‘എല്ലാം വാങ്ങിയോ..? കഴിക്കാൻ എന്താ വാങ്ങിയേ.. മാഗിയോ..? മാഗി ആണോ പൊട്ടാ ഞാൻ വാങ്ങിച്ചോണ്ട് വരാൻ പറഞ്ഞത്.. എന്തെലും ബേക്കറി ഐറ്റം അല്ലായിരുന്നോ..?
ഇഷാനി അവനോട് സ്വകാര്യമായി ആയി പറഞ്ഞതെങ്കിലും ഹോളിൽ ഉള്ള ആൾക്കും അത് കേൾക്കാവുന്നതേ ഉള്ളായിരുന്നു. അയാളെ കണ്ടപ്പോൾ അർജുന്റെ മുഖം കുറച്ചു ടെൻഷൻ ആകുന്നത് ഇഷാനി കണ്ടു. താൻ പറഞ്ഞത് ഒന്നും അവൻ ശ്രദ്ധിച്ചിട്ടില്ല. അകത്തിരിക്കുന്ന ആളുടെ വരവാണ് അവന്റെ മുഖഭാവം മാറാൻ കാരണം. അതപ്പോ ഹൌസ് ഓണർ അല്ലേ..? പിന്നെ എന്തിനാണ് അയാൾ ഇവിടെ കയറി അധികാരത്തിൽ ഇരുന്നത്.. അർജുനെ കണ്ടു കസേരയിൽ നിന്നും എഴുന്നേറ്റു.. ആരാണിയാൾ…? ഇഷാനിക്കും പെട്ടന്ന് ടെൻഷൻ കയറാൻ തുടങ്ങി
‘അച്ഛനെപ്പോൾ വന്നു..?
അർജുൻ ശബ്ദം താഴ്ത്തി ചോദിച്ചു
അച്ഛൻ… എന്റെ ദൈവമേ അർജുന്റെ അച്ഛൻ.. അവന്റെ അച്ഛൻ ആയിരുന്നോ ഇത്. എന്നിട്ടാണോ താൻ ഒരു ഹൌസ് ഓണറോട് എന്ന പോലെ അദ്ദേഹത്തോട് പെരുമാറിയത്. തന്നെക്കുറിച്ച് എന്ത് ഇമ്പ്രെഷൻ ആയിരിക്കും ഇപ്പോൾ പുള്ളിക്ക് ഉണ്ടായിരിക്കുക.. ശോ.. ഇഷാനിയുടെ കിളി മൊത്തത്തിൽ പോയി. കയ്യിലിരുന്ന കടയിൽ നിന്ന് വാങ്ങി കൊണ്ട് വന്ന കവറും പെട്ടന്ന് താഴെ പോയി
ഒരു ചളിപ്പോടെ അവൾ കവർ എടുത്തിട്ട് അർജുന്റെ തോളിന്റെ മറവിൽ ജാള്യതയോടെ നിന്നു. അർജുന്റെ അച്ഛൻ ആയിരുന്നു ഇതെന്ന് അറിഞ്ഞിരുന്നു എങ്കിൽ കുറച്ചു കൂടി ബഹുമാനത്തോടെ ഒക്കെ സംസാരിക്കാമായിരുന്നു. താൻ മോശം ആയി ഒന്നും പറഞ്ഞില്ല. പക്ഷെ എന്തോ ഒരു അബദ്ധം കാണിച്ചത് പോലെ ഇഷാനിക്ക് തോന്നി
‘ഞാൻ വന്നിട്ട് ഒരു പത്തു മിനിറ്റ് ആയി..’
അർജുന്റെ അച്ഛൻ പറഞ്ഞു. ഇഷാനി മെല്ലെ അർജുന്റെ പിന്നിൽ നിന്നും കുറച്ചു നീങ്ങി രഘുനാഥിന് കാണുന്ന രീതിയിൽ നിന്നു.
‘എന്ത് പറ്റി…? എന്തെങ്കിലും അത്യാവശ്യം..? ഒന്ന് വിളിക്കാതെ പെട്ടന്ന്…?
അർജുൻ ഒരു വല്ലായ്മയോടെ ചോദിച്ചു
‘ക്രിസ്തുമസ് ആയിട്ട് രണ്ട് ദിവസം നീ വീട്ടിൽ വന്നു നിൽക്കുമെന്ന് കരുതി. അതുണ്ടായില്ല. ഓഫിസിലോട്ടും ചെല്ലാറില്ല എന്ന് പറഞ്ഞു. നീ അത്ര ബിസി ആണേൽ നിന്നെ ഒന്ന് ഇവിടെ വരെ കണ്ടിട്ട് പോകാമെന്നു കരുതിയാണ് ഇങ്ങോട്ട് വന്നത്. ഞാൻ വന്നത് നിങ്ങൾക്ക് ബുദ്ധിമുട്ട് ആയോ..?
രഘുനാഥ് കണ്ണാടിക്ക് മുകളിലൂടെ കണ്ണുകൾ അവർക്ക് നേരെ പായിച്ചു കൊണ്ട് ചോദിച്ചു
‘ഞങ്ങൾക്ക് ബുദ്ധിമുട്ട് എന്ത്.. ഇവൾ.. ഞങ്ങൾ ഫ്രണ്ട്സ് ആണ്.. ഇവൾക്ക് ചെറിയൊരു ആക്‌സിഡന്റ് പറ്റിയപ്പോൾ ഇങ്ങോട്ട് കുറച്ചു ദിവസത്തേക്ക് ഷിഫ്റ്റ് ആയതാണ്. അല്ലാതെ ഞങ്ങൾ ഒരുമിച്ചല്ല… ‘