റോക്കി 5 [സാത്യകി]

Posted by

 

‘എന്നാൽ ഞാൻ ടൌൺ വരെ ഒന്ന് പോയിട്ട് വരാം.. ‘

അവൾ എഴുന്നേറ്റ്

 

‘ഗിഫ്റ്റ് വാങ്ങാനോ..? അതൊന്നും വേണ്ട..’

ആകെ കുറച്ചു സമയം ഉള്ളത് അവളുടെ കൂടെ ഇരിക്കാം എന്നാണ് ഞാൻ ചിന്തിച്ചത്. അവൾ ടൗണിൽ പോയി താമസിച്ചാൽ അത് കുളമാകും

 

‘എന്റെ ഗിഫ്റ്റ് വേണ്ടേ നിനക്ക്..?

 

‘വേണ്ട. ആകെ കുറച്ചു സമയം ഉള്ളയിടത്തു ഇനി ഗിഫ്റ്റ് വാങ്ങാൻ ഒന്നും പോകണ്ട. ഇവിടെ ഇരി..’

 

‘എന്നാൽ നിന്റെ ഗിഫ്റ്റ് നീ തന്നെ തിരിച്ചു എടുത്തോ..’

അവൾ കാൽ നീട്ടി കൊലുസ് കാണിച്ചു കൊണ്ട് പറഞ്ഞു.

 

‘പിണങ്ങിയോ..? ഞാൻ ഫീൽ ആക്കാൻ പറഞ്ഞതല്ല. അത്രയും നേരം കൂടി നമ്മൾക്ക് ഇവിടെ ഇരിക്കാമല്ലോ എന്നോർത്ത് പറഞ്ഞതാ.. ഇനി ഞാനായിട്ട് തടയുന്നില്ല. പക്ഷെ പെട്ടന്ന് പോയിട്ട് വരണം…’

 

അത് കേട്ടതും ഇഷാനി പെട്ടന്ന് തന്നെ ഡ്രസ്സ്‌ മാറാൻ ഓടി. നിമിഷ നേരം കൊണ്ട് അവൾ ഡ്രസ്സ് മാറി ഒരു വെള്ളയിൽ മഞ്ഞ പൊട്ടുള്ള ചുരിദാർ ധരിച്ചു കൊണ്ട് പുറത്തേക്ക് വന്നു. ഒരു പേഴ്‌സ് കഴുത്തിലൂടെ ചുറ്റി അരയിൽ തൂങ്ങി കിടപ്പുണ്ട്.. ചുരിദാർ ആയത് എന്തായാലും നന്നായി. അവസാനം കാണുമ്പോൾ അവളെ നല്ല സുന്ദരി ആയി തന്നെ കാണാമല്ലോ.. ഞാൻ ഓർത്തു

 

‘ഞാൻ പെട്ടന്ന് വരാമേ…’

അവൾ ചാടി ഇറങ്ങി കൊണ്ട് പറഞ്ഞു

 

‘ദേ ഷാൾ ഇട്ടില്ല..’

ചുരിദാറിന്റെ ഷാൾ ധൃതിയിൽ അവൾ കസേരയിൽ ഇട്ടിരിക്കുകയായിരുന്നു.. അവൾ തിരിച്ചു വരുന്നതിന് പകരം ഞാൻ പുറത്തേക്ക് ചെന്നു ഷാൾ അവൾക്ക് കൊടുത്തു

 

‘താങ്ക്സ്.. ഞാൻ പോയിട്ട് പെട്ടന്ന് വരാം..’

അവൾ ധൃതിയിൽ വഴിയിലേക്ക് ഓടി

 

‘ബൈ…’

ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു

 

ഗിഫ്റ്റ് വാങ്ങാൻ ആയത് കൊണ്ട് കൂടെ വരാമെന്ന് പറഞ്ഞിട്ട് അവൾ കേട്ടില്ല. അല്ലെങ്കിൽ അവളെ ബൈക്കിൽ കൊണ്ട് പോകാമായിരുന്നു.. ഞാൻ കൂടെ ഉണ്ടെങ്കിൽ ഗിഫ്റ്റ് വാങ്ങുന്നതിലെ ത്രില്ല് പോകുമെന്ന് ഇഷാനിക്ക് തോന്നി

 

അപ്പോളും എന്ത് ഗിഫ്റ്റ് ആണ് വാങ്ങേണ്ടത് എന്ന് അവൾക്ക് ഒരു നിശ്ചയം ഇല്ലായിരുന്നു. അർജുൻ എപ്പോളും തന്നെ ഓർക്കുന്ന എന്തെങ്കിലും വേണമെന്ന് അവൾക്ക് തോന്നി. അവനെ എപ്പോളും ഓർമ്മിക്കാൻ അവളുടെ കയ്യിൽ കിടക്കുന്നത് പോലെ എന്തെങ്കിലും…. അപ്പോളാണ് ഇഷാനി വാച്ച് വാങ്ങിയാലോ എന്ന് ആലോചിച്ചത്. അർജുൻ പൊതുവെ അങ്ങനെ വാച്ച് കെട്ടാറില്ല. താൻ കൊടുത്തത് ആയത് കൊണ്ട് പക്ഷെ അത് എപ്പോളും ധരിക്കാൻ സാധ്യത ഉണ്ട്. ഇഷാനി ടൗണിലെ അത്യാവശ്യം നല്ലൊരു വാച്ച് കടയിൽ തന്നെ ചെന്നു. വാച്ച് മതി എന്ന് ഉറപ്പിച്ചെങ്കിലും ഏത് വാങ്ങുമെന്ന പുതിയ കൺഫ്യൂഷൻ ഉടലെടുത്തു. ഒരുപക്ഷെ താൻ കൊടുക്കുന്ന മോഡൽ അവന് ഇഷ്ടം ആയില്ല എങ്കിലോ..? ഇഷാനി വെറുതെ ഓവർ തിങ്ക് ചെയ്യാൻ തുടങ്ങി. ഓരോ വാച്ചും അവൾ എടുത്തു നോക്കി പിന്നീട് തിരികെ വച്ചു. ഒടുവിൽ കടയിൽ നിന്ന പെൺകുട്ടിയോട് ഗിഫ്റ്റ് വാങ്ങുന്നതിന്റെ ഉദ്ദേശം ചെറുതായ് ഒന്ന് പറഞ്ഞപ്പോൾ ആണ് ഇഷാനി ഉദ്ദേശിച്ച തരത്തിൽ ഒന്ന് കിട്ടിയത്. അർജുന് സമ്മാനം ആയി കൊടുക്കാൻ പറ്റിയ ഒരു സ്പെഷ്യൽ ഗിഫ്റ്റ്.. സംഭവം കുറച്ചു ഓവർ ആയി ഒക്കെ ഇഷാനിക്ക് തോന്നിയെങ്കിലും അത് സാരമില്ല എന്ന് അവൾ കരുതി. പെട്ടന്ന് ചെല്ലാമെന്ന് അർജുന് വാക്ക് കൊടുത്തെങ്കിലും ഇഷാനി കുറച്ചധികം സമയം എടുത്തു. വാച്ച് മാത്രം അല്ല അവന് രണ്ട് ഷർട്ട് കൂടി ഇഷാനി വാങ്ങി. പിന്നെയും എന്തൊക്കെയോ വാങ്ങണം എന്ന് അവൾക്ക് തോന്നി. സമയം കൂടുതൽ പോയാൽ അവൻ ദേഷ്യപ്പെടുമെന്ന് ഓർത്തു അവൾ തിരിച്ചു പോന്നു..

Leave a Reply

Your email address will not be published. Required fields are marked *