‘ഇടയ്ക്ക് നീ നമ്മുടെ വീട്ടിൽ വന്നു നോക്കണം. അപ്പോൾ അറിയാം അവിടെ ഉള്ളവർ ഹാപ്പി ആണോന്ന്..’
ഒരു സൂചന പോലെ പറഞ്ഞിട്ട് അച്ഛൻ പുറത്തേക്ക് ഇറങ്ങി. ഞാനും ഇഷാനിയും അച്ഛനെ യാത്ര ആക്കാൻ കൂടെ ചെന്നു.
‘അച്ഛൻ എന്നെ പറ്റി എന്ത് കരുതി കാണുമോ..? ഞാൻ നിന്റെ അച്ഛൻ ആണെന്ന് അറിയാതെ എന്തൊക്കെയോ സംസാരിച്ചു ആദ്യം..’
അച്ഛൻ പോയി കഴിഞ്ഞു തനിക്ക് പറ്റിയ അബദ്ധം ഇഷാനി പറഞ്ഞു
‘നീ എന്താ പറഞ്ഞത്..?
ഞാൻ ചോദിച്ചു
‘ഞാൻ കരുതി ഹൗസ് ഓണർ ആയിരിക്കും എന്ന്.. നീ അങ്ങേര് വരുമെന്ന് പറഞ്ഞില്ലേ..?
‘നിനക്ക് എന്റെ അച്ഛനെ അറിയില്ലേ..?
‘അതിന് നീ എനിക്ക് കാണിച്ചു തന്നിട്ടില്ലലോ ഇതിന് മുമ്പ്..’
‘ഇല്ലേ..?
ഞാൻ സംശയഭാവത്തിൽ ചോദിച്ചു
‘ഇല്ല. അച്ഛനെയും അമ്മയെയും പറ്റി ഒന്നും നീ പറഞ്ഞിട്ടില്ല. എനിക്ക് കാണിച്ചു തന്നിട്ടില്ല..’
ഇഷാനി ഒരു പരിഭവത്തിന്റെ സ്വരത്തിൽ പറഞ്ഞു. ഞാൻ ഫോൺ എടുത്തു ഗാലറി നിന്നും അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോ എടുത്തു അവൾക്ക് നേരെ കാണിച്ചു
‘ദേ ഇതാണ് അച്ഛനും അമ്മയും. അമ്മ മരിച്ചു പോയി..’
അത് പറഞ്ഞപ്പോ ഇഷാനി ഒരു വേദനയോടെ എന്റെ കണ്ണുകളിലേക്ക് നോക്കി. എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി അവൾ ഫോട്ടോയിൽ സൂക്ഷിച്ചു നോക്കി.
‘അമ്മ നല്ല സുന്ദരി ആണല്ലോ.. നിനക്ക് അമ്മയുടെ ഷേപ്പ് ആണല്ലേ..’
അവൾ ഫോട്ടോയും എന്നെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു
‘യെസ്.. ഇനി നിന്റെ അമ്മയുടെ കാര്യം പറ. ഞാൻ എന്റെ പറഞ്ഞില്ലേ ഇത്രയും നാൾ പറയാഞ്ഞിട്ട്..’
ഞാൻ ഇതൊരു അവസരം ആയി കണ്ടു കൊണ്ട് അവളോട് പറഞ്ഞു. പെട്ടന്ന് അവളുടെ മുഖം മാറിയത് ഞാൻ കണ്ടു
‘എനിക്ക് അവരെ പറ്റി സംസാരിക്കാൻ താല്പര്യം ഇല്ല.. ‘
അവൾ ഫോണ് എന്റെ കയ്യിൽ തന്ന് നിർവികരതയോടെ പറഞ്ഞു
‘ഞാൻ നിർബന്ധിച്ചാൽ സംസാരിക്കുമോ..?
‘പ്ലീസ് എന്നെ നിർബന്ധിക്കരുത്..’
അവൾ താല്പര്യം ഇല്ലായ്മയോടെ പറഞ്ഞു. അവളൊന്ന് സംസാരിച്ചു തുടങ്ങുവായിരുന്നു എങ്കിൽ എന്റെ ഉള്ളിൽ ഒരു കാര്യം അവളോട് പറയാമായിരുന്നു.. കുറച്ചു ദിവസം ആയി എന്റെ ഉള്ളിൽ ഒതുങ്ങിയ ഒരു രഹസ്യം. പക്ഷേ അവൾ പിടി തരാതെ മാറി കളഞ്ഞു. മറ്റൊരവസരം വരുമെന്ന് കരുതി ഞാൻ അവളെ കൂടുതൽ നിർബന്ധിച്ചില്ല.
അന്ന് അതിന് ശേഷം അവൾ കുറച്ചു ഉൾവലിഞ്ഞു ആണ് എന്നോട് പെരുമാറിയത്. കൂടുതൽ സ്വാതന്ത്ര്യം തന്നാൽ ഞാൻ അവളോട് വീണ്ടും അമ്മയെ കുറിച്ച് ചോദിച്ചു ബുദ്ധിമുട്ടിക്കുമോ എന്ന് അവൾ പേടിച്ചു കാണും.. വൈകുന്നേരം മിച്ചം ഇരുന്ന പായസം കുടിക്കുന്നേരം ഇന്ന് അവളുടെ അച്ഛന്റെ പിറന്നാൾ ആയിരുന്നു എന്ന് അവൾ പറഞ്ഞു. അത് കൊണ്ട് ആണ് അവൾ ഇന്ന് പായസം ഒക്കെ ഉണ്ടാക്കിയത്.