ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Posted by

എനിക്ക് വാക്കുകളില്ലായിരുന്നു

“നിന്നെ അവള് ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് ട്ടോ… നിന്നെപ്പറ്റി.. നിങ്ങൾ ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള ഒരുപാട് കാര്യങ്ങളൊക്കെ അവളെന്നോട് വാതോരാതെ പറഞ്ഞു…”

അഞ്ജുവിന്റെ ഓർമകൾ എന്റെ മനസ്സിലൂടെ കടന്നുപോയി… അവയെന്നെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന പോലെ ഒരു തോന്നൽ…

“നീ എന്നോട് ദേഷ്യപ്പെടില്ലെങ്കിൽ ഒരു കാര്യം പറയാം…”

രണ്ടുനിമിഷത്തെ മൗനത്തിന് ശേഷം അവൾ എന്നെ നോക്കി.

“നീ എപ്പോഴെങ്കിലും ഓപ്പോസിറ്റ് സൈഡ് ചിന്തിച്ചിട്ടുണ്ടോ..?”

ഞാനവളെ ഉറ്റുനോക്കി…

“ദേവേട്ടൻ അപ്പൂനെ മിസ്സ്‌ ചെയ്യുന്നുണ്ടാവില്ലേ എന്ന്.. ”

പെട്ടന്നെന്നിൽ ദേഷ്യം ഇരച്ചുകയറി…

ദേവൻ!… ഞാൻ മറക്കാൻ ശ്രമിക്കുന്ന അയാളുടെ മുഖവും ഓർമകളും എന്റെ മനസ്സിലേക്ക് വീണ്ടും വന്നു… രക്തയോട്ടം വർധിക്കുന്ന പോലെ… അയാളെ പിച്ചിച്ചീന്താനുള്ള വെറുപ്പിൽ ചെയറിൽ നിന്നും ഞാൻ ചാടിയെണീറ്റു… എന്റെ ചരുട്ടിപിടിച്ച കൈ ദേഷ്യത്തിൽ ചില്ല് മേശയിൽ അമർത്തി….

“ഇതാ ഞാൻ ആദ്യമേ പറഞ്ഞെ.. മൂക്കിന്റെ തുമ്പത്ത് ദേഷ്യവും അനാവശ്യമായ വാശിയും.. നീ അവിടെ ഇരുന്നേ..”

അവൾ സീറ്റിൽനിന്ന് എണീറ്റുവന്നു എന്നെ പിടിച്ചിരുത്തി….

“അയാളുടെ കാര്യം പോട്ടെ.. അഞ്ജുവിനെ നീ മിസ്സ്‌ ചെയ്യുന്നില്ലേ… ആർക്ക് വേണ്ടിയാടി നീ ഇങ്ങനെ വാശി പിടിക്കുന്നെ..”

അഞ്ജുവിനെ നീ മിസ്സ്‌ ചെയ്യുന്നില്ലേ!!…

അവളുടെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ഒരു വിള്ളൽ വീഴ്ത്തി…

ഇല്ല… അവൾ സ്വന്തം ഇഷ്ടത്തിന് പോയതാണ്… അവളെ പറ്റി ഞാൻ എന്തിന് ഓർക്കണം… എന്നെപ്പറ്റി ഒരുനിമുഷം അവളപ്പോൾ ചിന്തിച്ചോ… എന്റെ മനസ്സിനെ ഞാൻ തിരുത്താൻ ശ്രമിച്ചു…

“അവള് കൊച്ചൊന്നും അല്ലല്ലോ.. എന്റെ വാക്ക് ധിക്കരിച്ചു അയാളുടെ കൂടെ അവൾ പോയില്ലേ..”

ഞാൻ അവളെ നോക്കി….

“ഇതാണ് നിന്റെ കുഴപ്പം… നീ ഒരു സൈഡ് മാത്രമേ ചിന്തിക്കുന്നുള്ളു….”

“അഞ്ജു അവളുടെ അച്ഛനെ നോക്കുമ്പോ പ്രതേകിച്ച് ഒരു കുഴപ്പവും തോന്നുന്നുണ്ടാവില്ല… അതിന് അവളെ കുറ്റം പറയാൻ പറ്റുമോ?..”

ഞാൻ തല കുനിച്ചു മേശയിലേക്ക് നോക്കിയിരുന്നു…

“ദേവേട്ടൻ നിന്നോട് കാണിച്ചത് വളരെ മോശം കാര്യമാണ്… അതിനെ ഞാൻ ഒരിക്കലും ന്യായീകരിക്കില്ല… അങ്ങനെ മറ്റൊരാളോട് അടുപ്പം ഉണ്ടെകിൽ അത് ആദ്യം നിന്നോട് സംസാരിക്കുകയായിരുന്നു അയാൾ ചെയ്യേണ്ടിരുന്നത്.”

അവൾ തുടർന്നു.

“പക്ഷെ ഒരു അച്ഛന്റെ പാർട്ട്‌ വളരെ ഭംഗിയായി അയാൾ കൈകാര്യം ചെയ്തിട്ടില്ലേ..?”

ഞാനോർത്തുനോക്കി…. അത്‌ ശെരിയായിരുന്നില്ലേ? ഞാൻ എന്നോട്തന്നെ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *