‘ഊ…. എന്ത് കടിയാടി…?
അവളെ കടിക്കുന്നതിൽ നിന്നും അടർത്തി മാറ്റി ഞാൻ ചോദിച്ചു
‘മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ ഇനിയും കിട്ടും..’
അവൾ വിജയഭാവത്തിൽ പറഞ്ഞു..
ഇഷാനി ശരിക്കും പഴയ ചുറുചുറക്കിലേക്ക് തിരിച്ചു വന്നു. കൈ രണ്ടും ഇപ്പോൾ അവൾക്ക് നന്നായി അനക്കാം. കാലിന് ചെറിയ വേദനയെ ഉള്ളു. നടക്കുമ്പോ ചെറിയൊരു നോവ്. ഇപ്പോൾ ശരിക്കും അർജുന്റെ സഹായം ഇല്ലാതെ അവൾക്ക് നടക്കാം. കാൽ അനങ്ങുമ്പോ ഒരു നോവ് ഉണ്ടെന്നേ ഉള്ളു. ഇരുന്നു ബോർ അടിക്കുമ്പോ അവൾ തനിയെ പതിയെ എണീറ്റ് നടക്കാൻ ഒക്കെ തുടങ്ങി. കാൽ വേദനിക്കാതെ ഇരിക്കാൻ ഒരു കാലിന് ബലം കൊടുത്തു വയ്യാത്ത കാൽ മെല്ലെ കുത്തി ആണ് അവൾ നടന്നത്. ഒരു തരം ഞൊണ്ടി നടത്തം. അങ്ങനെ ഒരു നടത്തതിന് ഇടയിൽ ആണ് ഇഷാനിക്ക് മുട്ടിനു കീഴെ അതിയായ വേദന ഉണ്ടായത്. എന്തോ ഉരുണ്ട് കയറി കാലിനുള്ളിലേക്ക് വരുന്നത് പോലെ അവൾക്ക് തോന്നി. നിൽക്കാൻ വയ്യാതെ അവൾ അർജുനെ ഉറക്കെ വിളിച്ചു കൊണ്ട് നിലത്തിരുന്നു..
‘എന്ത് പറ്റി…?
അവളുടെ ശബ്ദം കേട്ട് ഓടി കയറിയ അർജുൻ കാണുന്നത് വേദനയിൽ കണ്ണ് നിറഞ്ഞു നിലത്തിരിക്കുന്ന ഇഷാനിയെ ആണ്. അവൻ അവളെ കോരിയെടുത്തു സോഫയിൽ ഇരുത്തി.
‘കാല് താങ്ങിയോ..?
അർജുൻ വയ്യാത്ത കാൽ പൊക്കി വച്ചു ചോദിച്ചു..
‘അയ്യോ.. കാൽ അനക്കല്ലേ.. ആ കാൽ അല്ല. മറ്റേ കാലിൽ ഭയങ്കര വേദന.. എന്തോ ഉരുണ്ട് കേറുന്ന പോലെ…’
അവൾ വേദന സഹിക്കാൻ വയ്യാതെ പറഞ്ഞു
ഞാൻ അവളുടെ മുറിവ് ഇല്ലാത്ത കാൽ നോക്കി. മസിൽ കയറിയത് ആകണം
‘മസിൽ കയറിയത് ആണോ..?
ഞാൻ ചോദിച്ചു
‘എനിക്കറിയില്ല.. എന്ത് വേദന ആ.. എനിക്ക് വയ്യ…’
‘നീ കാറാതെ.. ഞാൻ റെഡി ആക്കാം..’
ഞാൻ അവളുടെ കാൽ മസിൽ കയറിയ ഭാഗത്തു മെല്ലെ കൈ വച്ചു മസാജ് ചെയ്യാൻ തുടങ്ങി. ഫുട്ബോൾ കളിക്ക് പ്രാക്ടീസ് സമയത്തു ഒക്കെ പലർക്കും മസിൽ കയറി ഇതൊക്കെ എനിക്ക് ശീലമുണ്ട്.. ഞാൻ മസാജ് ചെയ്തു തുടങ്ങിയപ്പോ അവളുടെ വേദന കുറഞ്ഞു എന്ന് തോന്നി. അവൾ ആശ്വാസത്തോടെ എന്നെ നോക്കി
‘ഞാൻ പറഞ്ഞില്ലേ.. മസിൽ കയറിയതാ..’
‘എനിക്ക് അപ്പോൾ മസിൽ ഉണ്ടോ..? നീയല്ലേ പറഞ്ഞേ എനിക്ക് മസിൽ ഇല്ലെന്ന്..’
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു
‘ഹോ സമ്മതിച്ചു.. നിനക്ക് ഭയങ്കര മസിൽ ആണ്..’
‘എടാ എന്നാലും ഇതെന്താ എനിക്ക് എപ്പോളും കാലിന് തന്നെ പണി കിട്ടുന്നെ..?ഇത്രയും നാൾ എനിക്ക് മസിലൊന്നും കയറിയിട്ടിയില്ല..’
‘നീ ഒത്തി ഒത്തി നടക്കല്ലേ എന്ന് ഞാൻ കുറെ വട്ടം പറഞ്ഞതല്ലേ.. ഒരു കാലിൽ മാത്രം കുറെ നേരം ബലം കൊടുത്ത കൊണ്ടാവും മസിൽ കയറിയെ.. ഇപ്പോൾ നീ എന്ന എടുക്കാൻ പോവായിരുന്നു അങ്ങോട്ട്..?