വീട്ടിൽ വന്നു കയറിയിട്ടും അവളുടെ അനക്കം ഒന്നും കേട്ടില്ല. മുറിയിലേക്ക് കയറി നോക്കിയപ്പോൾ നെഞ്ചിൽ ബുക്കും വച്ചു എന്റെ ഹെഡ്ഫോൺ വച്ചു പാട്ടും കേട്ട് അവൾ കണ്ണടച്ചു കിടക്കുകയാണ്. അല്ല ഉറങ്ങുകയാണ്. ബുക്ക് വായിച്ചു ഉറങ്ങി പോയതാണോ അതൊ പാട്ട് കേട്ട് ഉറങ്ങി പോയതാണോ എന്ന് അറിയാത്ത അവസ്‌ഥയിൽ ആയിരുന്നു അവളുടെ കിടപ്പ്. കതക് പോലും അടയ്ക്കാതെ ഇവളീ ബോധം കെട്ട് എന്തൊരു ഉറക്കമാണ്. ഞാൻ മെല്ലെ കട്ടിലിൽ ഇരുന്നു. കയ്യിൽ ഉണ്ടായിരുന്ന കൊലുസ് ഞാൻ മെല്ലെ കയ്യിൽ എടുത്തു. അത് പതിയെ അവളുടെ കാലുകളിൽ തൂക്കി ഇട്ടു. കൊലുസ് ഇട്ടു കൊടുക്കാൻ പോയാൽ പുള്ളിക്കാരി എഴുന്നേൽക്കും. ഇതാകുമ്പോൾ എണീക്കുമ്പോ കൊലുസ് കണ്ടു അവൾ വണ്ടർ അടിക്കും. ഞാൻ അങ്ങനെ കരുതി കൊലുസ് രണ്ടും അവളുടെ കണങ്കാലിൽ വെറുതെ തൂക്കിയിട്ടു.
ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി വെള്ളം കുടിക്കുന്നതിന് ഇടയിൽ ആണ് ഫോൺ റിങ് ചെയ്തത്. ഞാൻ എടുത്തു നോക്കിയപ്പോൾ കൃഷ്ണ. വാട്ട്സാപ്പിൽ ആണ് വിളിക്കുന്നത്. അതും വീഡിയോ കോൾ. ഞാൻ പെട്ടന്ന് തന്നെ ടെറസിലേക്ക് കയറി. ഇനി ഇഷാനി എങ്ങാനും എഴുന്നേറ്റ് വന്നാൽ പ്രശ്നം ആകണ്ട എന്ന് കരുതി. ഞാൻ കോൾ എടുത്തപ്പോ കൃഷ്ണയുടെ മുഖം മാത്രം കാണാം. അവൾ ബാത്‌റൂമിൽ ആണെന്ന് തോന്നി..
‘എന്ത് ബിസി ആടാ. നാട് വിട്ട് പോയ എനിക്കില്ലാത്ത തിരക്ക് ആണല്ലോ നിനക്ക്..’
‘നീ അവിടെ എല്ലാവരുടെയും ഇടയിൽ ആയിരിക്കും എന്നറിയാവുന്ന കൊണ്ടാണ് ഞാൻ വിളിക്കാഞ്ഞത്..’
ഞാൻ പറഞ്ഞു
‘ഇടുന്ന മെസ്സേജ്ന് റിപ്ലൈ ഇട്ടൂടെ എന്നാൽ..?
അവൾ ശുണ്ഠിയോടെ ചോദിച്ചു
‘ഞാൻ റിപ്ലൈ തരാറുണ്ടല്ലോ..’
‘ഒരു ദിവസം കഴിഞ്ഞു ആണ് എന്ന് മാത്രം..’
അവൾ പിണക്കം ഭാവിച്ചു പറഞ്ഞു
‘അവധി ആയപ്പോൾ ഞാൻ ഓഫിസിലെ കാര്യം ഒക്കെ ആയി അതിന്റെ പിറകെ പോയി. അതാടി..’
ഞാൻ കള്ളം പറഞ്ഞു
‘മ്മ് ശരി ശരി.. ‘
‘നീ എന്നാ വരുന്നേ..?
ഞാൻ ചോദിച്ചു
‘ രണ്ട് ദിവസം കൂടി കഴിഞ്ഞാൽ വരേണ്ടത് ആയിരുന്നു. പക്ഷെ ലച്ചു നിർബന്ധം പിടിച്ചത് കൊണ്ട് കുറച്ചു ഡേയ്‌സ് കൂടി നീളും.. ഞാൻ പിന്നെയും ലേറ്റ് ആകും.. അത് നിന്നോട് ഒന്ന് പറയാമെന്നു വച്ചാ വിളിച്ചത്..’
ഹോ അപ്പോൾ അടുത്തൊന്നും കൃഷ്ണ ഇങ്ങോട്ട് വരുന്നില്ല. അവൾ വന്നാൽ ഇങ്ങോട്ട് തള്ളി കയറി വരാൻ സാധ്യത ഉണ്ട്. എനിക്ക് ഒരു ആശ്വാസം തോന്നി
‘ആ അടിച്ചു പൊളിക്ക്..’
ഞാൻ പറഞ്ഞു
‘എന്താ നിനക്കൊരു മാറ്റം പോലെ..?
കൃഷ്ണ സംശയത്തോടെ ചോദിച്ചു
‘എന്ത് മാറ്റം..?
‘എന്തോ ഒരു മാറ്റം സംസാരത്തിൽ ഒക്കെ. ഇനി ഫോണിൽ വിളിക്കുന്ന കൊണ്ടാണോ നീ വേറൊരു രീതിയിൽ സംസാരിക്കുന്നെ..?