‘നാളെ പോവാതെ പറ്റുമോ..? ടിക്കറ്റ് ഒക്കെ ഓക്കേ ആയതല്ലേ.. എല്ലാം ഞാൻ നിന്നോട് പറഞ്ഞതല്ലേ..’
‘നീ പോവണ്ട.. നീ പോകുന്നെ എനിക്ക് ഇഷ്ടം അല്ല…’
കരച്ചിൽ ഒരുവിധം അടക്കി പതിഞ്ഞ സ്വരത്തിൽ ഇഷാനി പറഞ്ഞു..
‘എടി ഞാൻ…’
എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആണ് അവളിൽ നിന്നും കേട്ടത്. ഞാൻ പോകുന്നത് അവൾക്ക് ഇഷ്ടം അല്ലെന്ന്
‘ഞാൻ നാളെ പോവണ്ട എന്നാണോ നീ പറയുന്നെ ..? അതോ…..?
‘ഞാൻ പറഞ്ഞാൽ ഒരിക്കലും പോകാതെ ഇരിക്കുമോ..? നീ പോയാൽ ഞാൻ ഒറ്റയ്ക്ക് ആകും.. ഇപ്പോൾ തന്നെ ഞാൻ ഒറ്റക്കായ പോലെ തോന്നുന്നു..’
എന്റെ ചുമലുകളിൽ മുറുകെ പിടിച്ചു കൊണ്ട് എന്റെ നെഞ്ചിൽ മുഖം ചേർത്ത് അവൾ പറഞ്ഞു
അവളിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച കാര്യം ഒടുവിൽ ഞാൻ കേട്ടു.. പക്ഷെ അത് ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്തു സംഭവിച്ചിരിക്കുന്നു.. ചെയ്ത കുഴപ്പങ്ങൾക്ക് എല്ലാം പരിഹാരം പോലെ ആയിരുന്നു ഈ യാത്ര എനിക്ക്.. എല്ലാം നന്നായി പോകാൻ ഒരു വിട വാങ്ങൽ.. പക്ഷെ ഇപ്പോൾ അതാണ് ഇഷാനി അവൾക്ക് വേണ്ടി മാറ്റി വയ്ക്കാൻ പറയുന്നത്.. ഒരുപക്ഷെ ഞാൻ എന്തിന് ഇവിടെ നിന്നും പോകുന്നു എന്ന് ശരിക്കും ഇവൾ അറിഞ്ഞാൽ എന്നെ ഒരിക്കലും തടയില്ല. വെറുപ്പോടെ എന്റെ യാത്രക്ക് ഏറ്റവും ആഗ്രഹിക്കുന്നത് അപ്പോൾ ഒരുപക്ഷെ ഇവൾ തന്നെ ആകും. വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ ഞാൻ ചെന്നു പെട്ടു.. പക്ഷെ എന്റെ മനസിന് ഒരുപാട് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. എന്റെ നെഞ്ചിൽ കിടന്നു ഇഷാനി കരയുകയാണ്.. അവൾ കരയാതെ ഇരിക്കാൻ എന്ത് വാഗ്ദാനം നൽകാനും ഞാൻ ഒരുക്കം ആയിരുന്നു..
‘ഞാൻ പോവില്ല… പോരേ….’
കൂടുതൽ ഒന്നും ഓർക്കാതെ ഞാൻ അവൾക്ക് വാക്ക് കൊടുത്തു
‘എന്നെ പറ്റിക്കാൻ പറയുവാണോ..?
നെഞ്ചിൽ നിന്നും മുഖം ഉയർത്തി കലങ്ങിയ കണ്ണുകളോടെ അവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചു
‘അല്ല.. ഞാൻ പോണില്ല.. സത്യം..!
അവളുടെ തലയിൽ കൈ വച്ചു ഞാൻ പറഞ്ഞു..
‘ഒരിക്കലും പോവില്ല….?
പഴുതുകൾ എല്ലാം അടച്ചു ഒരു വാഗ്ദാനം ആണ് അവൾക്ക് വേണ്ടത്. അത് കൊണ്ട് അവൾ പിന്നെയും ചോദിച്ചു
‘ഒരിക്കലും പോവില്ല.. സത്യം സത്യം സത്യം… പോരേ.. ഇനി കരച്ചിൽ നിർത്ത്..’
ഞാൻ അവളുടെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു
‘പറ്റുന്നില്ല..’
അവൾ എന്റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു..
‘എന്നെ പെട്ടന്ന് കാണാഞ്ഞപ്പോ ആണോ നിനക്ക് എന്നെ മിസ്സ് ആയെന്ന് തോന്നിയത്..?
ഞാൻ ചോദിച്ചു
‘അല്ല.. എനിക്ക് നിന്നോട് പോകരുത് എന്ന് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ അത് എങ്ങനെ പറയും എന്ന് അറിയില്ലായിരുന്നു.. പിന്നെ പെട്ടന്ന് നിന്നെ കാണാതെ ആയപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു.. ‘