‘ഇത് പൈസയുടെ ഇടപാട് മാത്രം ആയി എനിക്ക് തോന്നുന്നില്ല. ഇത് വേറെന്തോ ആണ്.. ‘
അത് എന്താണെങ്കിലും കണ്ടു പിടിക്കുമെന്ന ദൃഡനിശ്ചയത്തിൽ ഫൈസി പറഞ്ഞു
‘നിനക്ക് അത് സജീവ് ചേട്ടനോട് പറയാൻ മേലെ..?
ഞാൻ മാനേജറേ ഉദ്ദേശിച്ചു ചോദിച്ചു
‘ എല്ലാരും കണക്കാ..’
ഫൈസി എന്തോ മനസിൽ വച്ചു പറഞ്ഞു
‘പുള്ളി ഇവിടെ പത്തു പതിനഞ്ചു വർഷം ആയി ഉള്ള ആളാണ്. അത്ര കുഴപ്പക്കാരൻ ആയിട്ടൊന്നും ഞങ്ങൾക്ക് തോന്നിയിട്ടില്ല. ഇനി നീ ഈ പറയുന്ന രീതിയിൽ എന്തെങ്കിലും പ്രശ്നം കാണുവാണേൽ വേറെ ആരോടും പറയണ്ട, നേരിട്ട് എന്നോട് തന്നെ പറ…’
അവൻ അത്രയും ആകുലപ്പെടുമ്പോ അത് അംഗീകരിച്ചു കൊടുത്തില്ലെങ്കിൽ ശരിയാവില്ലല്ലോ.. ഇഷാനിയോട് പെട്ടന്ന് തിരിച്ചു ചെല്ലാമെന്ന് പറഞ്ഞത് കൊണ്ട് ഞാൻ അവനോട് യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി
‘മുഖത്ത് ഒരു വല്ലാത്ത തെളിച്ചം ഉണ്ടല്ലോ..? എന്താ കാര്യം..?
എന്റെ മുഖത്തെ പ്രസരിപ്പ് അവൻ കണ്ട് പിടിച്ചു. വെറുതെ ഒരു കള്ളം വേസ്റ്റ് ആക്കണ്ടല്ലോ എന്ന് കരുതി ഞാൻ സത്യം പറഞ്ഞു. ഇഷാനി ആയി ഞാൻ സെറ്റ് ആയി എന്നറിഞ്ഞപ്പോ അവൻ ശരിക്കും അത്ഭുതപ്പെട്ടു..
‘യാ മോനെ.. പൊളി.. അപ്പോൾ അതാണല്ലേ നീ വിളിച്ചിട്ട് വരാൻ മേല, ബിസി ആണെന്നൊക്കെ വച്ചു കാച്ചിയത്..’
അവൻ എന്നെ കളിയാക്കി..
കമ്പനിയിൽ നിന്ന് ഇറങ്ങിയ കൂട്ടത്തിൽ ഞാൻ വീട് വരെ ഒന്ന് കയറി അച്ഛനെ കണ്ടു. അവധി കിട്ടുമ്പോ ഇടയ്ക്ക് അവിടെ പോയി മുഖം കാണിക്കുന്ന പതിവ് ഉള്ളതാണ്, അത് തെറ്റിക്കണ്ട എന്ന് കരുതി. തിരിച്ചു വീട്ടിൽ വന്നപ്പോൾ അവൾ എന്നെ നോക്കി വാതിൽക്കൽ തന്നെ ഇരിപ്പുണ്ടായിരുന്നു.. അവളുടെ കാത്തിരിപ്പ് കണ്ടാൽ ഞാൻ പോയിട്ട് ഒരു വർഷം ആയത് പോലെയാണ്..
‘എന്തിനാ ഫൈസി ചേട്ടൻ വിളിച്ചേ..?
അവൾ പോയ കാര്യത്തെ പറ്റി ചോദിച്ചു
‘കമ്പനിയിൽ എന്തോ പ്രശ്നം ഉണ്ടെന്നോ മറ്റോ..? അവന് തന്നെ അറിയില്ല കറക്റ്റ് സംഭവം..’
‘നീ എന്നിട്ട് അത് അന്വേഷിച്ചോ..?
അവൾ ചോദിച്ചു
‘ഓ.. എനിക്കീ കമ്പിനിയിലെ കാര്യങ്ങൾ ഒന്നും തന്നെ പിടിക്കില്ല..’
ഞാൻ പറഞ്ഞു
‘അങ്ങനെ പറയാമോ..? നിന്റെ സ്വന്തം കമ്പിനി അല്ലേ..?
‘പറഞ്ഞു വരുമ്പോൾ ആണ്.. പക്ഷെ എനിക്ക് അങ്ങനെ തോന്നിയിട്ടില്ല..’
‘ അങ്ങനെ തോന്നണം..’
ഇഷാനി എന്നെ ഉപദേശിച്ചു
‘കമ്പിനി ലാഭത്തിൽ ആയാലും നഷ്ടത്തിൽ ആയാലും എന്നേ അത് ബാധിക്കില്ല.. ഞാൻ അങ്ങനെ ആയി പോയി..’
‘അതെന്താ ഇത്ര വിരോധം..? നിനക്ക് നിന്റെ അച്ഛന്റെ കമ്പിനിയോട് ഒട്ടും കമ്മിറ്റ്മെന്റ് ഇല്ലേ..?