അർജുൻ ഒരു നെടുവീർപ്പിട്ടു.. പറയാൻ പോകുന്ന ദുരന്തം മനസ്സിൽ ഒന്ന് ഓർത്ത് അവൻ ഒന്ന് വേദനിച്ചു.. ആ വേദന അവന്റെ കണ്ണുകളിൽ ഇഷാനി കണ്ടു. വാക്കുകളിൽ വിഷമം അറിയിക്കാത്ത വിധം അർജുൻ ബാക്കി പറയാൻ തുടങ്ങി
‘ക്യാൻസറിന്റെ രൂപത്തിൽ ആണ് ദുരന്തം ആദ്യം ഞങ്ങളുടെ ലൈഫിലേക്ക് വരുന്നത്. അതും ഞങ്ങളിൽ വച്ചു ഏറ്റവും പാവം ആയ അമ്മയെ തന്നെ അത് ചൂസ് ചെയ്തു.. ഞാൻ വെളിയിലേ ജോലി എല്ലാം ഇട്ടെറിഞ്ഞു ഇവിടെ വന്നു അമ്മയുടെ കൂടെ നിന്നു. അമ്മയെ നോക്കി.. എത്ര ഒക്കെ കാശ് ഉണ്ടെങ്കിലും ചിലപ്പോൾ നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരേ രക്ഷിക്കാൻ കഴിയില്ല.. അതൊരു വല്ലാത്ത അവസ്‌ഥ ആണ്.. ഒരുപാട് വേദന അനുഭവിച്ചാണ് പാവം പോയത്. മരിക്കുന്നതിന് മുന്നേ രാത്രി കൂടി ഞാനുമായി സംസാരിച്ചത് ഒക്കെ ആണ്.. ഞാനൊരിക്കലും കരുതിയില്ല അത് ഞങ്ങൾ തമ്മിൽ അവസാനമായി സംസാരിക്കുന്നത് ആവുമെന്ന്..’
അത് പറഞ്ഞപ്പോളേക്കും ഇഷാനിയുടെ കണ്ണുകൾ നിറയുന്നത് അർജുൻ കണ്ടു.. അത് പറയുമ്പോ കണ്ണ് നിറയാതെ ഇരിക്കാൻ അർജുൻ പരമാവധി ശ്രമിച്ചിരുന്നു..
‘നീ കരയാൻ ആണേൽ ഞാൻ പറയില്ല..’
ഞാൻ പറഞ്ഞു
‘ഇല്ല.. നീ.. നീ പറ…’
അവൾ കണ്ണ് കൂട്ടിതിരുമ്മി കണ്ണീർ കണ്ണിൽ അലിയിച്ചു കളയുന്ന പോലെ ചെയ്തു കലങ്ങിയ കണ്ണുമായ് എന്റെ കഥ കേട്ടു..
‘ഞങ്ങൾക്ക് എല്ലാവർക്കും അത് സഹിക്കാൻ പറ്റാവുന്നതിലും വലിയ വിടവ് ആയിരുന്നു.. അച്ഛന്റെ മാറ്റം ആയിരുന്നു എനിക്ക് വിശ്വസിക്കാൻ കഴിയാഞ്ഞത്.. അച്ഛന് പ്രായം ആയെന്ന് അപ്പോളാണ് എനിക്ക് മനസിലായത്. അച്ഛന്റെ പ്രസരിപ്പും ആരോഗ്യവും എല്ലാം നഷ്ടപ്പെട്ടു.. പക്ഷെ ഒരു കാര്യത്തിൽ അച്ഛൻ ശരിക്കും മാറി. എന്റെ പുറത്തോട്ടുള്ള പോക്കിന്റെ കാര്യത്തിൽ. വീണ്ടും പുറത്തേക്ക് പോകാൻ തയ്യാറായ എന്നോട് അച്ഛൻ നിർബന്ധപൂർവ്വം പോകരുത് എന്ന് പറഞ്ഞു. അമ്മ പോയപ്പോൾ ഞങ്ങൾ അടുത്ത് വേണെമെന്ന് തോന്നിയത് കൊണ്ടാവും.. പക്ഷെ ഒന്നും രണ്ടും പറഞ്ഞു ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വഴക്ക് പിടിച്ചു. വലിയ വഴക്ക് ഒന്നുമല്ലയിരുന്നു പക്ഷെ എന്റെ വായിൽ നിന്ന് അരുതാത്ത ഒന്ന് വീണു പോയി.. അച്ഛൻ ചെയ്തു കൂട്ടിയതിന് എല്ലാം അമ്മ ആണ് അനുഭവിച്ചത് എന്ന് ഞാൻ പറഞ്ഞു.. അന്നെനിക്ക് ഈ കർമയിൽ ഒക്കെ വിശ്വാസം ഉണ്ടായിരുന്ന സമയം കൂടിയാണ്.. ആ ഒരു ഇതിലെല്ലാം പറഞ്ഞതാണ്…’
‘എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു..?
അവൾ ചോദിച്ചു
‘അച്ഛൻ ഒന്നും പറഞ്ഞില്ല.. അച്ഛൻ അത് അംഗീകരിച്ചത് പോലെ മിണ്ടാതെ ഇരുന്നു.. ആൾറെഡി ആളെ നല്ലത് പോലെ വേദനിപ്പിച്ച കൊണ്ട് ഞാൻ പുറത്തേക്ക് തല്ക്കാലം പോണില്ല എന്ന് വച്ചു.. അനി കമ്പിനി ശ്രദ്ധിക്കും ഞാൻ ഇവിടെ വീട്ടിൽ തന്നെ ഇരിപ്പും.. പക്ഷെ എല്ലാ വിഷമങ്ങൾക്കും ഇടയിൽ എനിക്ക് സന്തോഷം നൽകാൻ അന്ന് ഒരാൾ ഉണ്ടായിരുന്നു.. ഞാൻ ഇവിടെ നിന്ന് പോകാതെ ഇരിക്കാൻ അവളും ഒരു കാരണം ആയിരുന്നു.. കുറെ മോശം നാളുകൾക്ക് ശേഷം ഞാൻ പിന്നെയും സന്തോഷിക്കാൻ തുടങ്ങി..’