നിലത്തു മുട്ട് കുത്തി പൊട്ടിക്കരഞ്ഞു കൊണ്ട് ഇരുന്നപ്പോൾ ആണ് അടുക്കളവാതിൽ മെല്ലെ തുറക്കുന്ന ശബ്ദം അവൾ കേട്ടത്.. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ മുഖം ഉയർത്തി നോക്കി. അർജുൻ ആണ്. ചെവിയിൽ ഒരു ഹെഡ് സെറ്റ് ഉണ്ട്. വേഷം താനിവിടെ നിന്നും പോയപ്പോ കണ്ട അതേ വേഷം തന്നെ. അവൻ എവിടെയും പോയിട്ടില്ല….? അതോ ഇത് തന്റെ തോന്നൽ ആണോ..? മനസിന്റെ ഒരു വിഭ്രാന്തി മാത്രം ആണോ ഇപ്പോൾ ഈ കാണുന്ന രൂപം..? ഇഷാനി അർജുനെ സൂക്ഷിച്ചു നോക്കി…
‘എന്ത് പറ്റിയെടി…?
അവൻ സംസാരിച്ചു.. അപ്പോൾ ഇത് തോന്നൽ അല്ല. അവൻ ശരിക്കും ഇവിടെ തന്നെ ഉണ്ട്.. ഇഷാനി മെല്ലെ എഴുന്നേറ്റു. അവൾക്ക് എന്ത് പറയണം എന്നറിയില്ല
‘എന്ത് പറ്റി..? എന്തിനാ ഇങ്ങനെ കരയുന്നെ..? ടൗണിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ…? എന്തേലും ഒന്ന് പറയെടി..?
അവളുടെ കണ്ണീർ ഒപ്പാൻ കൈ ഉയർത്തി അർജുൻ ചോദിച്ചു
‘നീ… നീ എവിടെ ആയിരുന്നു..? ഞാൻ വിളിച്ചിട്ട് നീ എന്താ വിളി കേൾക്കാഞ്ഞത്..?
അവന്റെ കൈ തട്ടി മാറ്റി അവൾ ചോദിച്ചു
‘ഞാൻ പുറത്തുണ്ടായിരുന്നെടി… ഞാൻ ആ പേരയുടെ ചുവട്ടിൽ ഇരിപ്പിണ്ടായിരുന്നു.. എന്തേ…?
‘ഞാൻ വിളിച്ചിട്ട് എന്താ നീ വിളി കേൾക്കാഞ്ഞത്..?
അവൾ ദേഷ്യത്തോടെ ചോദിച്ചു
‘ഞാൻ പാട്ട് കേൾക്കുവായിരുന്നു.. നീ വിളിച്ചത് ഒന്നും ഞാൻ കേട്ടില്ല..’
അർജുൻ ഹെഡ്‌സെറ്റ് ചൂണ്ടി അവളോട് പറഞ്ഞു. ഇഷാനിക്ക് അത് വിശ്വാസം വന്നില്ല
‘ഞാൻ നിന്നെ ഫോണിൽ വിളിച്ചിരുന്നു.. കിട്ടിയില്ല.. നീ ഫോൺ മനഃപൂർവം കോൾ ഓഫ് ആക്കി ഇട്ടിരുന്നോ..?
‘ഇല്ലടി.. എന്താ കാര്യം എന്ന് പറ…’
വിളിച്ചിട്ട് കിട്ടാഞ്ഞത് അപ്പോൾ തന്റെ ഫോണിന്റെ കുഴപ്പമായിരുന്നോ..? ഇഷാനിക്ക് അത് പിടികിട്ടിയില്ല
‘നീ കള്ളം പറയണ്ട.. നീ പായ്ക്ക് ചെയ്ത ബാഗ് എവിടെ..? എന്നോട് പറയാതെ പോകാൻ നോക്കിയത് അല്ലേ നീ..?
‘ബാഗ് ഞാൻ എടുത്തു അലമാരയുടെ സൈഡിൽ വച്ചു.. ഞാൻ നാളെ അല്ലേ പോകുന്നെ. അത് നിന്നോട് പറഞ്ഞതുമല്ലേ.. പിന്നെ ഇപ്പോൾ എന്തിനാ പറയാതെ പോകേണ്ട കാര്യം..?
അർജുൻ ചോദിച്ചു
ശരിയാണ്. ബാഗ് അലമാരയുടെ സൈഡിൽ ഉണ്ട്. താൻ കട്ടിലിൽ മാത്രമേ അത് നോക്കിയുള്ളു. പിന്നെ വേറെ എങ്ങും നോക്കിയുമില്ല. അവൻ എങ്ങും പോയിട്ടില്ല, പോകാൻ നോക്കിയിട്ടുമില്ല എന്ന് അറിഞ്ഞിട്ടും ഇഷാനിയുടെ ദേഷ്യം കുറഞ്ഞില്ല..
‘നീ കൂടുതൽ മിടുക്കൻ ആകല്ലേ.. നീ എന്നെ പറ്റിക്കാൻ വേണ്ടിയാണ് ഇതൊക്കെ മനഃപൂർവം ചെയ്തത് എന്നെനിക്ക് അറിയാം..’
കരഞ്ഞു കൊണ്ട് ദേഷ്യപ്പെട്ടു വിരൽ ചൂണ്ടി ഇഷാനി പറഞ്ഞു