‘നീ എന്നെ ഇടയ്ക്ക് നോർത്ത് ഇന്ത്യൻ എന്നൊക്കെ വിളിച്ചു കളിയക്കാറില്ലായിരുന്നോ..? ഇപ്പോൾ എന്താ അത് വിളിച്ചു കളിയാക്കാത്തത്..?
‘നിന്നെ കളിയാക്കാത്തത് ആണോ ഇപ്പോൾ പ്രശ്നം..?
ഞാൻ നെറ്റി ചുളിച്ചു ചോദിച്ചു. അവളുടെ പിറന്നാളിന്റെ അന്ന് അവളുടെ അമ്മയെ കണ്ട അന്ന് തൊട്ട് അവളെ അങ്ങനെ പറഞ്ഞു ഞാൻ കളിയാക്കിയിട്ടില്ല..
‘പറ.. ഇപ്പോൾ അങ്ങനെ കളിയാക്കാറില്ലല്ലോ…?
‘അതിന് നമ്മൾ മാസങ്ങൾ കൂടിയിട്ട് ഈ ഇടയ്ക്ക് ആണ് മിണ്ടാൻ തുടങ്ങിയത്. അതാവും..’
ഞാൻ ശരിക്കുള്ള കാരണം പറഞ്ഞില്ല
‘പണ്ട് നീ അങ്ങനെ കളിയാക്കുമ്പോളും എനിക്ക് ചെറിയ ദേഷ്യം വരുമായിരുന്നു..’
അവൾ പറഞ്ഞു
‘എന്നാൽ ഇനി അതും ഒഴിവാക്കി..’
ഞാൻ പറഞ്ഞത് ഗൗനിക്കാതെ അവൾ വേറെന്തോ ആലോചിച്ചു ഇരുന്നു
‘നീ കളിയാക്കിയതിൽ കുറച്ചു സത്യം ഉണ്ടായിരുന്നു.. ഞാൻ ശരിക്കും ഹാഫ് മല്ലു ആണ്. എന്റെ അമ്മയെ അന്ന് നീ കണ്ടില്ലേ.. അമ്മ ഇവിടുത്തുകാരി അല്ല. നോർത്ത് ആണ്..’
ആദ്യമായ് അവൾ അമ്മയെ കുറിച്ച് ഇങ്ങോട്ട് സംസാരിച്ചത് എനിക്ക് അത്ഭുതം ആയിരുന്നു..
‘അതെനിക്ക് അന്ന് മനസിലായിരുന്നു..’
ഞാൻ പറഞ്ഞു
‘അവര് ശ്രനഗർ വിട്ടു മുംബൈ വന്നു താമസിക്കുവായിരുന്നു.. അച്ഛൻ മുംബൈ ജോലിക്ക് പോയി അവിടെ വച്ചു കണ്ട് ഇഷ്ടം ആയി കല്യാണം കഴിച്ചതാണ്. ഞാൻ ജനിച്ചതും അഞ്ചാറു വയസ്സ് വരെ വളർന്നും എല്ലാം അവിടെ ആണ്. ശരിക്കും ഞാനൊരു ഹിന്ദിക്കാരി കുട്ടി തന്നെ ആയിരുന്നു..’
‘നിന്നെ കണ്ടാൽ അമ്മയുടെ നല്ല ഛായ ഉണ്ട്..’
അത് പറഞ്ഞാൽ അവൾക്ക് ഇഷ്ടം ആകുമോ എന്നറിയില്ല എങ്കിലും ഞാൻ മനസിൽ തോന്നിയത് പറഞ്ഞു
‘ ഞാൻ അന്ന് എന്തിനാ അവരോട് അത്ര ദേഷ്യത്തിൽ പെരുമാറിയത് എന്ന് നിനക്ക് അറിയാമോ..?
അവൾ ചോദിച്ചു
‘ഇല്ല..’
ഞാൻ പറഞ്ഞു
‘അവരാണ് എന്റെ അച്ഛനെ കൊന്നത്..’
ഇഷാനി മെല്ലെ പറഞ്ഞു. എനിക്ക് അത് കേട്ട് എന്തോ ഒരു മരവിപ്പ് തോന്നി. അവൾ തുടർന്നു
‘ അവര് തമ്മിൽ എന്തായിരുന്നു പ്രശ്നം എന്നൊന്നും എനിക്കറിയില്ല. അത് അറിയാനുള്ള പ്രായം ഒന്നും എനിക്ക് അന്ന് ഇല്ലായിരുന്നു. പക്ഷെ എന്തോ ഇഷ്യൂ ഉണ്ടായിരുന്നത് എനിക്ക് അറിയാൻ കഴിയുമായിയിരുന്നു.. രണ്ട് പേരും വഴക്ക് പിടിച്ചു എന്നെ ശ്രദ്ധിക്കാതെ വരുന്നത് കൊണ്ട് അത് അറിഞ്ഞാണ് ഞാനും വളർന്നത്.. ‘
പിന്നെ സംസാരിച്ചു തുടങ്ങുമ്പോ ഇഷാനി എന്നെ നോക്കിയില്ല. അവളുടെ ശബ്ദത്തിന് ഒരു മരവിപ്പ് ഉണ്ടായിരുന്നു.. അവളുടെ വാക്കുകളിൽ ഒരു തേങ്ങൽ ഒളിച്ചിരുന്നു. വയലിന്റെ മേലെ വട്ടമിട്ടു പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി അവൾ ബാക്കി കഥ പറഞ്ഞു
‘ ഞങ്ങളുടെ റൂമിന് അടുത്തുള്ള റൂമിൽ വേറൊരു മലയാളി ഫാമിലി ആയിരുന്നു ഉണ്ടായിരുന്നെ.. ഇവർ രണ്ട് പേരും വീട്ടിൽ ഇല്ലാത്ത സമയത്തു എന്നെ അവിടെ കൊണ്ട് ആക്കിയിട്ടാണ് പോകുന്നത്. ഒരു ദിവസം രാത്രി ആയിട്ടും എന്നെ വിളിക്കാൻ അമ്മ വന്നില്ല. അച്ഛൻ കുറച്ചു വൈകി ആണ് വരുന്നത്. അച്ഛൻ വന്നപ്പോൾ ആണ് ഞാൻ അപ്പോളും അപ്പുറത്തെ വീട്ടിൽ ആണെന്ന് മനസിലായത്. അമ്മ എവിടെ പോയെന്ന് ആർക്കും മനസിലായില്ല. അച്ഛന് അറിയാമായിരുന്നു എന്ന് തോന്നുന്നു. രണ്ട് ദിവസം കഴിഞ്ഞു എന്നെ പതിവ് പോലെ ആ ഫാമിലിയുടെ അടുത്താക്കിയിട്ട് അച്ഛൻ പോയി. രാത്രി ആയിട്ടും അച്ഛൻ വന്നില്ല. പിറ്റേന്ന് നേരം വെളുത്തപ്പോൾ ആണ് ഞാൻ അറിയുന്നത് അച്ഛൻ എങ്ങും പോയിരുന്നില്ല ഞങ്ങളുടെ വീട്ടിൽ ഒരു കയറിൽ എല്ലാം അവസാനിപ്പിച്ചിരുന്നു എന്ന്..’