റോക്കി 5 [സാത്യകി]

Posted by

അച്ഛൻ സൗമ്യതയോടെ ചോദിച്ചു

 

‘ഇഷാനി..’

 

‘വീട്..?

അച്ഛൻ അവളെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ചോദിച്ചു

 

‘വീട് പാലക്കാട്‌ ആണ്. ഒറ്റപ്പാലം കഴിഞ്ഞു പോണം. പൂക്കുട എന്നാണ് സ്‌ഥലപ്പേര്.. ഇവിടെ കാക്കനാട് ഒരു വീട്ടിൽ പിജി ആണ്..’

 

‘ആരൊക്കെ ഉണ്ട് നാട്ടിൽ..?

ആ ചോദ്യത്തിൽ ഇഷാനി ഒരല്പം വിഷമിച്ചു. ശബ്ദം ഒന്ന് താഴ്ത്തി അവൾ മറുപടി കൊടുത്തു

 

‘ഞാൻ പേരപ്പന്റെ വീട്ടിൽ ആണ് താമസിക്കുന്നത്. എന്റെ അച്ഛൻ കുഞ്ഞിലേ മരിച്ചത് ആണ്. പിന്നേ ഞാൻ അവർക്കൊപ്പം ആയിരുന്നു..’

 

ആ മറുപടി രഘുനാഥ്‌ പ്രതീക്ഷിച്ചിരുന്നില്ല. മുന്നിൽ നിൽക്കുന്ന പെൺകുട്ടിയോട് അയാൾക്ക് അലിവും സ്നേഹവും ഒക്കെ തോന്നി. അച്ഛൻ പിന്നേ അവളെപ്പറ്റി കൂടുതൽ ചോദിച്ചില്ല. പായസത്തെ പറ്റിയും ആക്‌സിഡന്റ്നേ പറ്റിയും ഒക്കെ തിരക്കി.

 

‘ഇടയ്ക്ക് വീട്ടിൽ വാ അവന്റെ കൂടെ.. അവൻ ഫ്രണ്ട്സിനെ ഒന്നും അവന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ട് വരാറില്ല..’

അച്ഛൻ അവളെ ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു. അതിനിടയിൽ പായസം റെഡി ആയി കഴിഞ്ഞിരുന്നു. ഞങ്ങൾ മൂന്ന് പേരും പായസം കുടിച്ചു. പുറത്ത് നിന്ന ഡ്രൈവര്ക്കും ഇഷാനി പായസം കൊടുത്തു. അച്ഛൻ അവളുടെ കൈപ്പുണ്യം തിരിച്ചറിഞ്ഞു. പായസം കുടിച്ചു ഞങ്ങളുടെ കയ്യിൽ നിന്നും ഗ്ലാസ്സ് വാങ്ങി അവൾ അടുക്കളയിലേക്ക് പോയപ്പോ അച്ഛൻ തിരികെ പോകാൻ എന്നോണം എഴുന്നേറ്റു

 

‘ഞാൻ ഇറങ്ങുവാ.. നീ സമയം കിട്ടുമ്പോ അങ്ങോട്ട്‌ വരണം. പിന്നേ ഓഫിസിലെ കാര്യം കൂടി മനസ്സിൽ വേണം..’

 

‘ഉവ്വ്..’

ഞാൻ അനുസരണയോടെ പറഞ്ഞു

 

‘ കോളേജിലും പോണം സമയം ഉണ്ടെങ്കിൽ..’

അച്ഛൻ ഇന്ന് നല്ല ഫോമിൽ ആണ്. അല്ലെങ്കിൽ ഇത്രയും തമാശ ഒന്നും പറയാത്തത് ആണ് എന്നോട്

 

‘ഇന്ന് ഭയങ്കര ഹാപ്പി ആണല്ലോ.. ഫുൾ കോമഡി..’

 

‘നിന്നെ ഹാപ്പി ആയി കണ്ടപ്പോൾ ഞാനും ഹാപ്പി ആയി..’

അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘ഞാൻ അതിന് ഹാപ്പി ആണെന്ന് ആര് പറഞ്ഞു അച്ഛനോട്..?

എന്റെ ഉള്ളിൽ അപ്പോളും ആയിരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അച്ഛനെ ഈ കയറ്റി വിടുന്നത് ഒരു യാത്ര പറച്ചിൽ പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്. ഇവിടെ നിന്നും നാട് വിടുമ്പോ കുറച്ചു നാളത്തേക്ക് എങ്കിലും ഞങ്ങൾ തമ്മിൽ കാണില്ല. അതൊക്കെ ആയിരുന്നു എന്റെ മനസിൽ

 

‘അത് നിന്റെ മുഖത്ത് ഉണ്ടല്ലോ. ദേ ഈ മുറിയിൽ ഈ വീട്ടിൽ നോക്കിയാൽ അറിയാം.. ഒരാൾ സന്തോഷവാൻ ആണോ അല്ലയോ എന്നറിയാൻ അയാൾ താമസിക്കുന്ന സ്‌ഥലം കണ്ടാൽ അറിയാം..’

അച്ഛൻ എന്നോടായി പറഞ്ഞു..

ഞാൻ ചുറ്റും നോക്കി. ഇഷാനിയുടെ അടുക്കും ചിട്ടയും വീടിന് ഒരു വൃത്തി കൊണ്ട് വന്നിട്ടുണ്ട്. ഞങ്ങൾ ഇടയ്ക്ക് വച്ചു നിർത്തിയ ചെസ്സ് ഗെയിം ബോർഡ് അത് പോലെ തന്നെ ടീപ്പൊയിൽ ഇരിക്കുന്നു. ഡൈനിങ് ടേബിളിൽ ഒരു പാത്രത്തിൽ കേക്കിന്റെ കുറച്ചു അംശം മിച്ചം ഇരിക്കുന്നു.. ആകെ മൊത്തത്തിൽ ഒരു പ്രസന്നത ഇവിടെ തളം കെട്ടി നിക്കുന്നുണ്ട്. അതാണ് അച്ഛൻ ഉദ്ദേശിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *