ഇഷാനിയുടെ ആക്‌സിഡന്റനേ പറ്റി പറഞ്ഞു അർജുൻ അവളുടെ മുറിവ് അച്ഛനെ കാണിക്കാൻ നോക്കിയപ്പോൾ കയ്യിലെ കെട്ടഴിച്ചു അത് ഓക്കേ ആയി. നെറ്റിയിൽ ആണേൽ ചെറിയൊരു മുറിവ്. മുട്ടിലെ മുറിവ് കരിഞ്ഞു വന്നത് കൊണ്ട് ഇഷാനി ട്രാക്ക് സ്യൂട് ആയിരുന്നു ഇട്ടിരുന്നത്. അത് കൊണ്ട് മുട്ടിലെ മുറിവും കാണിച്ചു കൊടുക്കാൻ പറ്റിയില്ല. അച്ഛൻ താൻ പറഞ്ഞത് വിശ്വസിച്ചില്ലേ എന്ന് അർജുന് തോന്നി
‘ശരി.. ഞാൻ ഇറങ്ങുന്നു.. നിന്നെ കണ്ടല്ലോ. ഇനി പോകുന്നു..’
രഘുനാഥ് അർജുനോടായി പറഞ്ഞു
‘അച്ഛൻ എന്നെ കാണാൻ വേണ്ടി മാത്രം വന്നതാണോ..?
‘അല്ല. ഞാൻ ദേവരാജനെ ഒന്ന് കാണാൻ ഇറങ്ങിയതാ. അപ്പോൾ നിന്നെ ഒന്ന് കണ്ടിട്ട് പോകാമെന്നു കൂടി കരുതി..’
ദേവരാജൻ അച്ഛന്റെ ബന്ധുവും സുഹൃത്തും പങ്കാളിയും ഒക്കെയാണ്. ഞങ്ങളോട് യാത്ര പറയുന്ന പോലെ അച്ഛൻ പോകാൻ തുനിഞ്ഞപ്പോൾ അത്രയും നേരം മിണ്ടാതെ നിന്ന ഇഷാനി അച്ഛന്റെ അടുത്തേക്ക് ചെന്നു
‘അച്ഛന് ധൃതി ഇല്ലെങ്കിൽ ഞാൻ പെട്ടന്ന് പായസം ഉണ്ടാക്കാം. അത് കുടിച്ചിട്ട് പോകാം..’
‘അതൊന്നും സാരമില്ല. വെള്ളം കുടിച്ചല്ലോ ഇപ്പോൾ..’
‘ഇത് സ്പെഷ്യൽ പായസം ആണ്. അച്ഛന് ധൃതി ഇല്ലല്ലോ.. ഞാൻ ദേ ഇപ്പോൾ ഉണ്ടാക്കാം…’
ഇഷാനി അച്ഛന്റെ സമ്മതത്തിന് കാത്തു നിൽക്കാതെ സാധനങ്ങളുമായി അടുക്കളയിലേക്ക് പോയി. അവളോട് വേണ്ടെന്ന് പറയാൻ സമയം കിട്ടാഞ്ഞത് കൊണ്ട് അച്ഛന് പോകാൻ കഴിഞ്ഞില്ല. കസേരയിൽ ഒരു ക്ഷീണത്തോടെ അച്ഛൻ മെല്ലെ ഇരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു
‘കാലിന് ഇപ്പോൾ വേദന കുറവുണ്ടോ..?
‘കുഴപ്പമില്ല. കുറച്ചു നേരം നടക്കുമ്പോൾ വേദന ഉണ്ട്..’
അച്ഛൻ മെല്ലെ പറഞ്ഞു. എന്റെ കുട്ടിക്കാലത്തു ഞാൻ കണ്ട അതികായനായ മനുഷ്യൻ അല്ല ഇപ്പോൾ എന്റെ മുന്നിൽ ഇരിക്കുന്നത് എന്ന് എനിക്ക് ബോധ്യം ഉണ്ട്.
‘ആ കുട്ടിക്ക് ആക്‌സിഡന്റ് ഉണ്ടായി എന്ന് പറഞ്ഞത് നേരാണോ..? അതോ എന്റെ മുന്നിൽ വെറുതെ ഒരു കള്ളം പറഞ്ഞതോ..?
അൽപനേരത്തെ മൗനത്തിനു ശേഷം അച്ഛൻ ചോദിച്ചു
‘അല്ല. സത്യം ആണ്. ആക്‌സിഡന്റ് എന്ന് പറയുമ്പോ അത്ര വലിയത് ഒന്നും അല്ലായിരുന്നു. എന്നാലും അവൾ അവിടെ ഒറ്റയ്ക്ക് നിൽക്കുമ്പോ ബുദ്ധിമുട്ട് ആണെന്ന് ഓർത്ത് ഞാൻ ഇങ്ങോട്ട് കുറച്ചു ദിവസം വന്നു നിൽക്കാൻ പറഞ്ഞതാണ്..’
‘ആ കുട്ടിക്ക് നിന്നെ ഇഷ്ടം ആണോ..?
അച്ഛൻ ഒരു തമാശ പോലെ ചോദിച്ചു
‘ശെടാ അച്ഛന് എന്നെ വിശ്വാസം ഇല്ലേ..? ഞാൻ എന്തിന് കള്ളം പറയണം.. ഞങ്ങൾ വെറും ഫ്രണ്ട്സ് ആണ്..’
‘നിനക്ക് ആ കുട്ടിയോട് ഒന്നുമില്ല…?