റോക്കി 5 [സാത്യകി]

Posted by

 

അവളെയും എടുത്തു കൊണ്ട് പടികൾ നിസാരമായി കയറി അർജുൻ ടെറസിൽ ഇട്ടിരുന്ന കസേരയിൽ അവളെ ഇരുത്തി. അതിന് അടുത്തായി ഒരു മെത്തയും കിടപ്പുണ്ടായിരുന്നു. മെത്തയിൽ ഒരു സ്പീക്കറും. ഇഷാനിയെ കസേരയിൽ ഇരുത്തി അർജുൻ മെത്തയിൽ ഇരുന്നു.

അപ്പോളാണ് ഒരു കാര്യം അർജുൻ ശ്രദ്ധിച്ചത്. അവളുടെ കയ്യിൽ സ്‌ഥിരം ഉള്ള രുദ്രാക്ഷത്തിന്റെ കൂടെ താൻ ടൂറിനു വാങ്ങിയ ഓർണമെന്റുമുണ്ട്. ക്രിസ്തുമസ് ഫ്രണ്ട് ഗിഫ്റ്റ് ആയി അജയ് അവൾക്ക് കൊടുത്തതാണ് അത്. അത് അവളുടെ കയ്യിൽ ഉണ്ടെന്നത് ഇന്നലെ ഒന്നും ശ്രദ്ധിച്ചില്ല.. എന്തായാലും ഞാൻ വാങ്ങിയത് അവൾ ഇട്ടപ്പോൾ എനിക്കെന്തോ ഒരു സന്തോഷം തോന്നി…

 

‘ഞാൻ മിക്കപ്പോഴും ഇവിടെ വന്നു ഇരിക്കും. ഇവിടെ ഇരുന്നു പഠിക്കാൻ ഒക്കെ നല്ല മൂഡാണ്..’

ഇഷാനിക്ക് ഇവിടെ വന്നിരുന്നു പഠിക്കാം എന്നാണ് അർജുൻ പറയാൻ ശ്രമിച്ചത്. അവൾ പക്ഷെ അത്‍ ശ്രദ്ധിച്ചില്ല. ടെറസിൽ വന്നിരുന്നപ്പോൾ ആണ് അവിടുത്തെ ഭൂമിശാസ്ത്രം അവൾക്ക് ഏകദേശം പിടികിട്ടിയത്. ടൗണിന് അടുത്തണേലും അതിന്റെ ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഒരു സ്‌ഥലം. അടുത്ത് വീടുകൾ ഒക്കെ കുറവാണ്. വീടിന് മുൻ വശത്തു റോഡാണ്. പക്ഷേ തന്റെ വീട്ടിലെ പോലെ ബസൊന്നും പോകുന്ന വലിയ വഴിയല്ല. കാറും ബൈക്കും ഒക്കെ വല്ലപ്പോഴും പോകുന്ന ഏറെക്കുറെ വിജനമായ റോഡ്.

വീടിന് പിന്നിൽ ഒരു വയലാണ്. ഭൂരിഭാഗവും കൃഷി ഇല്ലാതെ കാട് കയറി കിടക്കുകയാണ്. മഴക്കാലത്തു ഇതിൽ വെള്ളം നിറഞ്ഞു ആറു പോലെ കിടക്കുമായിരിക്കും. ഇഷാനി ചിന്തിച്ചു.. വീടിന് പിന്നിലെ വയലിലേക്ക് നോക്കിയാണ് ഇഷാനി ഇരുന്നത്. അകലേക്ക്‌ നോക്കിയപ്പോ നഗരത്തിന്റെ അറ്റമാണ് വയലിന്റെ അങ്ങേ കരയിൽ എന്ന് അവൾക്ക് തോന്നി. അവിടെ വീടുകൾ അടുപ്പിച്ചു അടുപ്പിച്ചു ഉള്ളത് പോലെ തോന്നി. ഇവിടുന്ന് നോക്കുമ്പോൾ ട്രെയിൻ ബോഗി പോലെ അടുത്തടുത്ത പോലെ. എല്ലാ വീട്ടിലും സ്റ്റാർ തൂങ്ങിയിരുന്നു.. മിക്ക വീട്ടിലും ലൈറ്റ് കൊണ്ട് അലങ്കാരങ്ങൾ ഉണ്ടായിരുന്നു.. ക്രിസ്തുമസ് ആണ് നാളെ….

 

‘നീ ക്രിസ്തുമസ് ആഘോഷം ഒന്നുമില്ലേ..?

ഇഷാനി അങ്ങോട്ട് കയറി ചോദിച്ചു. അർജുൻ അത് പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ആയിരുന്നു. പൊതുവെ അർജുൻ ഇതൊന്നും അത്ര വലിയ രീതിയിൽ ആഘോഷിക്കാറില്ല.. ക്രിസ്തുമസിന് വീട് വരെ പോയി അച്ഛനെ കാണണം എന്നുണ്ടായിരുന്നു. അല്ലാതെ വേറെ പരുപാടി ഒന്നും അർജുൻ പ്ലാൻ ചെയ്തിരുന്നില്ല. ഇഷാനി ഉദ്ദേശിച്ചത് പോലെ അലങ്കാരങ്ങളോ നക്ഷത്രം തൂക്കലോ ഒന്നും..

 

‘ഉണ്ട്.. പക്ഷെ അത്ര ഗ്രാൻഡ് ആയി ഒന്നുമില്ല..’

സ്പീക്കറിൽ പാട്ട് വയ്ക്കുന്നതിന് ഇടയിൽ അർജുൻ വെറുതെ പറഞ്ഞു. നാളെ കേക്ക് എങ്കിലും വാങ്ങണം. അല്ലെങ്കിൽ ഇവൾ കരുതും താൻ എന്തൊരു ബോറൻ ആണെന്ന്. ഇവിടെ വന്നു നിന്നിട്ട് ഇവൾക്ക് ഒരു ബോറൻ ക്രിസ്തുമസ് കൊടുക്കണ്ട. ഈ സമയം ഇരുട്ട് അവിടെ ആകമാനം പരന്നിരുന്നു. അർജുനും ഇഷാനിക്കും പരസ്പരം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും രണ്ട് പേരും എന്തൊക്കെയോ സംസാരിച്ചു.. മുഖം കാണാൻ കഴിയാത്തത് കൊണ്ട് രണ്ട് പേർക്കും തുറന്നു സംസാരിക്കാൻ ഇരുട്ടൊരു അനുഗ്രമഹമായി. ആ സ്വച്ഛന്തമായ ഇരുട്ടിൽ, അവരുടെ കൊച്ചു വർത്തമാനത്തിന് ഇടയിൽ ഇളയരാജയുടെ സംഗീതം ഒഴുകി…

Leave a Reply

Your email address will not be published. Required fields are marked *