റോക്കി 5 [സാത്യകി]

Posted by

 

അത് കൊണ്ട് തന്നെ തല്ക്കാലം അവളെ ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോകാമെന്നു കരുതി. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് വീൽ ചെയറിൽ എൻട്രൻസ് വരെ എത്തിച്ചു. വിളിച്ചു വന്ന ടാക്സിയിൽ മെല്ലെ അവളെ എടുത്തു ഇരുത്തി. രാഹുൽ ബൈക്കിൽ ഞങ്ങളുടെ മുന്നേ വീട്ടിലേക്ക് വിട്ടു. കാറിൽ കയറിയപ്പോൾ തന്നെ അവൾ ഉറക്കം പിടിച്ചിരുന്നു. എന്റെ തോളിൽ ചാഞ്ഞു കിടന്നു അവൾ ഉറങ്ങി. വീട്ടിൽ എത്തിയപ്പോൾ തട്ടി വിളിച്ചെങ്കിലും അവൾ ഉണരാൻ എന്തോ വിസമ്മതം ഉള്ളത് പോലെ പെരുമാറി. ഞാൻ മെല്ലെ അവളെ എന്റെ കൈകളിൽ താങ്ങി എടുത്തു അകത്തേക്ക് കൊണ്ട് പോയി കട്ടിലിൽ കിടത്തി. വീണ്ടും അവളെ ഒന്ന് ഉണർത്താൻ നോക്കിയെങ്കിലും മൂപ്പത്തി നല്ല ഉറക്കം പിടിച്ചത് കണ്ടപ്പോൾ ഉറങ്ങിക്കോട്ടെ എന്ന് തോന്നി..

 

രാത്രി ഞാൻ ശരിക്കും ഉറങ്ങിയില്ല. ഒരു കസേര എടുത്തു അവൾ കിടക്കുന്നതിനു അരികിൽ വന്നിരുന്നു.. ഏറെ സമയവും അവളെ നോക്കി ഇരിക്കുകയായിരുന്നു. അങ്ങനെ ചെയ്തിട്ട് പ്രത്യേകിച്ച് കാര്യം ഒന്നുമില്ലായിരുന്നു. അവൾക്ക് കാര്യമായ പരിക്ക് ഒന്നുമില്ല. ഉടനെ ഒന്നും എഴുന്നേൽക്കാൻ പോകുന്നുമില്ല. പിന്നെ സിനിമയിൽ ഒക്കെ കാണിക്കുന്നത് കണ്ടുള്ള ഒരോർമ്മയിൽ ഞാൻ അങ്ങനെ ഇരുന്നു. അഥവാ അവൾ രാത്രി എഴുന്നേറ്റാൽ സ്‌ഥലം മനസിലാകാതെ കൺഫ്യൂഷൻ ആകരുതല്ലോ…

 

രാവിലെ അവൾ മെല്ലെ കണ്ണ് തുറന്നു വരുന്നത് നോക്കി ഞാൻ കുറെ നേരം അവളുടെ അടുത്തിരുന്നു. പക്ഷെ തട്ടി വിളിച്ചിട്ടും അവൾ എഴുന്നേറ്റില്ല. കുറച്ചു കൂടി ശക്തിയിൽ വിളിച്ചാലോ എന്ന് ഞാൻ ചിന്തിച്ചു. വേണ്ട… നല്ല ക്ഷീണവും വേദനയും ഒക്കെ കാണും.. അത് ഉറങ്ങി എങ്കിലും കുറച്ചു മാറട്ടെ.. ഞാൻ പിന്നെ അവളെ ശല്യപ്പെടുത്താൻ പോയില്ല

 

ഇഷാനി താൻ എവിടെ ആണെന്നോ ആരുടെ അടുത്താണെന്നോ ഒന്നും ഓർക്കാതെ ഉറക്കത്തിൽ ആണ്ടു കിടക്കുകയായിരുന്നു. സ്വപ്നം ഏതും അറിയാത്ത നല്ല കട്ടക്കറുപ്പ് ഉറക്കം. കയ്യിലെ വേദനയും കാലിലെ നീറ്റലും ഇടയ്ക്ക് അറിയാം. അത് മറക്കാൻ വീണ്ടും കണ്ണ് പൂട്ടി പിടിച്ചു ഇഷാനി ഉറങ്ങി.. ഉറക്കത്തിനു ക്ഷീണം വരുന്നത് വരെ അവൾ ഉറങ്ങി.. ഒടുവിൽ കണ്ണടച്ചു കിടക്കുമ്പോളും ബോധം പതിയെ അവളിൽ തിരിച്ചു വന്നു. കണ്ണ് തുറക്കാതെ തന്നെ അവൾക്ക് പുറത്തുള്ള ശബ്ദം കേൾക്കാം.. കുറച്ചു നേരം ഏതോ കിളികളുടെ ശബ്ദം അവൾ കേട്ടു.. പിന്നെ ആരോ നടന്നു അവളുടെ അടുത്ത് വരുന്നതും നെറ്റിയിൽ മെല്ലെ തൊടുന്നതും അവൾ അറിഞ്ഞു. അതാരാണെന്ന് നോക്കാൻ ക്ഷീണം അവളെ അനുവദിച്ചില്ല. പാതി മയക്കത്തിൽ ബാക്കി പാതി കൂടി നടിച്ചു അവൾ കണ്ണടച്ചു കിടന്നു.. ആരുടെയോ ഫോൺ ഇടയ്ക്ക് പലതവണ ശബ്‌ദിക്കുന്നത് ഇഷാനി അറിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *