റോക്കി 5 [സാത്യകി]

Posted by

 

സമയം ഒരുപാട് കടന്നു പോയി. വെയിൽ മാറിയും മറിഞ്ഞും വന്നു. ഞാൻ അവിടെ തന്നെ ഇരുന്നു. ഇടയ്ക്ക് കൃഷ്ണ രണ്ട് തവണ വിളിച്ചിരുന്നു. ഞാൻ അതും എടുക്കാൻ പോയില്ല.. അതേ ഇരുപ്പ് വൈകുന്നേരം വരെ ഞാൻ അങ്ങനെ ഇരുന്നു.. അത്രയും നേരം ഞാൻ എന്താണ് ചിന്തിച്ചത് എന്ന് പോലും എനിക്കിപ്പോ ഓർമ ഇല്ല. ഞാൻ അകത്തേക്ക് കയറി. വല്ലാത്ത വീർപ്പുമുട്ടൽ എനിക്ക് അവിടെ അനുഭവപ്പെട്ടു. മുറിയിൽ കയറിയപ്പോൾ അവളുടെ കുറച്ചു സാധനങ്ങൾ കൂടി അവിടെ ഇരിപ്പുണ്ടായിരുന്നു. അത് അവൾക്ക് കൊണ്ട് കൊടുത്താലോ എന്ന് ഞാൻ ആലോചിച്ചു..

 

സന്ധ്യ ആകാറായിരുന്നു ഞാൻ അവളുടെ വീട്ടിൽ എത്തിയപ്പോൾ. അവളുടെ ഓണർ അമ്മ വെളിയിൽ ഉണ്ടായിരുന്നു. ആക്‌സിഡന്റ് പറ്റി കഴിഞ്ഞു ഞാൻ അവളെ നോക്കിയത് കൊണ്ട് അവർക്ക് എന്നോട് ഒരിഷ്ടവും വിശ്വാസവും ഒക്കെ തോന്നിയിരുന്നു.. അത് കൊണ്ട് എനിക്ക് അവരുടെ മുഖം കറുപ്പിക്കാതെ അവളുടെ മുകളിലെ നിലയിലേക്ക് കയറി ചെല്ലാൻ കഴിഞ്ഞു. ഡോറിൽ തട്ടി കുറച്ചു കഴിഞ്ഞാണ് അവൾ ഡോർ തുറന്നത്..

 

എന്നെ കണ്ടതും എന്തെന്ന ഭാവത്തിൽ അവൾ നോക്കി. ഞാൻ കയ്യിൽ ഉണ്ടായിരുന്ന ബാഗ് അവൾക്ക് നേരെ നീട്ടി. അവളുടെ സാധനങ്ങൾ തന്നെ ആയിരുന്നു അതിൽ. സിപ് തുറന്നപ്പോൾ അവൾ കണ്ടത് അവളുടെ അച്ഛന്റെയും അവളുടെയും ഫോട്ടോ ആണ്. നേരത്തെ പിറന്നാൾ സമ്മാനം ആയി ഞാൻ കൊടുത്തത് ആണ്.. അതെടുക്കാൻ അവൾ വിട്ടു പോയിരുന്നു.. സാധനങ്ങൾ കൈമാറിയ ശേഷം അവൾ എന്നെ നോക്കാതെ കതക് അടയ്ക്കാൻ നോക്കി.. എനിക്ക് പക്ഷെ കുറച്ചു കൂടി പറയാൻ ഉണ്ടായിരുന്നു

 

‘ഇഷാനി… ഞാൻ സോറി പറയാൻ അല്ല ഇവിടെ വരെ വന്നത്.. അത് ഞാൻ അർഹിക്കുന്നില്ല. ബട്ട്‌ നീ ഇത് മനസ്സിൽ വച്ചു ഇനി കോളേജിൽ വരാണ്ടൊന്നും ഇരിക്കരുത്. ഇനി നിനക്ക് ഞാൻ അവിടെ ബുദ്ധിമുട്ട് ആണേൽ ഞാൻ അവിടേക്ക് വരില്ല..’

 

അത്രയുമേ എനിക്ക് പറയാൻ സമയം കിട്ടിയുള്ളൂ.. അവൾ കതകടച്ചു കഴിഞ്ഞിരുന്നു. പറയാൻ ശ്രമിച്ച മുഴുവനും പറയാനും പറ്റിയില്ല. ഞാൻ പിന്നെ അവിടെ നിന്നില്ല. തിരിച്ചു പോന്നു.. എന്നാൽ വീട്ടിലേക്ക് ആയിരുന്നില്ല.. ബാറിലേക്ക്.. വീട്ടിൽ ആണേൽ ഇഷാനി എടുത്തു കളഞ്ഞത് കൊണ്ട് ഡ്രിങ്ക്സ് ഒന്നും ഇല്ലായിരുന്നു. അത് കൊണ്ട് ബാറിൽ തന്നെ ഇരുന്ന് കഴിക്കാൻ ഞാൻ തീരുമാനിച്ചു..

 

വിചാരിച്ചതിലും കൂടുതൽ ഞാൻ കഴിച്ചു. മുന്നിൽ ഉള്ളതൊക്കെ എനിക്ക് മുന്നിൽ ചുളുങ്ങുന്നത് പോലെ എനിക്ക് തോന്നി. തിരിച്ചു പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ആകെ ഒരു മൂടൽ. ഞാൻ ഫോൺ എടുത്തു രാഹുലിനെ വിളിച്ചു. ബാർ വരെ വരാൻ മാത്രം പറഞ്ഞു. എന്നിട്ട് ഒന്ന് കൂടി അകത്താക്കിയപ്പോൾ ഒരാൾ എനിക്ക് എതിരുള്ള കസേരയിൽ പരിചയത്തോടെ വന്നിരിന്നു

Leave a Reply

Your email address will not be published. Required fields are marked *