പക്ഷെ അർജുൻ ചിന്തിച്ചത് ഇതിന്റെ നേരെ ഓപ്പോസിറ്റ് ആണ്. ഉറക്കം എണീറ്റ് ഇരുന്നിട്ടും അവളെ കാണാൻ എന്ത് ഭംഗി ആണ്. മേക്കപ്പ് ഇട്ട് നടക്കുന്ന പലതിനെയും രാവിലെ എണീറ്റ് വരുന്ന കോലത്തിൽ കാണുമ്പോ ഡിസ്‌ക്കമ്പി ആയിട്ടുണ്ട് അർജുന്. ഇഷാനി പക്ഷെ ഇപ്പോളും സുന്ദരി ആണ്.. അതി സുന്ദരി.. മുഖത്തൊരു ക്ഷീണം ഉണ്ടെന്നത് മാത്രെമേ ഉള്ളു. എന്തായാലും വലിയ ഉറക്കം കഴിഞ്ഞു എണീറ്റത് അല്ലേ.. മുഖം കഴുകിക്കാൻ അവളെ ബാത്‌റൂമിന് അടുത്തുള്ള വാഷ് ബേസണിന്റെ അടുത്തേക്ക് അർജുൻ എഴുന്നേൽപ്പിച്ചു. ഒരു കയ്യിൽ താങ്ങി അവൻ അവളെ മെല്ലെ നടത്തിച്ചു. കൈക്ക് മാത്രം അല്ലായിരുന്നു കാലിനും വേദന ഉണ്ടെന്ന് അവൾക്ക് അപ്പോൾ മനസിലായി. കോപ്പ്.. നടക്കാൻ വയ്യ.. ഇവനൊന്ന് എടുക്കുവായിരുന്നേൽ… ഇഷാനി വെറുതെ ചിന്തിച്ചു.. ഒരു വയ്യായ്ക വന്നപ്പോൾ ഇഷാനി ശരിക്കും കാറ്റ് പോയ അവസ്‌ഥ ആയി.
അവിടെ നിന്ന് ശരിക്കും മുഖം കഴുകിയപ്പോൾ ഒരു ആശ്വാസം തോന്നി. ശക്തി ആയി ഒരു കൈ കൊണ്ട് മുഖം തേച്ചു ഉരച്ചു കഴുകി. അവന് കാണുമ്പോൾ അയ്യേ എന്ന് തോന്നരുത്.. മുഖം കഴുകി കഴിഞ്ഞു അവൻ അതേ പോലെ അവളെ കട്ടിലിൽ തന്നെ കൊണ്ട് ഇരുത്തി.. അവിടെ അടുക്കി വച്ചിരുന്ന തന്റെ സാധനങ്ങൾ എല്ലാം നോക്കി ഇഷാനി ചോദിച്ചു
‘ഇതൊക്കെ എപ്പോ എടുത്തോണ്ട് വന്നു..?
‘രാവിലെ പോയി എടുത്തോണ്ട് വന്നു..’
അർജുൻ പറഞ്ഞു
‘എന്നെ.. എന്നെ ഒരു വണ്ടി പിടിച്ചു അവിടെ എത്തിക്കുമോ..?
ഇഷാനി ഒരു മടിയോടെ ചോദിച്ചു. ഇത്രയും ചെയ്ത അവനോട് വീണ്ടും ഉപകാരം ചോദിക്കുന്നത് ശരിയാണോ….
‘എങ്ങോട്ടാ.. നിനക്ക് കയ്യും കാലുമൊന്നും അനക്കാൻ പറ്റില്ല കുറച്ചു ദിവസത്തേക്ക്.. അവിടെ ആര് ഇരുന്നിട്ടാ നിന്നെ നോക്കാൻ..’
അർജുൻ ചോദിച്ചു. അവിടെ ആകെ ഉള്ള ഓണർ അമ്മയ്ക്ക് പ്രായം ഉണ്ട്. ആരോഗ്യവും ഇല്ല. ഇഷാനിയെ നോക്കാൻ ഒന്നും അവർക്ക് കഴിയില്ല. ഇഷാനിയും അത് തന്നെ ചിന്തിച്ചു. പക്ഷെ അവൾക്ക് അത് അംഗീകരിച്ചു കൊടുക്കാൻ കഴിഞ്ഞില്ല
‘ഞാൻ നിന്നോളാം.. ഇത് കുറച്ചു കഴിയുമ്പോ ശരിയാകും..’
ഇഷാനി കയ്യിലെ കെട്ടിൽ മെല്ലെ പിടിച്ചു കൊണ്ട് പറഞ്ഞു. പണ്ടാരം വേദന ഉണ്ടല്ലോ..
‘നീ എന്ത് പറഞ്ഞാലും അവിടെ കൊണ്ട് വിടില്ല.. പിന്നെ ഇവിടെ നിൽക്കാൻ ബുദ്ധിമുട്ട് ആണേൽ ഞാൻ നിന്റെ വീട്ടിൽ കൊണ്ട് വിടാം..’
പാലക്കാട് കൊണ്ട് വിടുന്ന കാര്യമാണ് അർജുൻ ഉദ്ദേശിച്ചത്. അപ്പോളും ബുദ്ധിമുട്ട് അവന് തന്നെ. മാത്രം അല്ല അപകടം ഉണ്ടായെന്നു അറിഞ്ഞാൽ വീട്ടിൽ ഉള്ളവർക്ക് ഭയങ്കര പേടിയാകും. തന്റെ കാര്യത്തിൽ അല്ലാതെ തന്നെ അവര് ഒരുപാട് പേടിച്ചിട്ടുണ്ട്. ക്രിസ്തുമസ് വൈകുന്നേരം അവിടോട്ട് ചെല്ലണം എന്ന് വച്ചിരുന്നതാണ്.. ഇനിയിപ്പോ വേണ്ട. അവൻ പറഞ്ഞ പോലെ കുറച്ചു ദിവസം ഇവിടെ നിൽക്കാം.. കയ്യും കാലുമൊന്ന് ശരിയാകുന്നത് വരെ.. ആകെയുള്ള ചളിപ്പ് ഇവനേ ഫേസ് ചെയ്യുന്നത് ആണ്. പക്ഷെ അവൻ സാഹചര്യം മനസിലാക്കി അതൊന്നും കാണിക്കാതെ പെരുമാറുന്നുണ്ട്. പാവത്തിനെ എത്ര വേദനിപ്പിച്ചിട്ടുണ്ട് ഞാൻ… തനിക്കും വേറെ വഴിയില്ലാഞ്ഞിട്ട് ആണ്.. എന്നാലും….