൻ എനിക്ക് പറ്റാതെ ആയപ്പോൾ ആരോടും പറയാതെ ഞാൻ നാട് വിട്ടു..’
‘എങ്ങോട്ട്..?
അവൾ ചോദിച്ചു
‘എനിക്കും അറിയില്ലായിരുന്നു.. പ്രത്യേകിച്ച് ഒരു ലക്ഷ്യം ഒന്നും ഉണ്ടായിരുന്നില്ല ചെന്നെത്താൻ. എല്ലായിടത്തും നിന്നും ഒരു ഒളിച്ചോട്ടം.. ഇന്ത്യയുടെ നല്ലൊരു ഭാഗവും തെണ്ടി നടന്നു എന്ന് പറയാം. പിച്ചക്കാർക്ക് ഒപ്പവും കള്ളന്മാർക്ക് ഒപ്പവും സന്യാസിമാരുടെ കൂടെയും ഒക്കെ കഴിഞ്ഞു അതിനിടയിൽ. ലാസ്റ്റ് ഒരു മാരക പനി പിടിച്ചു ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്താണ് ഒരു ഫ്രണ്ട് എന്നെ കാണുന്നത്. അവൻ വഴി ആണ് ഞാൻ വീട്ടിൽ തിരിച്ചു വരുന്നത്.. വീട് അപ്പോളേക്കും എനിക്കൊരു നെഗറ്റീവ് ആയി മാറിയിരുന്നു.. ഞാൻ എന്റെ മുറിയിൽ കിടന്നില്ല… അതിലേക്ക് ഒന്ന് കയറി നോക്കി പോലുമില്ല.. ‘
ഇത്രയും പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ശരിക്കും നിറഞ്ഞു കരച്ചിലിന്റെ വക്കിൽ അവൾ എത്തിയത് ഞാൻ കണ്ടു.
‘നീ എന്തിനാ കരയുന്നെ.. ഞാൻ കരയാൻ മാത്രം ഒന്നും പറഞ്ഞില്ലല്ലോ… ഇതൊക്കെ കഴിഞ്ഞിട്ട് നാളുകൾ ആയി.. ഞാനിപ്പോ ഓക്കേ ആണ്.. നീ കരഞ്ഞാൽ ഇനി ഞാനൊന്നും പറയില്ല നിന്നോട്..’
ഞാൻ അവളുടെ കവിളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു
‘എനിക്ക്.. എനിക്ക് എല്ലാം കേട്ടപ്പോൾ സങ്കടം വന്നു.. കുഞ്ഞിന്റെ കാര്യം ഒക്കെ..’
അവൾ സങ്കടത്തിൽ പറഞ്ഞു
‘അറിയാം.. നമുക്ക് ഇതിലൊന്നും ചെയ്യാൻ ഇല്ലല്ലോ.. ഓരോ പിള്ളേരെ കാണുമ്പോളും ഞാൻ അവളെ ഓർക്കും. അവൾക്ക് വാങ്ങി കൊടുത്ത കളിപ്പാട്ടവും കഥ പുസ്തകവും എല്ലാം കാണുമ്പോൾ പഴയത് ഒക്കെ ഓർമ വരും.. മരിക്കുന്ന വരെ അവളുടെ ഓർമ്മകൾ എന്നെ ഹോണ്ട് ചെയ്യും.. അത് അങ്ങനാ..’